ലോകത്തിന് ആത്മവിശ്വാസമേകുന്ന അതിജീവനം; കൊവിഡ് മഹാമാരിയെ ചെറുത്ത് തോൽപ്പിച്ച് 110 കാരി
കൊവിഡിനെ ഭയമുണ്ടോ എന്ന ചോദ്യത്തിന് ‘എനിക്ക് ഒന്നിനെയും ഭയമില്ല’ എന്നായിരുന്നു സിദ്ദമ്മയുടെ മറുപടി.
ബെംഗ്ലൂരൂ: കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനത. ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചില ശുഭവാർത്തകളും പുറത്തുവരുന്നുണ്ട്. കൊവിഡ് ഏറ്റവും കുടുതൽ ബാധിക്കുന്നത് വൃദ്ധരെയാണ്. എന്നാൽ, നിരവധി വയോജനങ്ങളും കൊവിഡിനെ മറികടന്ന് ജീവിതത്തിലേക്ക് വരുന്നുണ്ട്. അത്തരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് കർണാടകയിൽ നിന്നുള്ള 110 വയസുള്ള വയോധിക.
കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ സിദ്ദമ്മയാണ് പ്രായാധിക്യത്തിലും മഹാമാരിയെ അതിജീവിച്ച് വിസ്മയമായത്.അഞ്ച് മക്കളും 17 പേരക്കുട്ടികളും 22 പേരക്കുട്ടികളുടെ മക്കളുമുമുള്ള കുടുംബമാണ് സിദ്ദമ്മയുടേത്. ജൂലൈ 27നാണ് സിദ്ദമ്മക്കും ചില കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ എല്ലാവരേയും ചിത്രദുർഗയിലെ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഇവർക്ക് രോഗം ഭേദമാവുകയായിരുന്നു. ആരോഗ്യപ്രവർത്തകർ നൽകുന്ന വിവരം അനുസരിച്ച് രോഗം പൂർണ്ണമായി ഭേദമായ സിദ്ദമ്മ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. കൊവിഡിനെ ഭയമുണ്ടോ എന്ന ചോദ്യത്തിന് ‘എനിക്ക് ഒന്നിനെയും ഭയമില്ല’ എന്നായിരുന്നു സിദ്ദമ്മയുടെ മറുപടി.