5 മാസം ഗർഭിണിയെ പീഡിപ്പിച്ച കേസിൽ സാക്ഷി, നിരന്തരം വധഭീഷണി, ക്ലോസ് റേഞ്ചിൽ വെടിയേറ്റ് വ്യാപാരി കൊല്ലപ്പെട്ടു

മറ്റൊരു കടയുടമയുടെ ഗർഭിണിയായ മകൾ പീഡനത്തിനിരയായ കേസിൽ പൊലീസിൽ സാക്ഷിയായി ഹാജരായതിന് പിന്നാലെ നിരന്തരം വധഭീഷണി നേരിട്ട യുവ വ്യാപാരി വെടിയേറ്റ് മരിച്ചു

35 year old businessman witness in sexual assault on pregnant women shot dead 5 January 2025

താനെ: അഞ്ച് മാസം ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച കേസിലെ ദൃക്സാക്ഷിയായ 35കാരനെ അജ്ഞാതർ വെടിവച്ചുകൊന്നു. വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ മുഹമ്മദ് തബ്‌രീസ് അൻസാരിയെയാണ് അജ്ഞാതർ വെടിവച്ചുകൊന്നത്. താനെയിലെ മീരാറോഡിൽ ശാന്തി ഷോപ്പിങ് കോംപ്ലക്സിനു പുറത്ത് നടന്ന വെടിവയ്പിലാണ് സംഭവം. 

മീരാറോഡിലെ ഷോപ്പിങ് കോംപ്ലക്സിൽ എത്തിയ അജ്ഞാതർ അൻസാരിയുടെ അടുത്തുചെന്ന് തലയ്ക്കു വെടിവച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ നയാ നഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 10 മണിയോടെയാണ് വെടിവയ്പുണ്ടായത്. ക്ലോസ് റേഞ്ചിൽ നിന്നാണ് മുഹമ്മദ് തബ്‌രീസ് അൻസാരിക്ക് വെടിയേറ്റിട്ടുള്ളത്. മേഖലയിലെ സിസിടിവികൾ അടക്കമുള്ളവ പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. 

മീരാറോഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മറ്റൊരു കടയുടമയുടെ അഞ്ച് മാസം ഗർഭിണിയായ മകളെ യൂസുഫ് എന്നയാൾ പീഡിപ്പിച്ച കേസിൽ പ്രധാന സാക്ഷിയായിരുന്നു ഇയാൾ. സാക്ഷിയായി പൊലീസ് സ്റ്റേഷനിൽ ഹാജരായതിന് പിന്നാലെ മുഹമ്മദ് തബ്‌രീസ് അൻസാരിക്ക് തുടർച്ചയായി വധഭീഷണി വരികയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ്  കൊലപാതകം. പീഡനക്കേസിലെ പ്രതിയായ യൂസുഫ് ഒളിവിലാണ്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios