60,244 ഒഴിവുകൾ, 42 ലക്ഷം ഉദ്യോഗാർത്ഥികൾ; റദ്ദാക്കിയ യുപി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ആഗസ്റ്റിൽ വീണ്ടും നടത്തും
ഫെബ്രുവരി 17, 18 തിയ്യതികളിൽ നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
ലഖ്നൌ: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ യുപി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ആഗസ്റ്റിൽ വീണ്ടും നടത്തും. 60244 ഒഴിവുകളിലേക്കാണ് നിയമനം. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുക ആഗസ്റ്റ് 23, 24, 25, 30, 31 തിയ്യതികളിലാണ്. ഓരോ ഷിഫ്റ്റിലും അഞ്ച് ലക്ഷം പേർ പരീക്ഷയെഴുതും. ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്‍റ് ആൻഡ് പ്രൊമോഷൻ ബോർഡ് (UPPRPB) ആണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 17, 18 തിയ്യതികളിൽ നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത് സംസ്ഥാനത്ത് വലിയ പ്രതിഷേധമുയർത്തിയിരുന്നു. റദ്ദാക്കിയ പരീക്ഷ എഴുതിയത് 42 ലക്ഷം പേരാണ്. 75 ജില്ലകളിലെ 2835 സെന്‍ററുകളിലാണ് പരീക്ഷ നടത്തിയത്. തുടർന്ന് ആറ് മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കും. ഇതിനായി ബസിൽ യാത്ര ചെയ്യുന്ന ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡിന്‍റെ രണ്ട് അധിക കോപ്പികൾ ഡൗൺലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രകളിൽ കോപ്പികൾ കണ്ടക്ടർമാർക്ക് നൽകുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം