സിക്കിമിൽ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; 23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായെന്ന് കരസേന

23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങൾ അറിയിച്ചു. ടീസ്ത നദിയിലെ പ്രളയജലത്തിൽ ആർമി ക്യാമ്പുകൾ മുങ്ങി. 

23 Army personnel missing in flash flood triggered by cloudburst in Sikkim nbu

ദില്ലി: സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. ടീസ്ത നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ സൈനികരടക്കം 29 പേരെ കാണാതായി. സൈനിക ക്യാമ്പും വാഹനങ്ങളും പ്രളയത്തിൽ മുങ്ങി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് കരസേനയും സംസ്ഥാന സർക്കാരും അറിയിച്ചു. 

കുതിച്ചെത്തിയ പ്രളയജലത്തിൽ വിറങ്ങലിച്ച് സിക്കിം. രണ്ട് ദിവസമായി പെയ്തെ മഴക്കൊപ്പം ഇന്നലെയുണ്ടായ മേഘവിസ്ഫോടനമാണ് വടക്കൻ സിക്കിമിൽ ലാചെൻ താഴ്വരയിൽ സ്ഥിതി സങ്കീർണ്ണമാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയർന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിനു സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. 23  സൈനികരെ കാണാതായതായും ചില വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായും കരസേന അറിയിച്ചു.

'നിരവധി മലയാളികൾ സിക്കിമിൽ കുടുങ്ങി കിടക്കുന്നുണ്ട്, പാലങ്ങളും റോഡുകളുമൊക്കെ ഒലിച്ച് പോയി'

താഴ്ന്ന പ്രദേശങ്ങളായ സാങ്‌കലാങ്, ബ്രിങ്ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. വിവിധ സ്ഥലങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. നിരവധി പാലങ്ങളും ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്.  മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദി തീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലും നദി തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

Also Read: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ച് തടിയൂരി മുൻ മാനേജർ
 

Latest Videos
Follow Us:
Download App:
  • android
  • ios