നീറ്റ് പരീക്ഷയിൽ 60 മാർക്ക്, എയിംസിൽ എത്തിയത് 660 മാർക്കെന്ന സ്കോർ കാർഡുമായി: വിദ്യാർത്ഥിയും അച്ഛനും അറസ്റ്റിൽ
നീറ്റ് പരീക്ഷയിൽ 60 മാർക്ക് മാത്രം നേടിയ വിദ്യാർത്ഥി, 660 മാർക്കിന്‍റെ വ്യാജ സ്കോർ കാർഡുമായാണ് തട്ടിപ്പിന് ശ്രമിച്ചത്.
മധുര: വ്യാജ നീറ്റ് സ്കോർ കാർഡ് ഉപയോഗിച്ച് മധുര എയിംസിൽ പ്രവേശനത്തിന് ശ്രമിച്ച വിദ്യാർത്ഥിയും അച്ഛനും അറസ്റ്റിൽ. ഹിമാചൽ പ്രദേശ് സ്വദേശിയായ 22കാരൻ അഭിഷേകും അച്ഛനുമാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷയിൽ 60 മാർക്ക് മാത്രം നേടിയ വിദ്യാർത്ഥി, 660 മാർക്കിന്‍റെ വ്യാജ സ്കോർ കാർഡുമായാണ് തട്ടിപ്പിന് ശ്രമിച്ചത്.
രാമനാഥപുരം സർക്കാർ മെഡിക്കൽ കോളേജിൽ താത്കാലികമായി പ്രവർത്തിക്കുന്ന എയിംസിലെത്തി രേഖകൾ നൽകിയപ്പോൾ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, അഭിഷേക് മൂന്ന് തവണ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.
അഭിഷേകിന് പിന്നിൽ ദില്ലിയിൽ പ്രവർത്തിക്കുന്ന പ്രവേശന തട്ടിപ്പ് മാഫിയ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കോച്ചിംഗ് സെന്‍ററുകളെന്ന വ്യാജേന പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം, വിദ്യാർത്ഥികൾക്കായി വ്യാജ സ്കോറുകളും രേഖകളും കെട്ടിച്ചമയ്ക്കുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ഹരിയാനയിൽ ആണ് അഭിഷേക് പഠിച്ചിരുന്നത്. കേണിക്കരൈ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം