മൂത്രമൊഴിക്കാൻ അങ്കണവാടിയുടെ പുറത്തേക്ക് പോയി, പാമ്പുകടിയേറ്റ് 5 വയസുകാരി മരിച്ചു, ദാരുണസംഭവം കർണാടകയിൽ
കർണാടകയിലെ സിർസിയിൽ അങ്കണവാടിയിൽ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം.
ബെംഗളൂരു: കർണാടകയിലെ സിർസിയിൽ അങ്കണവാടിയിൽ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. അഞ്ച് വയസ്സുള്ള മയൂരി സുരേഷ് കുമ്പളപ്പെനവർ ആണ് മരിച്ചത്. മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ പാമ്പുകടിയേൽക്കുകയായിരുന്നു.
അതേ സമയം കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ആന്‍റിവെനം നൽകാതെ ഹുബ്ബള്ളിയിലെ മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്ടർ ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. പ്രാദേശിക ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ഡോ. ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ ആരോപിച്ചു. അതുപോലെ അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്നും നാട്ടുകാർ വ്യക്തമാക്കി.