സമരചരിത്രങ്ങളിലെ മാഹി, സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഫ്രഞ്ച് അധീനതയില്‍
മാഹിയുൾപ്പെടുന്ന പോണ്ടിച്ചേരി ഗവൺമെന്‍റ് നവംബർ ഒന്ന് ഏകീകൃത സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു
മാഹി: സ്വതന്ത്ര്യ ഇന്ത്യ ആഘോഷിച്ച സ്വാതന്ത്ര്യ സമര ചരിതങ്ങളിൽ മയ്യഴിയെന്ന മാഹിക്ക് പറയാനുള്ളത് വേറിട്ടൊരു കഥയാണ്. അടുത്ത കാലം വരെ മാഹിയിൽ സ്വാതന്ത്ര്യ ദിനമായി ആചരിച്ചിരുന്നത് ആഗസ്റ്റ് 16 ആയിരുന്നു എന്ന കൗതുകവുമുണ്ട്, സ്വാതന്ത്ര്യ സമര കാലത്ത് മാഹി ജനത ഫ്രഞ്ച് കൊളോണിയലിസത്തോട് രാഷ്ട്രീയപരമായ വിയോജിപ്പ് പുലർത്തുമ്പോഴും ഫ്രഞ്ച് ഭാഷയോടും സംസ്കാരത്തോടും വ്യക്തികളോടും വലിയ ആഭിമുഖ്യമുണ്ടായിരുന്നു.
1947 ആഗസ്റ്റ് 14 ന് അർധരാത്രി ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ പുലരിയിലേക്ക് കൺതുറക്കുമ്പോൾ വെറും 9 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള മയ്യഴി ഫ്രഞ്ച് അധീനതയിലായിരുന്നു. ഫ്രാൻസിനെ ആരാധിച്ച് പോയ മയ്യഴിക്കാരുടെ നിസ്സഹായതയെ ലോകത്തെല്ലായിടത്തും കൊളോണിയൽ ഭരണങ്ങൾക്ക് എതിരായുണ്ടായ ഉയിർത്തെഴുന്നേൽപ്പ് സ്വാധീനിച്ചു. ഹിതപരിശോധനക്കെതിരെ ഫ്രഞ്ച് അനുകൂലികൾ നിലപാടെടുത്തപ്പോൾ 1948 ൽ കെ കേളപ്പന്‍റേയും ഐ കെ കുമാരൻ മാസ്റ്ററുടെയും നേതൃത്വത്തിൽ മയ്യഴി വിമോചന സമരം തുടങ്ങി.
ഫ്രഞ്ച് അധീന പ്രദേശങ്ങളായ പോണ്ടിച്ചേരിയും കാരിക്കലും യാനവും ജനഹിത പരിശോധനയിൽ ഒപ്പം നിന്നപ്പോൾ 1954 വെരെ ഫ്രഞ്ച് പട്ടാളം ഇന്ത്യയിൽ തുടർന്നു. 1954 ജൂലായ് 16നാണ് മയ്യഴിയടക്കമുള്ള പ്രഞ്ച് അധീന പ്രദേശങ്ങൾ മോചിപ്പിക്കപ്പെടുന്നത്. ജെസ്യൂട്ട് ട്രാൻസ്ഫർ എന്ന ഔദ്യോഗിക അധികാര കൈമാറ്റം നടന്ന ആഗസ്റ്റ് 16 മയ്യഴി അടുത്ത കാലം വരെ സ്വാതന്ത്ര്യ ദിനമായി കൊണ്ടാടി. പിന്നീട് മാഹിയുൾപ്പെടുന്ന പോണ്ടിച്ചേരി ഗവൺമെന്‍റ് നവംബർ ഒന്ന് ഏകീകൃത സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂപ്പൻ കുന്നിൽ ഫ്രഞ്ച് പതാകയ്ക്ക് പകരം ഇന്ത്യൻ പതാകയുയർന്നിട്ട് 6 പതിറ്റാണ്ടായെങ്കിലും മയ്യഴിക്കാർക്കിപ്പോഴും ഫ്രഞ്ച് കൊളോണിയൽ കാലത്തോട് വിദ്വേഷമില്ല.
സത്യഗ്രഹ സ്മരണയിൽ വൈക്കം,അയിത്തത്തിനെതിരെ ചരിത്ര സമരം, ഗാന്ധിജി നേരിട്ടെത്തിയ മണ്ണ്
കോട്ടയം:ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആവേശോജ്ജ്വലമായ ഏടുകളിൽ ഒന്നായിരുന്നു കോട്ടയം ജില്ലയിലെ വൈക്കം എന്ന ഗ്രാമം കേന്ദ്രീകരിച്ച് നടന്ന വൈക്കം സത്യഗ്രഹം. അയിത്തോച്ചാടനം ലക്ഷ്യമിട്ട് നടന്ന വൈക്കം സത്യാഗ്രഹത്തിന്‍റെ ഓർമകൾക്ക് വർത്തമാന കാലത്തും പ്രസക്തി ഏറെയാണ്.
വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിൽ കൂടി എല്ലാ ജാതിയിലും പെട്ട മനുഷ്യർക്ക് സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 1924 മാർച്ച് 30 നായിരുന്നു വൈക്കം സത്യാഗ്രഹത്തിന്‍റെ തുടക്കം. 1923 ലെ കാകിനാദ കോൺഗ്രസ് സമ്മേളനം മുന്നോട്ടുവച്ച അയിത്തോച്ചാടനം എന്ന ആശയത്തിന്‍റെ ചുവടു പിടിച്ച് നടന്ന സമരം ദേശീയ ശ്രദ്ധ ആകർഷിച്ചത് വളരെ പെട്ടെന്നായിരുന്നു.
സമരം തുടങ്ങി ഏതാണ്ട് ഒരു വർഷമാകാറായ സമയം. അന്നാണ് ഗാന്ധിജി എറണാകുളത്തു നിന്ന് വേമ്പനാട്ടു കായൽ കടന്ന് വൈക്കത്തെ ബോട്ടു ജെട്ടിയിൽ ബോട്ടിറങ്ങിയത്.
അന്ന് ഗാന്ധിയെത്തിയ വൈക്കത്തെ സത്യഗ്രഹ ആശ്രമം ഇന്ന് എസ് എൻ ഡി പി സ്കൂളാണ്. അന്നത്തെ സവർണ നേതൃത്വവുമായി പ്രശ്ന പരിഹാരത്തിന് ഗാന്ധിജി ചർച്ച നടത്തിയ ഇണ്ടംതുരുത്തി മനയാണ് വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന മറ്റൊരു ചരിത്ര സ്മാരകം. അന്നത്തെ മേൽജാതിക്കാരുടെ മന ഇന്ന് ചെത്തു തൊഴിലാളികളുടെ യൂണിയൻ ഓഫിസായി മാറി എന്നതാണ് ചരിത്രത്തിലെ കൗതുകം.
603 ദിവസം നീണ്ട വൈക്കം സത്യഗ്രഹം അതിന്‍റെ ലക്ഷ്യം കണ്ട് സമരം അവസാനിച്ചത് 1925 നവംബർ 23 നാണ്. പിന്നെ യുഗം 22 വർഷം കഴിഞ്ഞ് ഇന്ത്യ സ്വതന്ത്രയായി. ആ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷിക വേളയിലും ജാതി വിവേചനം നമുക്കു ചുറ്റും പല തരത്തിൽ നില നിൽക്കുന്നതു കൊണ്ടു തന്നെയാണ് ഇത്ര കാലം കഴിഞ്ഞും വൈക്കം സത്യഗ്രഹത്തിന്റെ ഓർമകൾക്ക് പ്രസക്തിയേറുന്നത്
ഇന്ത്യയ്ക്ക് മുൻപേ സ്വതന്ത്ര്യം പ്രഖ്യാപിച്ച കൊല്ലം കടയ്ക്കൽ, കടയ്ക്കല്‍ വിപ്ലവത്തിന്‍റെ കഥ
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പോ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു സ്ഥലമുണ്ട് കേരളത്തിൽ. കൊല്ലം ജില്ലയിലെ കടയ്ക്കൽ. സർ സി.പിക്കെതിരെ 1938ലുണ്ടായ കടയ്ക്കൽ വിപ്ലവത്തിന്‍റെ കഥയാണ് ഇനി.
അന്യായമായ ചന്തപ്പിരിവിനെതിരെ പോരാടാൻ യോഗത്തിലുണ്ടായിരുന്നവർ തീരുമാനിച്ചു. ഇതിന് പൂർണ പിന്തുണയുമായി കർഷകരും സാധാരക്കാരും അണിനിരന്നു. അടുത്ത ദിവസം നികുതി നൽകാതെ അവർ സമാന്തര ചന്ത നടത്തി. അടിച്ചൊതുക്കാൻ കോൺട്രാക്ടറും ഗുണ്ടകളും പൊലീസുമെത്തി. എന്നാൽ സാധാരണക്കാരുടെ പ്രതിരോധത്തെ മറികടക്കാനാവാതെ വന്നവർ പിന്തിരിഞ്ഞോടി. മൂന്ന് ദിവസത്തിന് ശേഷം ആയിരത്തിലേറെ കർഷക യുവാക്കൾ ചിതറയിൽ നിന്നും കടയ്ക്കലിലേക്ക് ജാഥയുമായെത്തി. പാങ്ങലുകാട്ടിൽ വച്ച് പൊലീസ് ഇവർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. രോഷാകുലരായ നാട്ടുകാർ കടയ്ക്കൽ പൊലീസ് ഔട്ട്പോസ്റ്റ് കല്ലെറിഞ്ഞു തകർത്തു. പിന്നാലെ തോക്കും ആയുധവുമായി സംഘടിച്ച്, ദിവാൻ സർ സിപിയെ സമര ഭടന്മാർ വെല്ലുവിളിച്ചു. കടയ്ക്കൽ ജനത സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. ഫ്രാങ്കോ രാഘവൻ പിള്ളയെ രാജാവായും ചന്തിരൻ കാളിയന്പി മന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
ഒരാഴ്ച്ച മാത്രമാണ് കടയ്ക്കൽ രാജ്യത്തിന് ആയുസുണ്ടായിരുന്നത്. ബ്രിട്ടീഷ് പട്ടാളമെത്തി കടയ്ക്കൽ പിടിച്ചെടുത്തു. സ്ത്രീകളെയും കുട്ടികളേയും അടക്കം പട്ടാളം ക്രൂരമായി തല്ലി ചതച്ചു. എൺപതിലേറെ വീടുകളാണ് ചുട്ടെരിച്ചത്. 62 പേരെ രാജ്യദ്രോഹികളായി മുദ്രകുത്തി. ഫ്രാങ്കോ രാഘവൻ പിള്ളയെ 5 കൊല്ലം ജയിലിലിട്ടു. മന്ത്രി ചന്തിരൻ കാളിയമ്പി വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു. ജയിലിൽ കിടന്ന് രക്തസാക്ഷികളായത് നിരവധിപേർ. കടയ്ക്കൽ സഹകരണ ബാങ്ക് സമര ചരിത്രം ചുമർ ചിത്രമാക്കി സ്മാരകമൊരുക്കി. പ്രാദേശിക സമരത്തിനപ്പുറം കടയ്ക്കൽ പ്രക്ഷോഭത്തിന് സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഇടം കിട്ടാത്തതിൽ പ്രദേശവാസികൾക്ക് വലിയ പരിഭവമാണ് ഉള്ളത്.