ദില്ലിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു
ദില്ലി ഭജന്‍പുര സ്വദേശിയായിരുന്ന തരുണ്‍ ഹിന്ദി പ്രാദേശിക ദിനപത്രമായ ദയ്നിക് ഭാസ്ക്കറിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു. മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ തരുണ്‍ നാലാം നിലയില്‍ നിന്ന് ചാടിയെന്നാണ് എയിംസ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
ദില്ലി: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ദില്ലിയില്‍ ആത്മഹത്യ ചെയ്തു. ദില്ലി എയിംസില്‍ ചികിത്സ പുരോഗമിക്കെയാണ് ആത്മഹത്യ. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഹോസ്പിറ്റലിന്‍റെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയാണ് മുപ്പത്തിയേഴുകാരനായ മാധ്യമ പ്രവര്‍ത്തകന്‍ തരുണ്‍ സിസോദിയ ആത്മഹത്യ ചെയ്തത്.
ദില്ലി ഭജന്‍പുര സ്വദേശിയായിരുന്ന തരുണ്‍ ഹിന്ദി പ്രാദേശിക ദിനപത്രമായ ദയ്നിക് ഭാസ്ക്കറിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു. മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ തരുണ്‍ നാലാം നിലയില്‍ നിന്ന് ചാടിയെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഗുരുതര പരിക്കുകളോടെ ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജൂണ്‍ 24നാണ് കൊവിഡ് 19 ബാധിച്ച് തരുണ്‍ സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗമുക്തി നേടുന്ന ഘട്ടത്തിലായിരുന്നു തരുണ്‍ ഉണ്ടായിരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പിരിച്ചുവിടൽ നോട്ടീസ് കിട്ടിയതാണ് തരുണ്‍ സിസോദിയയുടെ ആത്മഹത്യയുടെ കാരണമെന്നാണ് സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകർ പറയുന്നത്.