മസാല തയ്യാറാക്കുന്നതിനിടെ ഷർട്ട് യന്ത്രത്തിൽ കുടുങ്ങി പിന്നാലെ ഗ്രൈൻഡറിലേക്ക് വീണ 19കാരന് ദാരുണാന്ത്യം

ഏതാനും മാസങ്ങൾക്ക് മുൻപ് കടയിൽ ജോലിക്കെത്തിയ യുവാവിന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല.കടയുടമയ്ക്കെതിരെ കേസ്

19 year old man stuck in Food Grinder while making Chinese Bhel masala killed case against owner  18 December 2024

മുംബൈ: ചൈനീസ് ഭേൽ തയ്യാറാക്കാനുള്ള മസാല കൂട്ട് അരയ്കുന്ന യന്ത്രത്തിൽ കുടുങ്ങി 19കാരന് ദാരുണാന്ത്യം. മുംബൈയിലെ ചെറുകിട ഭക്ഷണശാലയിലുണ്ടായ അപകടത്തിലാണ് ജാർഖണ്ഡ് സ്വദേശിയായ 19കാരൻ സൂരജ് നാരായൺ യാദവ് കൊല്ലപ്പെട്ടത്. സച്ചിൽ കൊത്തേകർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെറുകിട ഭക്ഷണ ശാലയിലെ ജീവനക്കാരനായിരുന്നു 19കാരൻ. ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്യുകയായിരുന്ന യുവാവ് മസാല തയ്യാറാക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടത്തിൽപ്പെട്ടത്. 

യന്ത്ര സഹായത്തോടെ മസാല തയ്യാറാക്കാനുള്ള ശ്രമത്തിനിടെ യന്ത്രം പ്രവർത്തിക്കുമ്പോൾ തന്നെ സുരക്ഷാ ഉപകരണങ്ങളൊന്നും കൂടാതെ വെറും കൈ ഉപയോഗിച്ച് മസാല ഇളക്കാൻ ശ്രമിക്കുന്ന യുവാവിന്റെ സിസിടിവി വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് ഒന്നിലേറെ തവണ മസാല ഇളക്കാൻ ശ്രമിക്കുന്നതും ഗ്രൈൻഡറിലേക്ക് തലകുത്തി വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 

സംഭവത്തിൽ സ്ഥാപനം ഉടമയ്ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ജീവനക്കാർക്ക് ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള  വേണ്ട രീതിയിലുള്ള പരിശീലനം നൽകാത്തതിനും സുരക്ഷാ ക്രമീകരണം ഉറപ്പാക്കാത്തതിനുമാണ് കേസ്. ജീവനക്കാരൻ യന്ത്രം പ്രവർത്തിപ്പിക്കുന്ന സമയത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല. മസാല ഇളക്കുന്നതിനിടെ ഷർട്ട് യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെ യുവാവ് മുഖം കുത്തി യന്ത്രത്തിലേക്ക് വീഴുകയായിരുന്നു. 

സംഭവം മറ്റുള്ളവർ ശ്രദ്ധിച്ച് യന്ത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം അവസാനിപ്പിച്ച ശേഷവും യുവാവിനെ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയാണ് യുവാവിനെ യന്ത്രത്തിൽ നിന്ന് പുറത്തെടുത്തത്. അപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios