ബ്രിട്ടീഷ് ഓർക്കസ്ട്രയുടെ ജനഗണമന; 77-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്ക് റിക്കി കെജിന്റെ സ്നേഹ സമ്മാനം
ഇന്ത്യൻ ദേശീയഗാനം റെക്കോർഡ് ചെയ്ത ഏറ്റവും വലിയ ഓർക്കസ്ട്രയാകുകയാണ് ബ്രിട്ടീഷ് റോയൽ ഫിൽഹാർമോണിക്. 200 വർഷത്തിലേറെയായി ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചതിനാൽ ഈ സന്ദർഭം അസുലഭമാണെന്ന് റിക്കി കെജ് പറയുന്നു.
ഇന്ത്യയെന്ന മഹാരാജ്യത്തെ രണ്ട് നൂറ്റാണ്ടോളം അടക്കി ഭരിച്ചത് ബ്രിട്ടീഷുകാരായിരുന്നു. നീണ്ട സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായി 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി. കാലത്തിന്റെ കാവ്യനീതിയെന്ന പോലെ, ഈ 77-ാം സ്വാതന്ത്ര്യദിനത്തിൽ ബ്രിട്ടനിലെ പ്രധാനപ്പെട്ട 100 അംഗ ബ്രിട്ടീഷ് റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയെ നയിച്ച് ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയുടെ വാദ്യരൂപം പുറത്തിറക്കുകയാണ് മൂന്ന് തവണ ഗ്രാമി ജേതാവും ഇന്ത്യൻ വംശജനുമായ റിക്കി കെജ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് തലേ ദിവസം ആൽബം പുറത്തിറക്കും. ഇതോടെ ഇന്ത്യൻ ദേശീയഗാനം റെക്കോർഡ് ചെയ്ത ഏറ്റവും വലിയ ഓർക്കസ്ട്രയാകുകയാണ് ബ്രിട്ടീഷ് റോയൽ ഫിൽഹാർമോണിക്. 200 വർഷത്തിലേറെയായി ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചതിനാൽ ഈ സന്ദർഭം അസുലഭമാണെന്ന് റിക്കി കെജ് പറയുന്നു. ആൽബം പുറത്തിറക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ദൂരദർശന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗം.
എങ്ങനെയാണ് ദേശീയ ഗാനം റെക്കോർഡ് ചെയ്യണമെന്ന ചിന്ത ഉണ്ടായത്?
- ഞാൻ ആദ്യമായി കേട്ടതും പഠിച്ചതുമായ സംഗീതം ദേശീയ ഗാനമാണ്, റോയൽ ഫിൽഹാർമോണിക്ക് ഓർക്കെസ്ട്രയുടെ കൂടെ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് സംഗീത ലോകങ്ങളെ ഒരുമിച്ച് കൊണ്ടുവരുക എന്ന ആശയമാണ് ഇതിനു പിന്നിൽ. മൂന്ന് മാസത്തെ തയാറെടുപ്പുകൾ വേണ്ടി വന്നു. ലണ്ടനിലെ ആബി റോഡ് സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്.
റോയൽ ഫിൽ ഹാർമോണിക്ക് ഓർക്കെസ്ട്രയുടെയൊപ്പം റെക്കോർഡിങ് അനുഭവം എങ്ങനെയായിരുന്നു
- വളരെ നല്ല അനുഭവമായിരുന്നു, നൂറോളം സംഗീതജ്ഞർ ദേശീയ ഗാനം വായിക്കുന്നത് റെക്കോർഡ് ചെയ്യുക, അത് കേൾക്കുക, ഹൃദയസ്പർശിയായ അനുഭവം.
സ്റ്റീവേർഡ് കോപ്പ്ലാൻഡിനൊപ്പം പ്രവർത്തിച്ച അനുഭവത്തെപ്പറ്റി
- അദ്ദേഹം ഒരു ഇതിഹാസമാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. കൊറോണ കാലത്ത് പുതിയ ആൽബത്തിന് വേണ്ടിയാണ് ഞാൻ അദ്ദേഹത്തെ സമീപിക്കുന്നത്.
റോയൽ ഫിൽഹാർമോണിക്ക് ഓർക്കെസ്ട്രയെ സമീപിക്കുന്നത് എങ്ങനെയാണ്
- എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓർക്കെസ്ട്ര അവരാണ്. പ്രൊഫഷണൽസ് ആയതിനാൽ ദേശീയ ഗാനത്തിന് ഏറ്റവും നല്ലത് അവരാകും എന്നു തോന്നി.
52 സെക്കൻഡിൽ ദേശീയ ഗാനം പൂർത്തിയാക്കാൻ എത്ര പരിശീലനം വേണ്ടിവന്നു
- മൂന്ന് മാസത്തെ തയാറെടുപ്പുകൾ, റെക്കോർഡിങ് 45 മിനിറ്റിൽ പൂർത്തിയായി. എല്ലാ ഓർക്കെസ്ട്രയും ഒരുമിച്ച് കൊണ്ടുപോവുക എന്നതായിരുന്നു വെല്ലുവിളി.
ദേശീയ ഗാനം റെക്കോർഡ് ചെയ്ത ശേഷം എന്ത് തോന്നി
- ദേശീയഗാനത്തിനൊടുവിൽ ബ്രിട്ടീഷ് ഗായകർ ജയ ഹേ എന്ന് പാടുന്ന ഭാഗം കേട്ടപ്പോൾ രോമാഞ്ചം ഉണ്ടായി. ഗാനത്തിലൂടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള മനോഹരമായ പങ്കാളിത്തം അടയാളപ്പെടുത്തണം എന്നാഗ്രഹിച്ചിരുന്നു.
ദേശീയ ഗാനത്തിലൂടെ താങ്കൾ നൽകുന്ന സന്ദേശം
- ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർക്കുള്ള സമ്മാനമാണിത്. ഇതിന്റെ റോയൽറ്റി എനിക്ക് വേണ്ട. ന്യൂ ഇന്ത്യ എന്ന ആശയം ഇതാണെന്ന് ഞാൻ കരുതുന്നു.
താങ്കൾ ഒരു പരിസ്ഥിതി പ്രവർത്തകനാണ്. എങ്ങനെയാണ് സംഗീതത്തിലൂടെ അത് സാധിക്കുന്നത്
- ഒരു സന്ദേശം ആളുകളിലേക്ക് എത്തിക്കാൻ ഏറ്റവും നല്ല മാർഗം സംഗീതം ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
ദേശീയ ഗാനം റെക്കോർഡ് ചെയ്യുന്നതിൽ നേരിട്ട് വെല്ലുവിളി എന്താണ്
- ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. എല്ലാവരും നന്നായി സഹകരിച്ചു. ആസ്വാദ്യകരമായ അനുഭവം.
ഗാനം പുറത്തുവന്നിരിക്കുകയാണ്. ടെൻഷൻ ഉണ്ടോ
- അങ്ങനെയില്ല. കൂടുതൽ ആളുകൾ കേൾക്കണമെന്നും മറ്റുളളവരിലേക്ക് എത്തിക്കണമെന്നുമാണ് ആഗ്രഹം.
മൂന്ന് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്. വലിയൊരു വേദിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചപ്പോൾ എന്തു തോന്നി
- അവാർഡുകൾക്ക് വേണ്ടി ജോലി ചെയ്യരുത്. എന്റെ സംഗീതത്തിന് ഒരു ഉദ്ദേശമുണ്ട്. വലിയ കാര്യങ്ങൾ ചെയ്യാനുള്ള വേദിയായിട്ടാണ് അവാർഡുകളെ കാണുന്നത്.
ഒരു മലയാളം സിനിമയുടെ ഭാഗമായി താങ്കൾ പ്രവർത്തിച്ചു. ആ അനുഭവത്തെപ്പറ്റി
- ബിജു കുമാർ (ഡോ ബിജു) സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ ആണ് ചിത്രം. ടോവിനോ തോമസ്, നിമിഷ സജയൻ എന്നിവർ അഭിനയിക്കുന്നു. സംഗീതത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന സിനിമയാണ്.