ഒൻപതാണ്ട് മുമ്പൊരു ചിന്തൻ ശിബിരം; അന്ന് രാഹുലിന് പ്രതീക്ഷയുടെ പട്ടാഭിഷേകം, ഇക്കുറി?
ശിബിരം തീരുന്നതിന്‍റെ തലേന്നാൾ ജനുവരി 20 ന് രാവിലെ മുതൽ പ്രധാന പ്രഖ്യാപനം ശിബിരത്തിലുണ്ടാകുമെന്ന സൂചന പുറത്ത് വരുന്നത്. പിന്നെ എല്ലാ കണ്ണുകളും രാഹുൽ ഗാസിയിലേക്ക് തിരിഞ്ഞു
"ഇന്നലെ രാത്രി അമ്മ എന്‍റെ മുറിയിൽ വന്ന് നിശബ്ദമായിരുന്ന് കരഞ്ഞു. കാരണം അധികാരം വിഷമാണെന്ന് (Power Is Poison) അമ്മയ്ക്കറിയാം." കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾക്ക് ജയ്പ്പൂരിലെ ചിന്തൻ ശിബിരത്തിൽ വൻ കരഘോഷമാണ് കിട്ടിയത്.
ജയ്പൂരിലെ ബിർലാ ഹൗസിൽ 2013 ജനുവരി 20 ന് വലിയ പ്രതീക്ഷയോടെ വന്ന പ്രഖ്യാപനമാണ് കോൺഗ്രസിന്‍റെ ഉപാധ്യക്ഷനായുള്ള രാഹുൽ ഗാന്ധിയുടെ സ്ഥാനക്കയറ്റം. രണ്ടാം യു പി എ സർക്കാരിന്‍റെ അവസാന വർഷമായിരുന്നു രാഹുലിന്‍റെ പുതിയ റോൾ. അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുലിനെ പ്രഖ്യാപിച്ചില്ലെങ്കിലും നേതൃത്വം മാറുന്നുവെന്ന വ്യക്തമായ സൂചന നൽകുന്നതായിരുന്നു ജയ്പൂർ ചിന്തൻ ശിബിർ.
2013 ലെ ചിന്തൻ ശിബിർ നടന്ന ജയ്പുർ ബിർളാ ഹൗസിന് മുന്നിൽ ലേഖകൻ
കോൺഗ്രസിന്‍റെ സുവർണ കാലം, കേന്ദ്രം ഭരിക്കുന്ന പാർട്ടി, രണ്ടാം യു പി എ സർക്കാരിന്‍റെ അവസാന നാളിൽ മൻമോഹനെ മാറ്റി രാഹുലിനെ ഒരു വർഷം പ്രധാനമന്ത്രിയാക്കുമെന്ന ആഭ്യൂഹങ്ങൾക്കിടെയാണ് ജയ്പ്പൂരിൽ ചിന്തൻ ശിബിരം പ്രഖ്യാപിക്കുന്നത്. ദില്ലിയിൽ നിന്ന് ജയ്പുരിലേക്ക് പോകുമ്പോൾ പുതിയ അജണ്ടകൾ സർക്കാരിന് നിശ്ചയിച്ച് നൽകുക മാത്രമാകും ശിബിരത്തിന്‍റെ ഉദ്ദേശമെന്നായിരുന്നു എ ഐ സി സി വ്യക്തമാക്കിയത്. വിവരാവകാശത്തിനും ഭക്ഷ്യ സുരക്ഷക്കും ശേഷം പുതിയ ഫോക്കസ് തൊഴിലുറപ്പിന് നിശ്ചയിച്ച കാലം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് മുഖ്യ സംഘാടകനായ ശിബിരം കോൺഗ്രസ് നയങ്ങളുൾപ്പടെ കീറി മുറിച്ച് ചർച്ച ചെയ്തു.
2013 ലെ ചിന്തൻ ശിബിറിൽ രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ്, എ കെ ആന്‍റണി എന്നിവർ
ആഗോളവത്കരണത്തിന്‍റെ ദൂഷ്യവശങ്ങൾ നേരിടാൻ നടപടി വേണമെന്ന നിർദ്ദേശം കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഉയർത്തി. ഉദാരവത്ക്കരണത്തെ ചോദ്യം ചെയ്ത കേരള പ്രതിനിധികൾ ശിബിരത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി. പി സി വിഷ്ണുനാഥ് ഉൾപ്പടെ ഉള്ളവർ അന്ന് ഉയർത്തിയ വിമർശനം പിന്നീട് വി എം സുധീരനെ പോലുള്ളവർ പരസ്യ നിലപാടാക്കി. ആരാണ് യഥാർത്ഥ ഇടതുപക്ഷമെന്ന വാദഗതി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ കേട്ടത് ഇതിന്‍റെ തുടർച്ചയായിരുന്നു.
സാധാരണ ചർച്ചകൾ മാത്രമായി പുരോഗമിക്കുന്നതിനിടയിലാണ് ശിബിരം തീരുന്നതിന്‍റെ തലേന്നാൾ ജനുവരി 20 ന് രാവിലെ മുതൽ പ്രധാന പ്രഖ്യാപനം ശിബിരത്തിലുണ്ടാകുമെന്ന സൂചന പുറത്ത് വരുന്നത്. പിന്നെ എല്ലാ കണ്ണുകളും രാഹുൽ ഗാസിയിലേക്ക് തിരിഞ്ഞു. വൈകിട്ട് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ വൈസ് പ്രസിഡന്‍റായി എ കെ ആൻറണിയാണ് നിർദ്ദേശിച്ചത്. അപൂർവ്വമായി മാത്രം കോൺഗ്രസിൽ സംഭവിക്കുന്ന വൈസ് പ്രസിഡന്‍റ് സ്ഥാനാരോഹണം. രാഹുൽ വാർത്താ താരമായി. പാർട്ടിയിൽ ഔദ്യോഗികമായി രാഹുൽ രണ്ടാമനായി.
വികാരപരമായ പ്രസംഗം നടത്തിയാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുത്തത്. "കുട്ടിയായിരിക്കുമ്പോൾ അമ്മൂമ്മയുടെ അംഗരക്ഷകരുടെ കൂടെയായിരുന്നു കളിക്കുന്നത്. അവർ അമ്മൂമ്മയെ കൊന്നു. അച്ഛൻ കരയുന്നത് ആദ്യമായി കണ്ടത് അന്നാണ്" ജീവിതത്തിൽ ഉണ്ടായ ദുരന്തങ്ങൾ എണ്ണിപ്പറഞ്ഞ രാഹുലിന്‍റെ പ്രസംഗം നിശബ്ദമായി ഏവരും കേട്ടു
വൈസ് പ്രസിഡന്‍റായി രാഹുലിനെ പ്രഖ്യാപിച്ചതിന്‍റെ ആഹ്ലാദ പ്രകടനം, പി സി വിഷ്ണുനാഥ് എം ലിജു ഉൾപ്പടെയുള്ളവരെ കാണാം
ജയ്പുർ ചിന്തർ ശിബിരത്തിൽ പങ്കെടുത്തവരെല്ലാം പുതുയുഗപ്പിറവിയായി രാഹുലിന്‍റെ നിയോഗത്തെ വാഴ്ത്തി. ഇന്നത്തെ ജി 23 നേതാക്കളുൾപ്പടെ പുതിയ ദൗത്യത്തെക്കുറിച്ച് വാചാലരായി. മുഖഛായ മാറ്റുന്ന ശിബിരം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പുകളിൽ പക്ഷെ തോൽവിയായിരുന്നു ഫലം. രാഹുൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്കുയർന്നു. ഫലം പരാജയം തന്നെ. വീണ്ടുമൊരു ശിബിരം മുഖഛായ മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ 9 വർഷം മുൻപ് നടന്ന ജയ്പ്പൂർ ശിബിരത്തിന്‍റെ ബാക്കി ആരും അന്വേഷിക്കുന്നില്ല.
രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷനാകണം: രാഷ്ട്രീയ കാര്യസമിതിയില്‍ നിര്‍ദ്ദേശം