'ദൃശ്യങ്ങൾ യഥാർത്ഥമെങ്കിൽ ഗുരുതര കുറ്റം', പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടു; അശ്ലീല വീഡിയോ വിവാദത്തിൽ അന്വേഷണം
ദൃശ്യങ്ങൾ യഥാർത്ഥമാണെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ നാഗലക്ഷ്മി ചൗധരി പറഞ്ഞു.കേസന്വേഷണത്തിന് പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി
ബെംഗളൂരു: കർണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ അശ്ലീല വീഡിയോ വിവാദം. ബലാത്സംഗദൃശ്യങ്ങൾ അടക്കമുള്ള അശ്ലീലവീഡിയോകളാണ് പ്രജ്വലിനെതിരെ പുറത്ത് വന്നത്. നേരത്തേ ഇത്തരം വീഡിയോകൾ ഉണ്ടെന്ന ആരോപണമുണ്ടായിരുന്നെങ്കിലും ദൃശ്യങ്ങൾ പുറത്ത് വരുന്നത് ഇതാദ്യമാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകൾ വൻവിവാദമായതോടെ സംഭവത്തിൽ അന്വേഷണം വേണമെന്ന് സംസ്ഥാനവനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
ദൃശ്യങ്ങൾ യഥാർത്ഥമാണെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ നാഗലക്ഷ്മി ചൗധരി പറഞ്ഞു. വനിതാകമ്മീഷന്റെ നിർദേശപ്രകാരം കേസന്വേഷണത്തിന് പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സംസ്ഥാനസർക്കാർ ഇത് സംബന്ധിച്ച് ഉത്തരവുമിറക്കി. ഇതിനിടെ കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടു. ഹാസനിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് പോയെന്നാണ് സൂചന. അറസ്റ്റ് അടക്കമുള്ള നീക്കങ്ങൾ മുന്നിൽ കണ്ടാണ് പ്രജ്വൽ രാജ്യം വിട്ടതെന്നും സൂചനയുണ്ട്.