490 അടി താഴ്ച്ചയിൽ 34 മണിക്കൂർ, 390 അടിയിലേക്ക് ഉയർത്തി; കുഴൽകിണറിൽ വീണ 18കാരിക്ക് ദാരുണാന്ത്യം
ഗുജറാത്തിലെ കച്ചില്‍ കുഴല്‍കിണറില്‍ വീണ 18 കാരി മരിച്ചു. ഭുജ് താലൂക്കിലെ കാഞ്ചെറായി ഗ്രാമത്തിൽ താമസിക്കുന്ന രാജസ്ഥാന്‍കാരി ഇന്ദ്ര മീണയാണ് മരിച്ചത്.
ഗുജറാത്ത്: ഗുജറാത്തിലെ കച്ചില്‍ കുഴല്‍കിണറില്‍ വീണ 18 കാരി മരിച്ചു. ഭുജ് താലൂക്കിലെ കാഞ്ചെറായി ഗ്രാമത്തിൽ താമസിക്കുന്ന രാജസ്ഥാന്‍കാരി ഇന്ദ്ര മീണയാണ് മരിച്ചത്. ഇന്നലെ രാവിലെ ആറരക്കാണ് ഇന്ദ്ര മീണ കുഴല്‍കിണറില്‍ വീണത്. തുടര്‍ന്ന് എൻഡിആർഎഫ്, ബിഎസ്എഫ്, അഗ്നിശമന സേന എന്നിവർ ചേർന്ന് 34 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 490 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിക്കിടന്നിരുന്നു. ഇവിടെ നിന്നും ഇവരെ പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
അബദ്ധത്തില്‍ വീണതാണോ അതോ ആത്മഹത്യയാണോ എന്നതിനെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. രാജസ്ഥാനില്‍ നിന്നും കുടിയേറി കഞ്ചറായിയില്‍ കൃഷി നടത്തുന്ന കുടുംബമാണ് ഇന്ദ്ര മീണയുടേത്. കുടുങ്ങിക്കിടന്നിരുന്ന താഴ്ചയിൽ നിന്നും 390 അടി മുകളിൽ വരെ പെൺകുട്ടിയെ എത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞുവെന്നാണ് ഒടുവിൽ ലഭിച്ച വിവരം. രക്ഷാപ്രവർത്തനം ഊർജിതമാക്കിയെങ്കിലും ഇന്ദ്രയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.