ദില്ലിയിൽ വിദ്യാർത്ഥികൾ തമ്മിൽ വാക്കു തർക്കം ; 14 വയസുകാരനെ സ്കൂളിനു പുറത്തുവച്ച് കുത്തിക്കൊന്നു
ഡൽഹിയിലെ ഷകർപൂരിലുള്ള രാജ്കിയ സർവോദയ ബാല വിദ്യാലയ നമ്പർ 2 (RSBV-2) ന് പുറത്തായിരുന്നു സംഭവം.
ദില്ലി : തലസ്ഥാനത്തെ ഷകർപൂരിൽ സ്‌കൂളിന് പുറത്ത് വച്ച് 14 വയസ്സുള്ള വിദ്യാർത്ഥിയെ കുത്തിക്കൊന്നു. എക്സ്ട്രാ ക്ലാസ് കഴിഞ്ഞ് വിദ്യാർത്ഥികൾ പിരിഞ്ഞുപോകുന്നതിനിടെയാണ് സംഭവം. ഇഷു ഗുപ്ത എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഡൽഹിയിലെ ഷകർപൂരിലുള്ള രാജ്കിയ സർവോദയ ബാല വിദ്യാലയ നമ്പർ 2 (RSBV-2) ന് പുറത്തായിരുന്നു സംഭവം.
ജനുവരി 3 ന് ഇഷു ഗുപ്തയും മറ്റ് ചില വിദ്യാർത്ഥികളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഇഷുവും മറ്റൊരു വിദ്യാർത്ഥിയായ കൃഷ്ണയും തമ്മിലുള്ള തർക്കം അക്രമത്തിൽ കലാശിച്ചതായി അന്വേഷണത്തിൽ പറയുന്നു. കൃഷ്ണയും നാലു കൂട്ടാളികളും ചേർന്ന് സ്കൂൾ ഗേറ്റിന് പുറത്ത് വച്ച് ഇഷുവിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ വലത് തുടയിൽ കത്തി കുത്തിക്കയറ്റുകയായിരുന്നു.
സംഭവത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനായി ഷകർപൂർ പോലീസ് സ്‌റ്റേഷൻ, ആൻ്റി നാർക്കോട്ടിക് സ്‌ക്വാഡ്, സ്‌പെഷ്യൽ സ്റ്റാഫ് ടീമുകൾ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 7 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റവാളികളുടെ പങ്കും കൊലപാതകത്തിേക്ക് എത്തിച്ച കാരണവും അന്വേഷിച്ചു വരികയാണ്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ഷകർപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം