ശരീരോഷ്മാവ് 108 ഡിഗ്രി ഫാരൻ ഹീറ്റിലെത്തി, ദില്ലിയിൽ സൂര്യാതപമേറ്റ് 40 കാരൻ മരിച്ചു
ശരീര താപനില 108 ഡിഗ്രി ഫാരൻ ഹീറ്റിലെത്തിയതിന് പിന്നാലെ വൃക്കയുടേയും കരളിന്റേയും പ്രവർത്തനം തകരാറിലായതാണ് 40 കാരന്റെ മരണ കാരണം. സാധാരണയിലേതിനേക്കാൾ 10 ഡിഗ്രിയോളം ഊഷ്മാവ് അധികമാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്
ദില്ലി: സമാനതകളില്ലാത്ത ഉഷ്ണതരംഗം വലയ്ക്കുന്നതിനിടെ ദില്ലിയിൽ 40 കാരൻ സൂര്യാതപമേറ്റ് മരിച്ചു. ബിഹാറിലെ ദാർബാംഗ സ്വദേശിയായ 40 കാരനെയാണ് തിങ്കളാഴ്ച സൂര്യാതപമേറ്റതിനേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇയാളെ ദില്ലിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശരീര താപനില 108 ഡിഗ്രി ഫാരൻ ഹീറ്റിലെത്തിയതിന് പിന്നാലെ വൃക്കയുടേയും കരളിന്റേയും പ്രവർത്തനം തകരാറിലായതാണ് 40 കാരന്റെ മരണ കാരണം. സാധാരണയിലേതിനേക്കാൾ 10 ഡിഗ്രിയോളം ഊഷ്മാവ് അധികമാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ഇയാൾ മരിച്ചതെന്ന് ആശുപത്രി അധികൃതർ വിശദമാക്കി. മികച്ച ചികിത്സ ഇയാൾക്ക് ലഭ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും ആശുപത്രിയിൽ നിന്നുണ്ടായതായി ആശുപത്രി വക്താവ് വിശദമാക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമാനയില്ലാത്ത രീതിയിലാണ് അന്തരീക്ഷ താപനില ഉയരുന്നത്. 79 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ദില്ലിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 1945 ജൂൺ 17ന് കാലാവസ്ഥാ വകുപ്പ് ദില്ലിയിൽ രേഖപ്പെടുത്തിയത് 46.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഉത്തരേന്ത്യയിൽ വർധിച്ചുവരുന്ന ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. ബീഹാറിൽ 19 പേരും ഒഡീഷയിൽ 10 പേരും കടുത്ത ചൂടിൽ മരിച്ചതായാണ് കണക്കുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം