കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 35 സൈനികരെന്ന് കേന്ദ്രം
കരസേനയുടെ 32 സൈനികരും എയര്‍ഫോഴ്സിലെ മൂന്ന് സൈനികരുമാണ് മരിച്ചതെന്ന് കേന്ദ്രമന്ത്രി ശ്രീപാദ് നായിക് രാജ്യസഭയെ അറിയിച്ചത്. 22353 സൈനികർക്ക് ഇതുവരെ രോഗ ബാധയുണ്ടായെന്നും കേന്ദ്രമന്ത്രി
ദില്ലി: കൊവിഡ് 19 ബാധിച്ച് രാജ്യത്ത് 35 സൈനികര്‍ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍. കരസേനയുടെ 32 സൈനികരും എയര്‍ഫോഴ്സിലെ മൂന്ന് സൈനികരുമാണ് മരിച്ചതെന്ന് കേന്ദ്രമന്ത്രി ശ്രീപാദ് നായിക് രാജ്യസഭയെ അറിയിച്ചത്. 22353 സൈനികർക്ക് ഇതുവരെ രോഗ ബാധയുണ്ടായെന്നും കേന്ദ്രമന്ത്രി വിശദമാക്കി.
2010നും 2019നും ഇടയില്‍ 1123 സൈനികര്‍ ആത്മഹത്യ ചെയ്തതായും മന്ത്രി വിശദമാക്കി. കരസേനയില്‍ നിന്ന് 901 പേരും, നാവിക സേനയില്‍ നിന്ന് 40 പേരും 182 പേര്‍ വായുസേനയില്‍ നിന്നുമുള്ളവരാണ്. സ്വകാര്യ വിഷയങ്ങള്‍ അടക്കമുള്ള കാരണങ്ങള്‍ ഈ ആത്മഹത്യകള്‍ക്ക് കാരണമായെന്നാണ് കണ്ടെത്തിയതെന്നും മന്ത്രി വിശദമാക്കി.
നേരത്തെ ശ്രമിക് ട്രെയിനുകളിൽ ഇതു വരെ 97 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചെന്ന് റെയിൽ വേ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. തൃണമൂൽ എംപി ഡെറിക് ഒബ്രിയാന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി പിയുഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്. ഹൃദയാഘാതം, മസ്തിഷ് ഘാതം തുടങ്ങിയവയൊക്കെ കാരണമാണ് മരണമേറെയും.
ലോക് ഡൗൺ സമയത്ത് നാട്ടിലേക്കുള്ള യാത്രക്കിടെ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് കയ്യിൽ ഇല്ലെന്ന ലോക് സഭയിലെ തൊഴിൽ മന്ത്രാലയത്തിന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ റെയിൽ മന്ത്രി ഈ കണക്കുകൾ രാജ്യസഭയിൽ അറിയിച്ചത്.