'ദുബായിൽ ജോലിക്ക് പോയ മകൻ പാക് ജയിലിൽ', ഫേസ്ബുക്ക് കാമുകിയെ കാണാൻ അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പിടിയിൽ

ഫേസ്ബുക്ക് കാമുകിയെ കാണാനായി പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാകിസ്ഥാനിൽ ജയിലിലെന്ന് റിപ്പോർട്ട്

30 year old indian tailor who crossed pak boarder illegally to meet facebook lover lands in pakistan jail 1 January 2025

ആഗ്ര: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക് ജയിലിൽ ആയതായി റിപ്പോർട്ട്. അലിഗഡ് സ്വദേശിയായ 30 കാരനാണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടയിൽ പാക് ജയിലിൽ ആയത്. അലിഗഡിലെ നാഗ്ല ഖട്ടാരി ഗ്രാമവാസിയായ തുന്നൽക്കാരൻ ബാദൽ ബാബുവാണ് പാക് ജയിലിലായത്. വെള്ളിയാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മണ്ടി ബഹൌദീൻ നഗരത്തിലെത്തിയ യുവാവ് പൊലീസിന്റെ മുന്നിൽ പെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

നേരത്തെ രണ്ട് തവണ പാക് അതിർത്തി കടക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായാണ് റിപ്പോർട്ട്. മൂന്നാം ശ്രമത്തിലാണ് ഇയാൾക്ക് കാമുകിയുടെ അടുത്ത് എത്താനായതെന്നാണ് പാക് പൊലീസ് ഉദ്യോഗസ്ഥൻ പ്രാദേശിക വ്ലോഗറോട് വിശദമാക്കിയിട്ടുള്ളത്. 1946ലെ പാകിസ്ഥാൻ വിദേശനിയമത്തിലെ 13, 14 വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നാണ് ടൈംസ് ഓഫ് ഇന്ത്യ വിശദമാക്കുന്നത്. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിലവിൽ ഇയാളുള്ളതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ദില്ലിയിലെ ഗാന്ധി പാർക്കിലെ ഒരു തുണി ഫാക്ടറിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. 

മാധ്യമങ്ങളിലൂടെയാണ് മകൻ പാക് ജയിലിലാണെന്ന വിവരം ഇയാളുടെ കുടുംബം അറിയുന്നത്. അന്തർമുഖ സ്വഭാവമുള്ള ബാദൽ ബാബു കാമുകിയുടെ അടുത്തെത്താനായി ഇത്തരം കൈവിട്ട നടപടി തെരഞ്ഞെടുത്തുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പാക് യുവതിയുമായി യുവാവിനുള്ള  ബന്ധത്തേക്കുറിച്ചും ബാദൽ ബാബുവിന്റെ കുടുംബത്തിന് അറിവില്ല. നവംബർ 30നാണ് യുവാവ് അവസാനമായി വീഡിയോ കോളിൽ കുടുംബവുമായി ബന്ധപ്പെട്ടത്. ഇതിന് ശേഷം മകനേക്കുറിച്ചുള്ള വിവരമില്ലെന്ന് മാതാപിതാക്കളും പറയുന്നു. ദുബായിൽ ജോലി ലഭിച്ചെന്ന്  പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്ന് പോയതെന്നാണ് ബാദലിന്റെ അമ്മ ഗായത്രി ദേവി പറയുന്നത്. മകനെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രിയുടേയും യോഗി ആദിത്യനാഥിന്റേയും ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios