രണ്ട് ദിവസത്തിനിടെ ദില്ലി എയിംസില്‍ 50 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ 195
രണ്ട് ദിവസത്തിനിടെ ദില്ലി എയിംസില്‍ കൊവിഡ് സ്ഥിരീകരിച്ചത് 50 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്.
ദില്ലി: ദില്ലി എയിംസില്‍ ഇതുവരെ 195 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചു. ഡോക്ടർമാർ, നഴ്സിംഗ് ജീവനക്കാർ, ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവര്‍ക്കാണിത്. രണ്ട് ദിവസത്തിനിടെ ദില്ലി എയിംസില്‍ കൊവിഡ് സ്ഥിരീകരിച്ചത് 50 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. രണ്ടാഴ്ചയിൽ രാജ്യതലസ്ഥാനത്തെ മരണസംഖ്യയിൽ വലിയ വർദ്ധനവാണ് ദൃശ്യമായത്. ദില്ലി സർക്കാരിന്‍റെ കണക്കുകൾ പ്രകാരം മാർച്ച് 14 മുതൽ മെയ് ഒമ്പത് വരെ 68 മരണങ്ങളാണ് സംഭവിച്ചത്.
എന്നാൽ മെയ് ഒമ്പതിന് ശേഷം മരണ സംഖ്യയിലുണ്ടായത് വലിയ ഉയർച്ചയാണ്. കഴിഞ്ഞ ശനിയാഴ്ച്ച മാത്രം 30 മരണങ്ങൾ സംഭവിച്ചു. ചൊവ്വാഴ്ച വരെ 288 മരണങ്ങളാണ് സർക്കാർ നല്‍കുന്ന കണക്ക്. അതായത് ഇരുപത് ദിവസത്തിൽ 220 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 176 ആശുപത്രികളുളള ദില്ലിയില്‍ 39,455 കിടക്കകളും ഏതാണ്ട് നിറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച സ്വകാര്യ ആശുപത്രികളും 80 ശതമാനം നിറഞ്ഞു കഴിഞ്ഞു.