റാഗി ഉപ്പുമാവ്, നാരങ്ങാവെള്ളം, ചിക്കനും പതിവ് ആഹാരം; വീട്ടിലിരുന്ന് കൊവിഡിനെ തോല്‍പ്പിച്ച് 102കാരി
അഞ്ച് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണ് സുബ്ബമ്മയ്ക്കുള്ളത്. നിലവിൽ ഒരു മകനോടൊപ്പമാണ് താമസം. ഇവരുടെ വീട്ടിലെ നാലു പേര്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു.
അമരാവതി: കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനത. ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചില ശുഭവാർത്തകളും പുറത്തുവരുന്നുണ്ട്. കൊവിഡ് ഏറ്റവും കുടുതൽ ബാധിക്കുന്നത് വൃദ്ധരെയാണ്. എന്നാൽ, നിരവധി വയോജനങ്ങളും കൊവിഡിനെ മറികടന്ന് ജീവിതത്തിലേക്ക് വരുന്നുണ്ട്. അത്തരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് 102 വയസുള്ള വയോധിക.
ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലുള്ള മുമ്മാനെനി സുബ്ബമ്മയാണ് പ്രായാധിക്യത്തിലും മഹാമാരിയെ അതിജീവിച്ച് വിസ്മയമായത്. ഓഗസ്റ്റ് 21നായിരുന്നു സുബ്ബമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നാലെ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആയി.
അഞ്ച് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണ് സുബ്ബമ്മയ്ക്കുള്ളത്. നിലവിൽ ഒരു മകനോടൊപ്പമാണ് താമസം. ഇവരുടെ വീട്ടിലെ നാലു പേര്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 62കാരനായ മകനെ മാത്രമാണ് ആശുപത്രിയിലാക്കിയത്. ഇയാൾക്ക് പ്രമേഹം ഉണ്ടായിരുന്നുവെന്ന് സുബ്ബമ്മ പറയുന്നു. മറ്റുള്ളവർ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകളെല്ലാം കൃത്യസമയത്ത് കഴിച്ചുവെന്ന് സുബ്ബമ്മ പറയുന്നു. ഇതോടൊപ്പം പതിവ് ആഹാരങ്ങളായ റാഗി ഉപ്പുമാവും മധുരം ചേര്‍ത്ത നാരങ്ങാവെള്ളവും കഴിച്ചു. ചിക്കന്‍ കറിയും മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും ധാരാളമായി കഴിച്ചിരുന്നതായും ഈ മുത്തശ്ശി പറഞ്ഞു.