മോദിയുടെ മൗനം, സഖാവ് സവര്‍ക്കര്‍, കെസിആറിന്റെ അപരന്‍, ആ മന്ത്രി ഇപ്പോള്‍ ഡീസന്റാണ്!

കര്‍ണാടകയില്‍ പാര്‍ട്ടിക്കുണ്ടായ കൊടും തകര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി ഇപ്പോഴും അസ്വസ്ഥനാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന. ഫല സൂചനകള്‍ നേരത്തെ കിട്ടിയിരുന്നുവെങ്കിലും, അക്കാര്യമൊന്നും ആരും മോദിയെ അറിയിച്ചിരുന്നില്ല.

from the India gate  Asianet News political gossip column

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 

 

from the India gate  Asianet News political gossip column

നിശ്ശബ്ദതയ്ക്കു പിന്നില്‍ 

തെരഞ്ഞെടുപ്പില്‍ അടിതെറ്റി വീണ കര്‍ണാടക ബി.ജെ.പിയില്‍ സംസ്ഥാന പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുക തന്നെയാണ്. ജുലൈ 18 മുതല്‍ ഓഗസ്റ്റ് 16 വരെയുള്ള 'അധിക മാസ' കഴിഞ്ഞാലുടന്‍ ഈ സ്ഥാനങ്ങള്‍ നികത്താമെന്നാണ് ് ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക നല്‍കിയ വാക്ക്. എന്നാല്‍, ഓഗസ്റ്റ് പാതി കഴിഞ്ഞിട്ടും സംഗതി നടന്നില്ല. 

കേന്ദ്ര മന്ത്രി സഭയില്‍ ഉടന്‍ അഴിച്ചു പണി നടക്കുമെന്നാണ് ദില്ലിയിലെ ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടൊപ്പമാവും കര്‍ണാടകയിലെ തസ്തികകള്‍ നികത്തുക എന്നാണ് വിവരം. 

കാര്യമൊക്കെ ശരി, ഇതൊക്കെ എപ്പോള്‍ നടക്കും? 

'മോദിക്ക് മാത്രമറിയാം' എന്നാണ് ഈ ചോദ്യത്തിന് ദില്ലിയില്‍നിന്നു കിട്ടുന്ന ഉത്തരം. 

കര്‍ണാടകയില്‍ പാര്‍ട്ടിക്കുണ്ടായ കൊടും തകര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി ഇപ്പോഴും അസ്വസ്ഥനാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന. ഫല സൂചനകള്‍ നേരത്തെ കിട്ടിയിരുന്നുവെങ്കിലും, അക്കാര്യമൊന്നും ആരും മോദിയെ അറിയിച്ചിരുന്നില്ല. അതിനാല്‍, കര്‍ണാടക ഫലം വലിയ ആഘാതമാണ് അദ്ദേഹത്തിനുണ്ടാക്കിയത്. ഇതുതന്നെയാണ്, നിയമനങ്ങള്‍ വൈകുന്നതിനു പിന്നിലെന്നാണ് വിവരം. 


പുതിയ തന്ത്രങ്ങള്‍ 

കാര്യങ്ങള്‍ എന്തായാലും, കര്‍ണാടക തെരഞ്ഞെടുപ്പില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പ്രധാനമന്ത്രി ഉടന്‍ നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ചത്തിസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ രൂപവല്‍കരിക്കുന്നത്. താഴേത്തട്ടില്‍ എന്താണ് അവസ്ഥയെന്ന് കൃത്യമായി മനസ്സിലാക്കുന്നതിനായി ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കന്‍മാരുമായി മൂന്ന് മണിക്കൂര്‍ യോഗമാണ് മോദി ഈയടുത്ത് നടത്തിയത്. വ്യത്യസ്തമായ തന്ത്രങ്ങളാണ് ഓരോ സംസ്ഥാനത്തും അദ്ദേഹം സ്വീകരിക്കുന്നത്. 

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനെ മുന്‍നിര്‍ത്തിയാണ് ഇക്കുറിയും തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍, ചത്തിസ്ഗഢില്‍ കൂട്ടായ നേതൃത്വത്തെ ഉപയോഗിച്ചാണ് പരീക്ഷണം. വസുന്ധര രാജെ സിന്ധ്യയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇനിയും പിടിയില്ലാത്ത രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിടയില്ല എന്നാണ് വിവരം. 

എന്നാല്‍, പല സംസ്ഥാനങ്ങളിലും അത്ര സുഖകരമല്ല കാര്യമെന്നാണ് സൂചന. ഭരണവിരുദ്ധ വികാരം ശിവരാജ സിംഗ് ചൗഹാന്‍ നേരിടുന്നുണ്ട്. എന്നാല്‍, രാജസ്ഥാന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ആത്മവിശ്വാസമുണ്ട്. ഒരു കാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാ കാര്‍ഡുകളും പാര്‍ട്ടി പുറത്തിറക്കും! 

 

from the India gate  Asianet News political gossip column

സഖാവ് സവര്‍ക്കര്‍ 

വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഒരു തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു! എല്‍ ഡി എഫ് കണ്‍വീനറും മുതിര്‍ന്ന സി പി എം നേതാവുമായ ഇ പി ജയരാജന്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയ ഈ പരാമര്‍ശം കേട്ട് ഞെട്ടിയത് സദസ്സ് മാത്രമായിരുന്നില്ല! 

''സ്വാതന്ത്ര്യസമര കാലത്ത് വി.ഡി. സവര്‍ക്കര്‍ പിന്തുടര്‍ന്നത് തീവ്ര ഇടതുപക്ഷ ആശയങ്ങളായിരുന്നു. അങ്ങനെയാണ് സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ എത്തിയത്. ഇനി പുറത്ത് വരില്ലെന്ന് അദ്ദേഹത്തിനന്ന് മനസ്സിലായി.'' -ഇന്ത്യാ ചരിത്രത്തിലെ അറിയപ്പെടാത്ത ആ താളുകള്‍ ഇ പി തള്ളിത്തുറന്നത് ഇങ്ങനെയായിരുന്നു. 

''കുടുങ്ങി എന്ന് മനസ്സിലായ ഈ സാഹചര്യത്തിലാണ് ഹിന്ദു മഹാസഭക്കാര്‍ അദ്ദേഹത്തെ സമീപിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. സവര്‍ക്കര്‍ അങ്ങനെ ചെയ്ത് പുറത്തുകടന്നു.''- ജയരാജന്‍ പറഞ്ഞു.

വസ്തുതാപരമായ അബദ്ധങ്ങള്‍ ജയരാജന് പുത്തരിയല്ല. എന്നാലും അദ്ദേഹം ഡോണ്‍ ക്വിക്‌സോട്ടിനെ പോലെ തന്റെ അസംബന്ധങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. 


കെ സിആറിന് അപരന്‍ 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയപ്പെടുന്നത് കെ സി ആര്‍ എന്നാണ്. എന്നാലിതാ, തെലങ്കാനയില്‍ മറ്റൊരു കെസിആര്‍ കൂടി രംഗപ്രവേശനം ചെയ്തിരിക്കുന്നു. സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയാണ് തന്റെ പേരിലെ ആദ്യാക്ഷരങ്ങള്‍ വെച്ച് കെസിആര്‍ എന്ന പേരുമായി മുന്നിട്ടിറങ്ങിയത്. 

മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരന്‍ കൂടിയായ കെ ചന്ദ്രശേഖര്‍ റെഡ്ഡിക്ക് നാഗാര്‍ജുന സാഗര്‍ മണ്ഡലത്തില്‍ ഒരു നോട്ടമുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അദ്ദേഹം ഈയടുത്ത് ഒരു ജീവകാരുണ്യ ഫൗണ്ടേഷന്‍ ആരംഭിച്ചു. പേര് കെ സി ആര്‍ ഫൗണ്ടേഷന്‍.  കെ സി ആര്‍ എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന മുഖ്യമന്ത്രിയുടെ പേര് തന്നെ റാഞ്ചിയെടുത്ത അവസ്ഥയാണ് ഇതെന്നാണ് രാഷ്ട്രീയ വര്‍ത്തമാനം. 

മുഖ്യമന്ത്രി കെ സി ആര്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുന്നതിന്റെ തിരക്കില്‍ കഴിയുമ്പോഴാണ്, അല്ലുവിന്റെ ഭാര്യാപിതാവായ കെ സിആര്‍ പുതിയ മട്ടില്‍ രംഗപ്രവേശനം നടത്തിയത്. നാഗാര്‍ജുന സാഗര്‍ മണ്ഡലത്തില്‍ സീറ്റിനായി കരുനീക്കം നടത്തുകയാണ് അദ്ദേഹം. നിലവിലെ എം എല്‍ എയെ തന്നെ അവിടെ നിലനിര്‍ത്തണമെന്നാണ് പാര്‍ട്ടി താല്‍പ്പര്യം. അതു മാറ്റി, മരുമകന്‍ അല്ലുവിന്റെ പിന്തുണയോടെ മണ്ഡലം പിടിക്കുകയാണ് ഡ്യൂപ്ലിക്കേറ്റ് കെ സി ആറിന്റെ ലക്ഷ്യം. അതിനുള്ള നീക്കമാണത്രെ പുതിയ ഫൗണ്ടേഷന്‍. 

മന്ത്രി ഇപ്പോള്‍ ഡീസന്റാണ്! 

കിട്ടേണ്ട നേരത്ത് കിട്ടേണ്ടവരില്‍നിന്നും രണ്ടെണ്ണം കിട്ടിയാല്‍ ആരും ഡീസന്റായി പോവും! ഇക്കാര്യം ഒടുവില്‍ അറിഞ്ഞത് രാജസ്ഥാന്‍ മന്ത്രി കൂടിയായ പ്രമുഖ നേതാവിനാണ്. 

സംസ്ഥാന സര്‍ക്കാറില്‍ രണ്ടാമനായി എണ്ണപ്പെടുന്ന  നേതാവ് സ്വന്തം കരുത്തിലും സ്വാധീനത്തിലും വലിയ അഭിമാനിയാണ്. അങ്ങനെ നെഞ്ചും വിരിച്ച് നടക്കുന്നതിനിടയിലാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പണി കൊടുത്തത്. 

ട്രെയിനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഒരാളുടെ ബന്ധുക്കള്‍ക്ക്  സഹായധനം നല്‍കാന്‍ പോയപ്പോഴാണ് നേതാവിന് പണി കിട്ടിയത്. അഞ്ച് ലക്ഷം രൂപയായിരുന്നു നേതാവ് നിശ്ചയിച്ച സഹായത്തുക. എന്നാല്‍, അതുപോരാ അമ്പതു ലക്ഷം വേണമെന്നായി അണികള്‍. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടിക്കാര്‍ ചടങ്ങില്‍ ബഹളം വെച്ചു. അണികളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ബഹളം തുടര്‍ന്നു. 

നേതാവിനെ സംബന്ധിച്ച് ഈ അപമാനം സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. ഗമ കുറയുക മാത്രമല്ല, തന്റെ വലിപ്പത്തെക്കുറിച്ച് പുതിയ പാഠം കൂടിയാണ് പുള്ളി പഠിച്ചത്! 

Latest Videos
Follow Us:
Download App:
  • android
  • ios