K M Cariappa : "അവന്‍ മാത്രമല്ല, എല്ലാ പട്ടാളക്കാരും എന്‍റെ മക്കളാണ്.." പാക്കിസ്ഥാനെ അമ്പരപ്പിച്ച കരിയപ്പ!
"അവന്‍ ഇപ്പോള്‍ എന്‍റെ മകനല്ല.. ഈ രാജ്യത്തിന്‍റെ മകനാണ്.. മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി. താങ്കളുടെ ഔദാര്യത്തിനു നന്ദിയുണ്ട്. പക്ഷെ, തടവിലായ എല്ലാവരെയും വിടുക. അല്ലെങ്കില്‍ ആരെയും വിടേണ്ട. അവനുമാത്രമായി പ്രത്യേക പരിഗണനയും കൊടുക്കേണ്ട.."
"അവന്‍ ഇപ്പോള്‍ എന്‍റെ മകനല്ല.. ഈ രാജ്യത്തിന്‍റെ മകനാണ്.. മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി. താങ്കളുടെ ഔദാര്യത്തിനു നന്ദിയുണ്ട്. പക്ഷെ, തടവിലായ എല്ലാവരെയും വിടുക. അല്ലെങ്കില്‍ ആരെയും വിടേണ്ട. അവനുമാത്രമായി പ്രത്യേക പരിഗണനയും കൊടുക്കേണ്ട.."
മകനെ തടവിലാക്കിയ ശത്രുരാജ്യത്തിന്റെ സൈനികത്തലവനോട് ഒരു പിതാവ് പറഞ്ഞ ധീരമായ വാക്കുകളാണിത്. ആ പിതാവും ഒരു സൈനിക മേധാവിയായിരുന്നു. അത് മറ്റാരുമല്ല, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കമാന്‍ഡര്‍ - ഇന്‍ - ചീഫായിരുന്നു അദ്ദേഹം. ആ മനുഷ്യന്‍റെ പേരാണ് കൊഡന്ദേര മാഡപ്പ കരിയപ്പ, അഥവാ കെ എം കരിയപ്പ. രാജ്യത്തിന് മുന്നില്‍ പുത്രവാത്സല്യം ഒന്നുമല്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ജനറല്‍ അയൂബ് ഖാനെ അമ്പരപ്പിച്ച ജനറല്‍ കെ എം കരിയപ്പ എന്ന സൈനികോദ്യോഗസ്ഥന്‍റെ കഥയ്ക്ക് ഇന്ത്യയുടെ ആത്മാവിനോളം ആഴമുണ്ട്. ആ കഥയിലേക്ക് വരുന്നതിന് മുമ്പ് സ്വതന്ത്ര ഇന്ത്യയുടെ കരസേനാ ചരിത്രത്തെക്കുറിച്ച് അല്‍പ്പം അറിയാം.
ഇന്ത്യ സ്വതന്ത്രമായ ശേഷം ഏകദേശം ഒന്നരക്കൊല്ലം കൂടി ബ്രിട്ടിഷ് ജനറൽമാര്‍ തന്നെയായിരുന്നു മൂന്നു സേനാവിഭാഗങ്ങളുടെയും മേധാവിമാർ. എന്നാല്‍ 1949 ജനുവരി 15ന് സേനയുടെ തലപ്പത്തേക്ക് ഒരു ഇന്ത്യാക്കാരന്‍, അതുമൊരു ദക്ഷിണേന്ത്യക്കാരന്‍ നടന്നുകയറി. അദ്ദേഹമായിരുന്നു കൊഡന്ദേര മാഡപ്പ കരിയപ്പ എന്ന കെ എം കരിയപ്പ. ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറൽ ആയിരുന്ന ഫ്രാൻസിസ് ബുച്ചറിൽ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 ന് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റ ആ ദിവസത്തിന്‍റെ സ്‍മരണയിലാണ് എല്ലാ ജനുവരി 15നും രാജ്യം കരസേനാ ദിനമായി ആചരിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിവസമാണിത്. സൈനികരുടെ പോരാട്ടവീര്യവും ത്യാഗവും ഓർമ്മകളില്‍ തിളങ്ങുന്ന ദിവസം.
ആരായിരുന്നു കരിയപ്പ?
കർണാടകയിലെ കുടക് സ്വദേശിയായിരുന്നു ജനറൽ കെ എം കരിയപ്പ. മൂന്ന് പതിറ്റാണ്ടിലേറെ നീളമുള്ള സൈനിക ജീവിതത്തിന്‍റെ ഉടമ. കര്‍ണാടകയിലെ കുടക് പ്രദേശവാസികള്‍ പരമ്പരാഗതമായി പോരാളികളാണ്. കുടകിലെ മടിക്കേരിയില്‍ 1899 ജനുവരി 28നാണ് കരിയപ്പയുടെ ജനനം. ക്വെറ്റ (ഇപ്പോള്‍ പാകിസ്ഥാനില്‍) യിലെ മിലിട്ടറി കോളജിലെ ആദ്യത്തെ ഇന്ത്യന്‍ ഓഫീസര്‍ ട്രെയിനി, യുകെയിലെ കേംബർലിയിലെ ഇംപീരിയൽ ഡിഫൻസ് കോളേജിൽ പരിശീലനം നേടിയ ആദ്യത്തെ ഇന്ത്യക്കാരിൽ ഒരാള്‍, ബ്രിട്ടീഷ് സേനാംഗങ്ങളുടെ മേലധികാരിയായ ആദ്യത്തെ ഇന്ത്യന്‍ ഓഫിസര്‍ തുടങ്ങി ജനറല്‍ കരിയപ്പയുടെ പേരിന്‍റെ ഖ്യാതിക്ക് ഇന്ത്യയുടെ ആത്മാവിനോളം തിളക്കമുണ്ട്.
രണ്ടാം ലോകമഹായുദ്ധ കാലത്തെ സേവനത്തിനുള്ള അംഗീകാരമായി ‘ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ’ ബഹുമതി വരെ നേടിയെടുത്ത കരിയപ്പ തന്നെയായിരുന്നു 1947ലെ ഇന്ത്യ– പാകിസ്ഥാൻ യുദ്ധത്തില്‍ പടിഞ്ഞാറൻ മുന്നണിയിൽ ഇന്ത്യൻ സൈന്യത്തെ നയിച്ചത്. സൈന്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ കമാൻഡുകൾക്ക് നേതൃത്വം നൽകിയ കരിയപ്പയെ തേടി നിരവധി അംഗീകാരങ്ങളും എത്തി. 1953ൽ സേനയില്‍ നിന്ന് വിരമിച്ച കരിയപ്പയെ 1986 ഏപ്രിൽ 28ന് ഫീൽഡ് മാർഷലുമാക്കി രാജ്യം.
കരസേനയിൽ കരിയപ്പയ്ക്കും സാം മനേക് ഷായ്ക്കും മാത്രമാണ് ഇന്നുവരെ പഞ്ചനക്ഷത്ര പദവികൾ ലഭിച്ചിട്ടുള്ളത്. കരസേനയിൽ ഫീൽഡ് മാർഷൽ, നാവികസേനയിൽ അഡ്‍മിറൽ ഓഫ് ദ് ഫ്ലീറ്റ്, വ്യോമസേനയിൽ മാർഷൽ ഓഫ് ദി എയർ ഫോഴ്‍സ് എന്നിവയാണു പഞ്ചനക്ഷത്ര പദവികൾ. മൂന്നു ദശാബ്‍ദക്കാലത്തെ സൈനിക ജീവിതത്തിനു ശേഷം വിരമിച്ച കരിയപ്പ ഓസ്ട്രേലിയയിലെയും ന്യൂസീലൻഡിലെയും ഇന്ത്യൻ ഹൈകമ്മിഷണറായും സേവനം അനുഷ്‍ഠിച്ചു. 1993ൽ ബംഗളൂരുവില്‍ വച്ച്, തൊണ്ണൂറ്റിനാലാം വയസിലായിരുന്നു ഈ പോരാളിയുടെ ജീവന് രാജ്യം വിടചൊല്ലിയത്. 1995ല്‍ കേന്ദ്രസര്‍ക്കാര്‍ കെ എം കരിയപ്പയുടെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പും പുറത്തിറക്കി. ഇനി തുടക്കത്തില്‍ സൂചിപ്പിച്ച പാക്കിസ്ഥാനെയും ജനറല്‍ അയൂബ് ഖാനെയുമൊക്കെ ഞെട്ടിച്ച കരിയപ്പയുടെ ആ കഥയിലേക്ക് വരാം.
ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്ത് വിദേശത്തു സ്‍തുത്യര്‍ഹ സൈനിക സേവനം ചെയ്‍ത കെ എം കരിയപ്പ, രണ്ടാം ലോകമഹായുദ്ധകാലത്ത് അയൂബ് ഖാന്‍റെ മേലുദ്യോഗസ്ഥന്‍ ആയിരുന്നു. മികച്ച സുഹൃത്തുക്കളുമായിരുന്നു ഇരുവരും. എന്നാല്‍ ഇന്ത്യ എന്ന സ്വതന്ത്ര റിപ്പബ്ലിക്കില്‍ അങ്ങേയറ്റം വിശ്വസിക്കുകയും സ്‍നേഹിക്കുകയും ചെയ്‍തു കരിയപ്പ. ജനറല്‍ അയൂബ് ഖാന്‍ പാക്കിസ്ഥാന്‍റെ രണ്ടാമത്തെ പ്രസിഡന്‍റായിരുന്ന കാലത്തായിരുന്നു 1965ലെ ഇന്ത്യാ - പാക്ക് യുദ്ധം നടക്കുന്നത്.
യുദ്ധത്തിനിടെ 1965 സെപ്റ്റംബര്‍ 22ന് ഇന്ത്യന്‍ വ്യോമസേനയുടെ ഹണ്ടര്‍ യുദ്ധ വിമാനങ്ങളില്‍ ഒരെണ്ണം തെക്കന്‍ ലാഹോറിനടുത്ത് ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം പാക്കിസ്ഥാന്‍ സൈന്യം വെടിവച്ചിട്ടു. തീപിടിച്ച പോര്‍വിമാനത്തില്‍ നിന്നും പുറത്തേക്ക് ചാടിയ ധീരരായ ഇന്ത്യന്‍ സൈനികരില്‍ ഒരാളുടെ പേര് മേജര്‍ കെ സി കരിയപ്പ എന്നായിരുന്നു. സാക്ഷാല്‍ കെ എം കരിയപ്പയുടെ മകനായിരുന്നു നന്ദ എന്ന വിളിപ്പേരുള്ള എന്ന ആ 36 വയസുകാരന്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്‍റ്. പരിക്കേറ്റ നന്ദ അങ്ങനെ പാക്കിസ്ഥാന്‍റെ യുദ്ധത്തടവുകാരനായി മാറി.
ശത്രു സൈന്യത്തിന്‍റെ പിടിയിലാകുന്നവര്‍ ചെയ്യുന്നതു പോലെ കെ സി കരിയപ്പയും തന്‍റെ പേരും പദവിയും യൂണിറ്റ് നമ്പരും റാങ്ക് നമ്പറും വെളിപ്പെടുത്തി. ഈ വിവരങ്ങള്‍ പാക്ക് സൈനികര്‍ തങ്ങളുടെ ആസ്ഥാനമായ റാവല്‍പിണ്ടിയിലേക്ക് കൈമാറി. ഒരു മണിക്കൂറിനകം കെ സി കരിയപ്പയെ പാര്‍പ്പിച്ചിരുന്ന സെല്ലിലേക്ക് പാക്കിസ്ഥാന്‍റെ ആര്‍മി കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ പാഞ്ഞെത്തി. പാക്കിസ്ഥാനിലും ഇന്ത്യയിലും വീരപരിവേഷമുള്ള, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കരസേനാ മേധാവിയായ സാക്ഷാല്‍ കെ എം കരിയപ്പയുടെ മകനാണോ തങ്ങളുടെ പിടിയിലുള്ള കെ സി കരിയപ്പ എന്ന് ഉറപ്പിക്കാനായിരുന്നു ആ വരവ്. താന്‍ കെ എം കരിയപ്പയുടെ മകനാണെന്ന് കെ സി കരിയപ്പ മറുപടിയും നല്‍കി.
പിന്നീട് അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. അതിര്‍ത്തിയിലെ പാക് സൈനികോദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ടു പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ജനറല്‍ അയൂബ് ഖാന്‍റെ വിളിയെത്തി. നന്ദ എന്ന കെ സി കരിയപ്പയുടെ സുഖസൗകര്യങ്ങള്‍ നേരിട്ട് അന്വേഷിച്ചു അയൂബ് ഖാന്‍. കെ.സി കരിയപ്പ പിടിയിലായിട്ടുണ്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും അയൂബ് ഖാന്‍ റേഡിയോയിലൂടെ അറിയിച്ചു. ഇന്ത്യാ-പാക് വിഭജനത്തിന് മുന്‍പ് ബ്രിട്ടീഷ് ഇന്ത്യന്‍ സേനയിലെ തന്റെ 'ബോസ്' ആയിരുന്ന കെ എം കരിയപ്പയുടെ മകനെ ഉടന്‍ മോചിപ്പിക്കുമെന്നും അയൂബ് ഖാന്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ ജനറല്‍ കെ എം കരിയപ്പയെ നേരിട്ട് കണ്ട് അദ്ദഹത്തിന്റെ മകന് കുഴപ്പമൊന്നുമില്ലെന്ന് അറിയിക്കാന്‍ ദില്ലിയിലെ പാക് ഹൈക്കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്‍തു അയൂബ് ഖാന്‍. പിന്നാലെ ജനറല്‍ കെ എം കരിയപ്പയെ ഫോണില്‍ വിളിച്ചു മകനെ ഉടന്‍ വിട്ടയക്കാമെന്നും അറിയിച്ചു. അപ്പോഴായിരുന്നു അയൂബ് ഖാനെയും പാക്കിസ്ഥാനെയുമൊക്കെ അമ്പരപ്പിച്ചുകൊണ്ട്
കെ എം കരിയപ്പ നല്‍കിയ വിഖ്യാതമായി ആ മറുപടി.
"താങ്കളുടെ ഔദാര്യത്തിനു നന്ദിയുണ്ട്.. പക്ഷേ എന്‍റെ മകന്‍ മാത്രം അല്ലവന്‍.. രാജ്യത്തിന്റെ മകനാണ്.. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ഓരോ സൈനികനും ദേശസ്‌നേഹി ആണ്. എന്റെ മകന് പ്രത്യേക പരിഗണന നല്‍കേണ്ടതില്ല. മറ്റ് യുദ്ധ തടവുകാര്‍ക്ക് നല്‍കുന്ന പരിഗണന മാത്രം നല്‍കിയാല്‍ മതി.. പിടിക്കപ്പെട്ട എല്ലാ പട്ടാളക്കാരും എന്‍റെ മക്കളാണ്.. അവരെയൊക്കെ എന്‍റെ മകനെക്കാള്‍ നന്നായി നോക്കണം.."
മറ്റു പട്ടാളക്കാരെ മോചിപ്പിക്കുന്നതിന് മുന്‍പ് നന്ദയെ മോചിപ്പിക്കാമെന്ന അയൂബിന്റെ വാഗാദാനവും നിരസിച്ചു കരിയപ്പ. പിന്നീട് മറ്റ് പട്ടാളക്കാര്‍ക്കൊപ്പം 1966 ജനുവരി 22നാണ് കെ സി കരിയപ്പയെയും മോചിപ്പിച്ചത്.