400ഓളം ഇന്ത്യൻ യാത്രക്കാർ തുർക്കി വിമാനത്താവളത്തിൽ കുടുങ്ങി, ഭക്ഷണവും താമസവുമില്ല; ഇൻഡി​ഗോ തിരിഞ്ഞുനോക്കിയില്ല

ഡിസംബർ 12 ന് രാത്രി 8.10 ന് ഇസ്താംബൂളിൽ നിന്ന് ദില്ലിയിലേക്കുള്ള  പുറപ്പെടേണ്ട  വിമാനം അടുത്ത ദിവസം ഉച്ചയ്ക്ക് 1.30 വരെ വൈകിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

400 more Indigo passengers stranded in Istanbul airport due to flight delay

ദില്ലി: തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ദില്ലിയിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങൾ വൈകുന്നതിനാൽ ഇസ്താംബൂൾ വിമാനത്താവളത്തിൽ നാനൂറോളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇൻഡി​ഗോ വിമാനത്തിലെ യാത്രക്കാരാണ് 
24 മണിക്കൂറിലേറെയായി കുടുങ്ങിയത്. ഇവർക്ക് മതിയായ ഭക്ഷണമോ താമസ സൗകര്യമോ ഒരുക്കി നൽകിയില്ലെന്നും ആരോപണമുണ്ട്. എയർലൈൻ അധികൃതരിൽ നിന്ന് കൃത്യമായ വിവരങ്ങളും പിന്തുണയും ലഭിക്കുന്നില്ലെന്ന് യാത്രക്കാർ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. 

ഡിസംബർ 12 ന് രാത്രി 8.10 ന് ഇസ്താംബൂളിൽ നിന്ന് ദില്ലിയിലേക്കുള്ള  പുറപ്പെടേണ്ട  വിമാനം അടുത്ത ദിവസം ഉച്ചയ്ക്ക് 1.30 വരെ വൈകിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. എന്നാൽ ഇക്കാര്യം ഇൻഡി​ഗോ അധികൃതർ അറിയിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു. വിമാനം മണിക്കൂറുകളോളം വൈകിയപ്പോൾ യാത്രക്കാർക്ക് മതിയായ ഭക്ഷണമോ താമസസൗകര്യമോ ഒരുക്കിയില്ലെന്നും യാത്രക്കാർ പറയുന്നു. ഡിസംബർ 12 ന് രാത്രി 8.15 ന് പുറപ്പെടേണ്ടിയിരുന്ന മുംബൈയിലേക്കുള്ള വിമാനം ആദ്യം രാത്രി 11.00 ലേക്കും പിന്നീട് പിറ്റേദിവസം രാവിലെ 10 മണിയിലേക്കും മാറ്റി. ഇക്കാര്യവും അറിയിച്ചില്ല. 

Read More... തിരുവനന്തപുരത്ത് നിന്ന് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ എയർലൈൻസ്; ആഴ്ചയിൽ 4 സർവീസുകൾ

ഇസ്താംബുൾ വിമാനത്താവളത്തിലെ ലോഞ്ച് 500 ഓളം പേർക്ക് ഇരിക്കാൻ പറ്റാത്തത്ര ചെറുതാണെന്നും യാത്രക്കാർ പരാതിപ്പെട്ടു. ടർക്കിഷ് എയർലൈൻസ് ജീവനക്കാരാണ് കാര്യങ്ങൾ അറിയിക്കുന്നതെന്നും ഇവർ പറഞ്ഞു. ഇൻഡിഗോ ജീവനക്കാരിൽ നിന്ന് തങ്ങൾക്ക് ഒരു സഹായവും ലഭിച്ചില്ലെന്നും ഇവർ പറയുന്നു. സംഭവത്തിൽ ഇൻഡി​ഗോ ക്ഷമ ചോദിക്കുകയും യാത്രക്കാരുമായി ബന്ധപ്പെടാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കാലതാമസത്തിന് കാരണമെന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

Asianet news Live

Latest Videos
Follow Us:
Download App:
  • android
  • ios