വീടിനടുത്ത് താമസിക്കുന്ന 36 കാരൻ, 10 വയസുകാരിയോട് ക്രൂരത; ബലാത്സംഗം ചെയ്തു, ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു
വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ യുവാവ് ബലമായി പിടിച്ച് കൊണ്ട് ആളൊളിഞ്ഞ പ്രദേശത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
അഹമ്മദാബാദ്: ഗുജറാത്തിൽ പത്തുവയസ്സുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ ബറൂച്ചിൽ ആണ് 36 കാരനായ യുവാവ് അയൽവാസിയായ പെൺകുട്ടിയെ ക്രൂര പീഡനത്തിനരയാക്കിയത്. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച യുവാവ് ജനനേന്ദ്രിയത്തിൽ ഇരുമ്പ് കമ്പി കൊണ്ട് മുറിവേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. ബറൂച്ചിലെ ജഗാഡിയ ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 10 വയസുകാരിയെ പീഡിപ്പിച്ച ജാർഖണ്ഡ് സ്വദേശിയായ വിജയ് പാസ്വാൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ വീടിനോട് ചേർന്നാണ് കുട്ടിയുടെ പിതാവ് ജോലി ചെയ്തിരുന്ന അതേ ഫാക്ടറിയിലെ ജോലിക്കാരനായ പ്രതി താമസിച്ചിരുന്നത്. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി ബലമായി പിടിച്ച് കൊണ്ട് ആളൊളിഞ്ഞ പ്രദേശത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ജനനേന്ദ്രിയത്തിൽ മുറിവേറ്റ പെൺകുട്ടി പിന്നീട് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയാണ് മകളെ ആദ്യം കണ്ടെത്തുന്നത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റതായി പൊലീസ് പറഞ്ഞു. 10 വയസുകാരിയെ ബറൂച്ചിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗുരുതര പരിക്കേറ്റതിനാൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നതയും, കുട്ടിയെ വഡോദരയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ പ്രതി കഴിഞ്ഞ മാസവും പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയെന്നും പൊലീസ് സൂപ്രണ്ട് മയൂർ ചൗഡ പറഞ്ഞു. പാസ്വാൻ വിവാഹിതനാണ്. ഇയാൾക്ക് രണ്ട് കുട്ടികളുമുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരമാണ് പൊലീസ് പസ്വാനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കൂടുതൽ പ്രതികളുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.