Architects of India : നെഹ്‌റു, ആധുനിക ഭാരതത്തിന്റെ ശില്പി
നെഹ്റു എന്ന മനുഷ്യന്റെ നന്മകളെക്കുറിച്ച്, ദൗര്‍ബല്യങ്ങളെക്കുറിച്ച്, ഈ നാടിനു വേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങളെക്കുറിച്ച്, അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുള്ള പാളിച്ചകളെക്കുറിച്ച് ആഴത്തിലുള്ള ഒരു വിശകലനം
എഴുപത്തഞ്ചു വര്ഷങ്ങള്‍ക്കു മുമ്പ് ജവഹര്‍ലാല്‍ നെഹ്റു എന്ന യുഗപ്രഭാവന്‍ നട്ട ജനാധിപത്യത്തിന്റെ കുരുന്നു തൈ , ഇന്ന് ആസേതുഹിമാചലം ആഴത്തില്‍ വേരോടിക്കഴിഞ്ഞ, നമുക്കെല്ലാം തണലു നല്‍കുന്ന ഒരു വടവൃക്ഷമായി വളര്‍ന്നു കഴിഞ്ഞു. ഇന്ന് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് മാലോകര്‍ വിളിക്കുമ്പോള്‍ ആ യശസ്സിന്റെ നല്ലൊരു പങ്കും ജവഹര്‍ലാല്‍ നെഹ്റുവിനു മാത്രം അവകാശപ്പെട്ടതാണ്.
മഹാത്മാ ഗാന്ധിയുടെ യഥാര്‍ത്ഥ രാഷ്ട്രീയ പിന്‍ഗാമി, ട്രിസ്റ്റ് വിത്ത് ടെസ്റ്റിനി പോലുള്ള ഉജ്വല പ്രസംഗങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച വാഗ്മി, ഒരു പ്രാസംഗികന്‍, ഡിസ്‌കവറി ഓഫ് ഇന്ത്യ മുതല്‍ ഗ്ലിംസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി വരെയുള്ള ഗഹനമായ ഗ്രന്ഥങ്ങളിലൂടെ നമ്മളെ അമ്പരപ്പിച്ച എഴുത്തുകാരന്‍, ചരിത്രകാരന്‍, പഞ്ചവത്സരപദ്ധതികളിലൂടെ, ഇന്‍സ്റ്റിട്യൂഷന്‍ ബില്‍ഡിങ്ങിലൂടെ രാഷ്ട്രനിര്‍മിതിയെക്കുറിച്ചുളള സുവര്‍ണ സ്വപ്നങ്ങള്‍ കണ്ട ജനനേതാവ്, ആധുനിക ഭാരതത്തിന്റെ ശില്പി - ഇന്ത്യാ ചരിത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്റു എന്ന നേതാവ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് അങ്ങനെ പലതിന്റെയും പേരിലാണ്. സ്വാതന്ത്ര്യ സമരത്തില്‍ വഹിച്ച മഹത്തായ പങ്കിന്റെ പേരില്‍, ഇന്ത്യയില്‍ ഒരു ജനാധിപത്യ ഭരണക്രമം സ്ഥാപിച്ചതിന്റെ പേരില്‍, അതിനെ ശക്തിപ്പെടുത്തിയതിന്റെ പേരില്‍, ആധുനിക ഇന്ത്യയില്‍ നമ്മള്‍ ഇന്ന് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങളുടെയും പേരില്‍, നമ്മള്‍ ജവഹര്‍ ലാല്‍ നെഹ്റു എന്ന നേതാവിനോട്, അദ്ദേഹം മുന്നോട്ടുവെച്ച നയങ്ങളോട്, ദര്‍ശനങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഇതേ നെഹ്രുവിയന്‍ സങ്കല്പങ്ങള്‍ ഒരു പൊളിച്ചെഴുത്തിനു വിധേയമാവുന്ന കാലഘട്ടത്തില്‍ കൂടിയാണ് നമ്മള്‍ ഇന്ന് കടന്നു പോവുന്നത്. നെഹ്രുവിനെപ്പറ്റി എണ്ണമില്ലാത്ത പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്ന ഒരു സത്യാനന്തര കാലം. അതുകൊണ്ട്, നെഹ്റു എന്ന മനുഷ്യന്റെ നന്മകളെക്കുറിച്ച്, ദൗര്‍ബല്യങ്ങളെക്കുറിച്ച്, ഈ നാടിനു വേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങളെക്കുറിച്ച്, അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുള്ള പാളിച്ചകളെക്കുറിച്ച് ആഴത്തിലുള്ള ഒരു വിശകലനം നടത്തേണ്ടത് മുന്‍പെന്നത്തേക്കാളും ഇന്ന് അത്യാവശ്യമായി മാറിയിരിക്കുകയാണ്.
ജനനത്തെ ചുറ്റിപ്പറ്റിയുളള അത്ഭുതകഥ
1889 ജനുവരിയില്‍, അന്ന് ഇരുപത്തേഴു വയസ്സ് മാത്രം പ്രായമുള്ള മോത്തിലാല്‍ നെഹ്റു എന്ന അലഹബാദിലെ വരിഷ്ഠനായ അഭിഭാഷകന്‍, ഋഷികേശിലേക്ക് ഒരു യാത്ര പോവുന്നു. വ്യക്തിജീവിതത്തിലെ ഒരു വലിയ സങ്കടസന്ധിയിലൂടെ കടന്നു പോവുകയായിരുന്നു അന്ന് മോത്തിലാല്‍. അന്നത്തെ നടപ്പുസമ്പ്രദായ പ്രകാരം, കൗമാര പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച മോത്തിലാലിന്റെ ആദ്യഭാര്യയും ഗര്‍ഭസ്ഥ ശിശുവും കന്നിപ്രസവത്തില്‍ മരിച്ചു പോയിരുന്നു.
അധികം വൈകാതെ, സ്വരൂപ് കൗള്‍ എന്ന പെണ്‍കുട്ടിയുമായി മോത്തിലാല്‍ രണ്ടാമതും വിവാഹിതനായി എങ്കിലും അവര്‍ക്കുണ്ടാവുന്ന ആദ്യത്തെ കുഞ്ഞും ബാലാരിഷ്ടതകള്‍ അതിജീവിക്കുന്നില്ല. ഇതിനൊക്കെ പുറമെ സ്വന്തം സഹോദരന്‍ നന്ദലാല്‍ നെഹ്റു കൂടി അകാലത്തില്‍ അന്തരിച്ചതോടെ മോത്തിലാല്‍ വിഷാദത്തിലേക്ക് കൂപ്പുകുത്തുന്നു. സഹോദരന്റെ വിധവയെയും, അദ്ദേഹത്തിന്റെ ഏഴുമക്കളെയും മോത്തിലാല്‍ നോക്കണം എന്നാവുന്നു. ആ ഭാരം ഏറ്റെടുക്കാന്‍ ഒരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല എങ്കിലും, തന്റെ വംശാവലി കാത്തു സൂക്ഷിക്കാനൊരു പുത്രനില്ലല്ലോ എന്ന ദുഃഖം മോത്തിലാലിനെ അലട്ടിത്തുടങ്ങിയപ്പോഴാണ് അദ്ദേഹത്തോട് ആരോ ഋഷികേശില്‍ ഇങ്ങനെ അപൂര്‍വ സിദ്ധികളുള്ള ഒരു യോഗിയുണ്ട് എന്ന് പറയുന്നത്. ആ സമക്ഷത്തില്‍ ചെന്നാല്‍ ചിലപ്പോള്‍ പരിഹാരമുണ്ടായേക്കും എന്നാരോ പറഞ്ഞപ്പോള്‍, ആത്മമിത്രങ്ങളായ രണ്ടു യുവബ്രാഹ്മണര്‍ക്കൊപ്പം മോത്തിലാല്‍ ഹിമാലയത്തിലേക്ക് വെച്ചുപിടിക്കുന്നു. ഋഷികേശിലെ മലഞ്ചെരിവുകളില്‍ ഒന്നില്‍ അവിടെ ഒരു മരത്തിനു മുകളില്‍ ഏറുമാടം കെട്ടി, മഞ്ഞും മഴയും വകവെക്കാതെ അതില്‍ തപസ്സു ചെയ്തു കഴിയുകയാണ് ഈ സന്യാസിവര്യന്‍.
ചെന്ന് കണ്ടപാടെ മോത്തിലാലിനെ അനുഗമിച്ച രണ്ടുപേരില്‍ ഒരാള്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, യോഗിയോട് തങ്ങളുടെ വന്നകാര്യം വെളിപ്പെടുത്തുന്നു. ആഗമനോദ്ദേശ്യം അറിഞ്ഞ പാടെ ആ മുഖം വാടുന്നു. 'നിനക്ക് ആണ്‍തരിയുണ്ടാവാനുള്ള നിയോഗമില്ല. അങ്ങനെയൊന്ന് നിന്റെ തലവരയില്‍ കാണുന്നില്ല.' എന്നയാള്‍ മുഖത്തടിച്ചു പോലെ മൊഴിയുന്നു. മോത്തിലാലിന്റെ മുഖം വാടുന്നു. അപ്പോഴേക്കും, കൂടെ ചെന്ന രണ്ടാമത്തെ യുവാവ് പണ്ഡിറ്റ് ദീന്‍ ദയാല്‍ ശാസ്ത്രി, യോഗിയുടെ കാല്പാദങ്ങളില്‍ വീഴുന്നു. 'അങ്ങയെപ്പോലെ ഒരു കര്‍മ്മയോഗിക്ക് നിസ്സാരമായ ഒരനുഗ്രഹം നല്‍കി ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമല്ലോ എന്ന് ശാസ്ത്രി പറഞ്ഞപ്പോള്‍, ആ പറച്ചിലിലൂടെ അവനവന്റെ സിദ്ധികള്‍തന്നെ തുലാസില്‍ ആയതോടെ, ഒരു നിമിഷം കണ്ണടച്ച് ആലോചിച്ച ശേഷം അയാള്‍ ഒരു തീരുമാനത്തില്‍ എത്തുന്നു. ശേഷം, തന്റെ കമണ്ഡലുവില്‍ നിന്ന് കൈക്കുടന്നയിലേക്ക് തീര്‍ത്ഥജലം പകര്‍ന്ന് ആ സിദ്ധന്‍, മൂന്നു തവണ അത് മോത്തി ലാലിന്റെ മൂര്‍ദ്ധാവിലേക്ക് തളിക്കുന്നു. 'നിനക്ക് ആയുരാരോഗ്യ സൗഖ്യങ്ങളുള്ള ഒരു പുത്രന്‍ ജനിക്കട്ടെ' എന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു. യോഗിയോട് നന്ദി പറയാന്‍ വേണ്ടി മോത്തിലാല്‍ ഒന്ന് മുരടനക്കിയപ്പോഴേക്കും, കൈയുയര്‍ത്തി തടഞ്ഞുകൊണ്ട് യോഗി 'ഞാന്‍ തലമുറകളായി ആര്‍ജിച്ച സിദ്ധികളും പുണ്യങ്ങളുമെല്ലാം, ഇതോടെ ഒടുങ്ങിയിരിക്കുന്നു' എന്ന് പറയുന്നു. ഇങ്ങനെ മോത്തിലാലിന് അസാധ്യമായ ഒരു അനുഗ്രഹം നല്‍കിയതിന് തൊട്ടടുത്ത നാള്‍ തന്നെ ആ ഹിമാലയന്‍ യോഗി ഇഹലോക വാസം വെടിഞ്ഞു എന്നാണ് ഈ കഥയുടെ പര്യവസാനം. എന്തായാലും, മോത്തിലാലിന്റെ നിറുകയില്‍ യോഗിയുടെ തീര്‍ത്ത ജലം പതിച്ച്, പത്തു മാസങ്ങള്‍ക്കുള്ളില്‍ തന്നെ, കൃത്യമായി പറഞ്ഞാല്‍, 1889 നവംബര്‍ 14 -നു മോത്തിലാലിന്റെ പത്‌നി സ്വരൂപ് റാണി, പൂര്‍ണാരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നു. അന്ന് ജവഹര്‍ അഥവാ രത്‌നം എന്ന് പേരിട്ട ആ കുഞ്ഞ് ഇരുപതാം നൂറ്റാണ്ടു കണ്ട അസാമാന്യമായ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒന്നായി വളര്‍ന്നുവരുന്നു.
27 വര്‍ഷം മുമ്പ് ശശി തരൂര്‍ എഴുതിയ നെഹ്റു ജീവചരിത്ര പുസ്തകത്തിലെ ആദ്യ അധ്യായം തുടങ്ങുന്നത് ഈയൊരു കഥ വെച്ചാണ്. ജീവിതത്തില്‍ ഉടനീളം തികഞ്ഞ യുക്തിബോധം വെച്ചുപുലര്‍ത്തിയിട്ടുള്ള മോത്തിലാല്‍ എന്ത് വിവശതയുണ്ടായി എന്ന് പറഞ്ഞാലും, ഇങ്ങനെ ഒരു യോഗിയുടെ അനുഗ്രഹം തേടി പോയിട്ടുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. ഇതൊരു ഒരു കെട്ടുകഥ മാത്രമാണ് എന്ന് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു തന്നെ ഇതിനെ പലവുരു തള്ളിപറഞ്ഞിട്ടുള്ളതുമാണ്. എന്തായാലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അലഹബാദിലെ ആനന്ദ് ഭവനില്‍ നെഹ്റു കുടുംബത്തിലെ ഒരേയൊരു ആണ്‍കുഞ്ഞായി വന്നു പിറന്ന ജവഹര്‍ പിന്നീടങ്ങോട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെലുത്തിയത് ചില്ലറ സ്വാധീനങ്ങള്‍ ഒന്നുമല്ല.
നെഹ്റു എന്ന സ്വാതന്ത്ര്യസേനാനി
1920 മുതല്‍ക്ക് അങ്ങോട്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത് വരെയുള്ള കാലം നെഹ്റു ആ പോരാട്ടങ്ങളില്‍ വഹിച്ചത് ചെറുതല്ലാത്ത പങ്കാണ്. സ്വാതന്ത്ര്യം കിട്ടുവോളം ഇന്ത്യയെ ഒരൊറ്റ രാജ്യമാക്കിയ ഒരുമിപ്പിച്ചു നിര്‍ത്തിയ, പതിറ്റാണ്ടുകള്‍ നീണ്ട ആ സമരപാതയില്‍, നെഹ്റുവിന് ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ പല ദിഗ്ഗജന്മാരുമായും കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സ്വാതന്ത്ര്യ സമരത്തില്‍ നെഹ്റു വഹിച്ച പങ്കിനെ, അതിനുവേണ്ടി അദ്ദേഹം ചെയ്ത ത്യാഗങ്ങളെ പലപ്പോഴും നമ്മുടെ നാട്ടിലെ ചരിത്ര നിര്‍മാണ ഫാക്ടറികള്‍ ലഘൂകരിച്ചു കാണാന്‍, ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കാറുണ്ട്. അത് സൂചിപ്പിക്കാന്‍ വേണ്ടി ഒരു ചെറിയ ഉദാഹരണം മാത്രം പറയാം. വിദേശ പഠനം കഴിഞ്ഞ്, ഇന്ത്യയില്‍ വന്ന് അധികം വൈകാതെ സ്വാതന്ത്ര്യ സമരത്തിന്റെ എരിതീയിലേക്ക് എടുത്തുചാടുന്ന നെഹ്റു ഏറെക്കാലം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട് എന്നറിയാത്തവര്‍ ചുരുക്കമാവും. എന്നിട്ടും, 2019 -ല്‍ വിഡി സാവര്‍ക്കറുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന തിരക്കില്‍ ശിവസേന നേതാവും ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞത്, 'വീര്‍ സാവര്‍ക്കര്‍ പത്തുപതിനാല് കൊല്ലമാണ് ആന്‍ഡമാനില്‍ കാലാപാനി സെല്ലുലാര്‍ ജയിലുകളില്‍ ഏകാന്ത തടവില്‍ കഴിച്ചു കൂട്ടിയത്. തന്റെ ആയുഷ്‌കാലത്തിനിടക്ക് പതിനാലു മിനിറ്റ് കഷ്ടിച്ച് ഏതെങ്കിലും ജയിലിനുള്ളില്‍ പിടിച്ചു നില്ക്കാന്‍ നെഹ്രുവിനു സാധിച്ചിട്ടുണ്ടായിരുന്നു എങ്കില്‍ അദ്ദേഹത്തെയും നമുക്ക് 'വീര്‍' എന്ന് വിളിക്കാമായിരുന്നു' എന്നാണ്. അന്ന് അതിനു മറുപടിയായി സോഷ്യല്‍ മീഡിയയില്‍ നിരവധി ഹാന്‍ഡിലുകളില്‍ നിന്ന് നെഹ്റു ഏതൊക്കെ കാലത്ത് ഏതൊക്കെ ജയിലുകളിലാണ് കിടന്നിട്ടുള്ളത് എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സഹിതം ഉദ്ധവ് താക്കറെക്കു മറുപടികള്‍ പ്രവഹിക്കുകയുണ്ടായി. 1921 മുതല്‍ 1945 വരെയുള്ള 23 വര്‍ഷക്കാലത്തിനിടക്ക്, ഒമ്പതു തവണയായി, 12 ദിവസം മുതല്‍ 1041 ദിവസം വരെ നീണ്ട ശിക്ഷകള്‍ അദ്ദേഹം അനുഭവിച്ചു. നെഹ്റു വിവിധ ജയിലുകളിലായി ഹോമിച്ചിട്ടുള്ളത് യൗവ്വനത്തിലെ ഒമ്പതര വര്‍ഷങ്ങളാണ് എന്നത് മറക്കരുതെന്ന് അന്ന് പലരും ഉദ്ധവ് താക്കറെയെ ഓര്മിപ്പിക്കുകയുണ്ടായി.
പ്രധാനമന്ത്രി നെഹ്റു
1947 ഓഗസ്റ്റ് 15 -ന് ഇന്ത്യ ഒരു ദേശരാഷ്ട്രമായപ്പോള്‍, അതിന് ഒരു തലവനെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. ആ ചരിത്ര സന്ധിയില്‍ പ്രധാനമന്ത്രിയാവാന്‍ നിയുക്തനാവുന്നത് ജവഹര്‍ലാല്‍ നെഹ്രുവാണ്. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യവര്‍ഷങ്ങള്‍, ബേബി റിപ്പബ്ലിക് മുട്ടില്‍ ഇഴഞ്ഞു നടക്കാന്‍ പഠിച്ചു തുടങ്ങിയ ആ വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നയാള്‍ എന്തെന്തൊക്കെ നിലപാടുകള്‍ സ്വീകരിച്ചു എന്നത് ഏറെ നിര്‍ണായകമായിരുന്നു. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ആരാവണം എന്നു തീരുമാനിച്ച ആ'പ്രോസസ്' ഇന്നും വിവാദങ്ങള്‍ക്ക് കാരണമാണ്. സത്യത്തില്‍ എന്താണ് അന്ന് സംഭവിച്ചത്?
ഇത് സംബന്ധിച്ച് വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ വ്യാപകമായി പ്രചരിക്കുന്ന പല കഥകളുമുണ്ട്. അതില്‍ ഒരു കഥ, അന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍, അര്‍ഹന്‍ - മികച്ച ഒരു സംഘാടകന്‍ എന്നു അപ്പോഴേക്കും പ്രസിദ്ധിയാര്‍ജിച്ചു കഴിഞ്ഞിരുന്ന സര്‍ദ്ദാര്‍ വല്ലഭ് ഭായി പട്ടേല്‍ എന്ന ഗുജറാത്തി കോണ്‍ഗ്രസ് നേതാവായിരുന്നു എന്നതാണ്. നെഹ്രുവും ഗാന്ധിയും കൂടി നടത്തിയ ഗൂഢാലോചനയുടെ, കുതികാല്‍വെട്ടിന്റെ ഫലമായിട്ടാണ് പട്ടേലിന് ആ ഒരു സൗഭാഗ്യം നഷ്ടമായത് എന്നും ഈ പ്രചാരണങ്ങള്‍ പറയുന്നുണ്ട്.
ഈ നെഹ്റു -പട്ടേല്‍ പ്രധാനമന്ത്രി പദമോഹ വിവാദത്തില്‍ നടന്നിട്ടുള്ള പരശ്ശതം പരാമര്‍ശങ്ങളില്‍ ഏറ്റവും വലുത് 2013 -ല്‍ ഇന്നത്തെ പ്രധാനമന്ത്രി ആയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയതാണ്. അന്ന് അഹമ്മദാബാദില്‍ പട്ടേല്‍ മ്യൂസിയം ഉദ്ഘാടനം ചെയ്യാനെത്തിയ മോദി, അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ വേദിയില്‍ ഇരുത്തിക്കൊണ്ട് പറഞ്ഞത്, നെഹ്രുവിനു പകരം പട്ടേല്‍ അന്ന് പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യയുടെ വിധിയും പ്രതിച്ഛായയും മറ്റൊന്നായിരുന്നേനെ എന്നായിരുന്നു. പിന്നീട്, സുബ്രഹ്മണ്യന്‍ സ്വാമി, ദ ഹിന്ദു പത്രത്തില്‍ 2014 -ല്‍ എഴുതിയ History and the nationalist project എന്ന ലേഖനത്തില്‍ കുറേക്കൂടി നേരിട്ടുള്ള ഒരാക്രമണം നെഹ്രുവിനു നേരെ നടത്തുന്നുണ്ട്. 1946 -ല്‍ ഗാന്ധിജി നടത്തിയ വോട്ടെടുപ്പില്‍ പതിനാറു പിസിസി പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രമാണ് നെഹ്റു പ്രധാനമന്ത്രി ആവണം എന്നു പറഞ്ഞത് എന്നും അന്ന് ഗാന്ധിജി നിര്‍ബന്ധിച്ചിട്ടാണ് പട്ടേല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത് എന്നും അതിന് പിന്നീട് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നു എന്നുമാണ് സ്വാമി തന്റെ ലേഖനത്തില്‍ എഴുതുന്നത്.
ഈ വിഷയത്തില്‍ ആധികാരികമായ പ്രതികരണങ്ങള്‍ കണ്ടെത്തുക ഏറെ ദുഷ്‌കരമാണ്. എന്നാലും, രാമചന്ദ്ര ഗുഹ എഴുതിയ Gandhi: The Years that Changed the World, 1914-1948 എന്ന പുസ്തകത്തിലെ ഒരു ഭാഗം, ഈ സന്ദര്‍്ഭത്തെക്കുറിച്ചുള്ള ഏറെക്കുറെ യുക്തിസഹമായ ഒരു വിശദീകരണം തരുന്നുണ്ട്. 1940 -ലെ റാംഗഡ് സെഷനില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആകുന്ന മൗലാനാ അബുല്‍ കലാം ആസാദിന്, ക്വിറ്റ് ഇന്ത്യ സമരത്തിന്റെ തിരക്കുകാരണം, പിന്നെ ആ കസേരയില്‍ തുടര്‍ച്ചയായി ആറുകൊല്ലം, 1946 വരെ ഇരിക്കേണ്ടി വരുന്നു. 1946 -ല്‍ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കണം എന്നൊരു നിര്‍ദേശം കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്നു. അന്ന് ജെബി കൃപലാനിക്കും, സര്‍ദാര്‍ പട്ടേലിനും, ആസാദിന് തന്നെയും പ്രസിഡന്റാവണം എന്നുണ്ടായിരുന്നു. അന്നത്തെ പതിനഞ്ച് പ്രൊവിന്‍ഷ്യല്‍ കമ്മിറ്റികളില്‍ പന്ത്രണ്ടെണ്ണവും മുന്നോട്ടു വെച്ച പേര് പട്ടേലിന്റെ ആയിരുന്നു. പക്ഷെ അന്ന്, ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് പട്ടേലിന് പകരം നെഹ്രുവിന്റെ പേര് പാര്‍ട്ടി പ്രസിഡന്റായും, സ്വാഭാവികമായും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയും നിര്‍ദേശിക്കുന്നത്, സാക്ഷാല്‍ മഹാത്മാ ഗാന്ധി ആണ്.
എന്തുകൊണ്ടാണ് ഗാന്ധിജി അന്നങ്ങനെ ചെയ്തത്? ഗാന്ധിയുടെ ആ തീരുമാനത്തിന് പിന്നില്‍ ഒന്നിലധികം കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, സ്വാതന്ത്ര്യ ലബ്ധി ഇങ്ങടുത്തെത്തി എന്നു ഗാന്ധിക്ക് നന്നായി അറിയാമായിരുന്നു. 1946 -ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആവുന്ന ആള്‍ തന്നെയാവും പുതിയ രാജ്യത്തിന്റെ അമരത്തും ഇരിക്കുക എന്നത് ഉറപ്പായിരുന്നു. രണ്ട്, താന്‍ ഉള്ളില്‍ കൊണ്ട് നടന്നിരുന്ന ദേശരാഷ്ട്ര സങ്കല്പത്തോട് കൂടുതല്‍ നീതി പുലര്‍ത്താന്‍ സാധിക്കുക ബഹുസ്വരത കുറേക്കൂടി സ്വാംശീകരിച്ചിരുന്ന നെഹ്രുവിനു തന്നെയാണ് എന്ന് ഗാന്ധി കരുതിയിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി നെഹ്രുവുമായി രാഷ്ട്രീയത്തില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിക്കൊണ്ടിരുന്ന ഗാന്ധിജി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി മനസ്സില്‍ കണ്ടിരുന്നത് നെഹ്റുവിനെ ആയിരുന്നു, ഇത് പട്ടേലിനും നല്ലപോലെ അറിവുണ്ടായിരുന്നത് കൊണ്ടാണ് ഗാന്ധിജി വന്നു പറഞ്ഞ പാടെ തന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായത്. എന്ന് മാത്രമല്ല, പിസിസി പ്രസിഡന്റുമാരില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണ ഇക്കാര്യത്തില്‍ നേടാന്‍ ആയി എങ്കിലും, പ്രസിഡന്റ് തിരഞ്ഞെടുപ്പ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, അതായത് എഐസിസി ഡെലിഗേറ്റുകളുടെ കുറേക്കൂടി വലിയ ഒരു വോട്ട് പൂളിലേക്ക് കാര്യങ്ങള്‍ വരുമ്പോള്‍, നെഹ്റുവിനെ കവച്ചു വെക്കാന്‍ തനിക്ക് ആവില്ല എന്നും, കോണ്‍ഗ്രസിന്റെ ഗ്രാസ് റൂട്ട് ലെവലില്‍ ഉള്ള അണികള്‍ക്കിടയില്‍ നെഹ്റു തന്നെക്കാള്‍ എത്രയോ അധികം ജനപ്രിയനാണ് എന്നും അന്ന് പട്ടേലിന് നല്ല നിശ്ചയമുണ്ടായിരുന്നു.
ഗാന്ധിജിയുടെ തീരുമാനത്തെ സ്വാധീനിച്ച മറ്റൊരു ഘടകം നെഹ്രുവിന്റെ പാന്‍ ഇന്ത്യന്‍ സ്വീകാര്യതയാണ്.
നെഹ്റു അല്ലെങ്കില്‍ പിന്നെ ഉള്ളത് പട്ടേല്‍ എന്ന ഗുജറാത്തി ഹിന്ദുവും, രാജാജി എന്ന ദക്ഷിണേന്ത്യന്‍ ബ്രാഹ്മണനും ആണ്. ജന്മം കൊണ്ടൊരു ഹിന്ദു ബ്രാഹ്മണന്‍ ആയിരിക്കെ തന്നെ മുസ്ലിംകളുടെ വിശ്വാസം ആര്‍ജിക്കാനും നെഹ്രുവിനു സാധിച്ചിരുന്നു. ഉത്തരേന്ത്യന്‍ ആയിരുന്നിട്ടും ദക്ഷിണേന്ത്യയിലും തികഞ്ഞ ജനപ്രീതി നെഹ്റുവിന് ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കിടയിലും നെഹ്റുവിന് വലിയ ആരാധനയോളം എത്തുന്ന പിന്തുണ ഉണ്ടായിരുന്നു. ഗാന്ധിയെപ്പോലെ ഒരു പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉണ്ടാക്കാന്‍ നെഹ്റുവിന് പട്ടേലിനേക്കാള്‍ കഴിഞ്ഞിരുന്നു. 1937 -ലെയും 1946 -ലെയും തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തില്‍ അദ്ദേഹം ഒരു സ്റ്റാര്‍ കാംപെയിനര്‍ എന്ന നിലക്ക് തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതുമാണ്. ഇന്ത്യന്‍ ദേശീയതാ വാദികള്‍ക്കിടയില്‍ ഏറ്റവും അന്താരാഷ്ട്ര സമ്മിതി ഉണ്ടായിരുന്നത് നെഹ്റുവിനായിരുന്നു.
ഏറ്റവും ഒടുവിലായി, കൂട്ടത്തില്‍ ഏറ്റവും ചെറുപ്പം നെഹ്റുവിനായിരുന്നു. അതുകൊണ്ടുതന്നെ,കൂടുതല്‍ കാലം ഭരണത്തില്‍ തുടര്‍ന്ന് പുതിയ രാജ്യത്തെ സ്ഥിരതയിലേക്ക് നയിക്കാന്‍ സാധിക്കുക എന്തുകൊണ്ടും നെഹ്റുവിന് തന്നെ ആയിരുന്നു. - ഇത്രയും കാരണങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ്, സാമ്പത്തിക നയങ്ങളുടെയും നിലപാടുകളുടെയും കാര്യത്തില്‍ മറ്റുപല അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നിട്ടും ഗാന്ധിജി പട്ടേലിനുപകരം നെഹ്റുവിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പദത്തിലേക്ക് കൈ പിടിച്ചിരുത്തുന്നത്. ജവഹര്‍ലാലിന് പ്രധാനമന്ത്രി ആവാന്‍ പട്ടേലിനെപ്പോലെ തന്നെ ആഗ്രഹം ഉണ്ടായിരുന്നു എന്നത് ശരിയാണ്. അതേസമയം, പട്ടേലിനെ വഞ്ചിച്ചിട്ടാണ് നെഹ്റു പ്രധാനമന്ത്രി ആയത് എന്ന പരാമര്‍ശം തികച്ചും വാസ്തവ വിരുദ്ധമാണ് എന്നും പറയാതിരിക്കാന്‍ നിവൃത്തിയില്ല.
നെഹ്റു എന്ന രാഷ്ട്രനിര്‍മാതാവ്
ഇന്ത്യയുടെ അമരത്ത് നെഹ്റു വരുന്ന സമയത്ത്, 1947 -ലെ ഇന്ത്യ കടുത്ത ദാരിദ്ര്യത്തില്‍ അമര്‍ന്ന കാലം കൂടി ആയിരുന്നു. അങ്ങനെ പട്ടിണിയിലും ക്ഷാമത്തിലും പുലര്‍ന്ന ആ വര്‍ഷം തന്നെ ഇന്ത്യ-പാക് വിഭജനം നടക്കുന്നു. ഇന്ത്യ എന്ന ബേബി റിപ്പബ്ലിക്കിന് വിഭജനം എന്ന് പറയുന്നത് വളരെ അക്രമാസക്തമായ ഒരു അനുഭവമായിരുന്നു. അന്ന് നെഹ്റു എടുത്ത പണി, സത്യം പറഞ്ഞാല്‍ പുരക്ക് തീ പിടിച്ച അവസ്ഥയില്‍ ആ തീ കെടുത്തിക്കൊണ്ട്, ഉള്‍ച്ചുവരുകള്‍ക്ക് പെയിന്റടിക്കുന്നത്ര കഠിനമായിരുന്നു. എന്തൊക്കെ പണി നെഹ്റുവിന് എടുക്കാന്‍ ഉണ്ടായിരുന്നു എന്നറിയുമോ? അനാചാരങ്ങള്‍ കൊടി കുത്തി വാണിരുന്ന, ജാതീയത നടമാടിയിരുന്ന ഒരു കാലഘട്ടത്തില്‍ സമൂഹത്തിലെ ഇല്ലാത്തട്ടിലും ഉള്ളവരെ ഒരു പോലെ സ്പര്‍ശിക്കുന്ന തരത്തിലുള്ള ഒരു വികസന മാതൃകയാണ് അദ്ദേഹത്തിന് വിഭാവനം ചെയ്യാന്‍ ഉണ്ടായിരുന്നത്. Time is not measured by the passing of years but by what one does, what one feels, and what one achieves. എന്ന് പറഞ്ഞിട്ടുള്ളതും നെഹ്റു തന്നെയാണ്. അദ്ദേഹം ഇന്ത്യയില്‍ ചെലവിട്ട വര്‍ഷങ്ങള്‍ നമുക്ക് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ രൂപത്തില്‍ തന്നെ അളന്നെടുക്കാം.
ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ നെഹ്റു സ്ഥാപിക്കാന്‍ ആഗ്രഹിച്ചത് ഒരു മതേതര, വ്യവസായധിഷ്ഠിത, സാര്‍വലൗകിക രാജ്യമാണ്. അതിനുവേണ്ടിയാണ് അദ്ദേഹം പഞ്ചവത്സര പദ്ധതികള്‍ അവതരിപ്പിച്ചത്. ബ്രിട്ടന്‍, ജര്‍മനി, USSR എന്നീ രാജ്യങ്ങളുടെ സഹായത്തോടെ നെഹ്റു ആരംഭിച്ച സ്റ്റീല്‍ പ്ലാന്റുകളാണ് നമ്മുടെ വ്യാവസായിക വിപ്ലവത്തിന്റെ അടിത്തറ. ഇതേ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള വിദഗ്ധരുടെ കണ്‌സോര്‍ഷ്യമാണ് ബോംബെ, കാണ്‍പൂര്‍, മദ്രാസ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നൊളജികള്‍ സ്ഥാപിക്കുന്നത്. നെഹ്രുവിന്റെ താത്പര്യ പ്രകാരം തന്നെയാണ് നമ്മുടെ നാട്ടിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ഐഐഎമ്മുകള്‍, AIIMS , പ്ലാനിങ്ങ് കമ്മീഷന്‍, ഇന്നത്തെ ISRO യുടെ മുന്‍ഗാമിയായ ആറ്റമിക് എനര്‍ജി കമ്മീഷന്‍, സാഹിത്യ അക്കാദമി, നാഷണല്‍ മ്യൂസിയം, തുടങ്ങി പല സ്ഥാപനങ്ങളും ആരംഭിക്കുന്നത്. ഭാക്ഡയിലും നംഗളിലും, ഹിരാക്കുഡിലും അണക്കെട്ടുകള്‍ സ്ഥാപിക്കുന്നത് അദ്ദേഹമാണ്. നമ്മുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍ അപ്‌സര പ്രവര്‍ത്തനം ആരംഭിക്കുന്നത് 56 -ല്‍ നെഹ്രുവിന്റെ കാലത്താണ്. ഇന്ത്യയുടെ ആദ്യത്തെ വിജയകരമായ റോക്കറ്റ് വിക്ഷേപണം തുമ്പയില്‍ നിന്ന് നടക്കുന്നത് 63 -ലാണ്. അദ്ദേഹത്തിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം ആധുനിക ഇന്ത്യയെ ഇന്ന് കാണും വിധത്തില്‍ ആക്കിയത് അദ്ദേഹമാണ് എന്നതാണ്. വിഭജനം നടന്നു പാക്കിസ്ഥാന്‍ വേറെ പോയി എങ്കിലും, നാട്ടുരാജ്യങ്ങളായി വിഭജിച്ചു കിടന്ന അവശേഷിച്ച ഇന്ത്യയെ പരമാവധി ഏകീകരിച്ച് ഒന്നാക്കി തന്നെ ഒരൊറ്റ രാജ്യമാക്കി മാറ്റണം എന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. വിപി മേനോന്‍ എന്ന മലയാളി ബ്യുറോക്രാറ്റിന്റെ സഹായത്തോടെ അന്ന് അദ്ദേഹം അതിനായി നടത്തിയ പരിശ്രമങ്ങള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്.
സ്വാതന്ത്ര്യം കിട്ടിയതിനു പിന്നാലെ, നെഹ്റു പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്, 1950 -ല്‍, ആണ് അശോക ചക്രവര്‍ത്തിയുടെ ലയണ്‍സ് കാപിറ്റല്‍ സ്തംഭം, ഇന്ത്യയുടെ ദേശീയ ചിഹ്നമായി മാറുന്നത്. അന്ന്, ഇന്ത്യന്‍ റിപ്പബ്ലിക്കിന് എന്ത് ചിഹ്നം വേണം എന്ന ചോദ്യം, ഭരണഘടനാ അസംബ്ലിയില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. അന്ന്, ഒരു കൊളോണിയല്‍ ഭൂതകാലത്തില്‍നിന്ന് പുതിയൊരു ചരിത്രത്തിലേക്ക് നീങ്ങുന്ന ഇന്ത്യ എന്ന ഹിന്ദു ഭൂരിപക്ഷ രാജ്യത്തിന് വളരെ എളുപ്പത്തില്‍ ജയ് ശ്രീരാം പോലെ ഒരു വരിയോ അല്ലെങ്കില്‍ ഹിന്ദു മതത്തിലെ ഏതെങ്കിലും ഒരു ചിഹ്നമോ രാജ്യത്തിന്റെ ചിഹ്നമായി സ്വീകരിക്കാമായിരുന്നു. അന്ന് അതങ്ങനെ അല്ലാതിരുന്നത്, തലപ്പത്തു നെഹ്റു എന്ന, ബഹുസ്വരതയെ നെഞ്ചോട് ചേര്‍ക്കുന്ന ഒരു രാഷ്ട്ര നേതാവുണ്ടായിരുന്നതുകൊണ്ട് മാത്രമാണ്. അന്ന് നെഹ്രുവും സര്‍വേപ്പള്ളി രാധാകൃഷ്ണനും ചേര്‍ന്ന് എങ്ങനെയാണ്, കുറേക്കൂടി അന്താരാഷ്ട്ര സ്വീകാര്യതയുണ്ടായിരുന്ന അശോക ചക്രവര്‍ത്തിയുടെ കാലഘട്ടത്തിന്റെ സൂചകമായി സാരാനാഥിലെ സ്തംഭം, മുണ്ഡകോപനിഷത്തിലെ സത്യമേവ ജയതേ എന്ന വരികൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് അശോക സ്തംഭം എന്ന പേരില്‍ നമ്മുടെ രാജ്യത്തിന്റെ അടയാളമായി മാറിയത് എങ്ങനെ എന്ന് അനന്യ വാജ്പേയി എഴുതിയ Righteous Republic എന്ന പുസ്തകത്തിന്റെ, നാലാം അധ്യായത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്.
നെഹ്രുവിന്റെ പാളിച്ചകള്‍
ഒരു ഭരണാധികാരി എന്ന നിലയ്ക്ക് നെഹ്റുവിനും പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. മഹാന്മാര്‍ക്ക് തെറ്റുകള്‍ പറ്റുമ്പോള്‍ സ്വാഭാവികമായും അതിന്റെ തീവ്രതയും പതിവില്‍ കൂടുതലാവും. നെഹ്റുവിന് പറ്റിയ ഏറ്റവും വലിയ രണ്ടു പാളിച്ചകള്‍ അദ്ദേഹം വിഭജനത്തിന് സമ്മതിച്ചു എന്നതും, ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചില്ല എന്നതുമാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ പരമാവധി ക്ഷീണം പറ്റിനിന്ന ബ്രിട്ടന്‍ ഏതുവിധേനയും ഇന്ത്യയിലെ കോളനി ഭരണം അവസാനിപ്പിച്ച് മടങ്ങിയാല്‍ മതി എന്ന ചിന്തയില്‍ ആയിരുന്നിട്ടും അവര്‍ ഒരുക്കിയ വിഭജനം എന്ന കെണിയിലേക്ക് അദ്ദേഹം നടന്നു കയറി. അതോടെ തുടക്കമിടുന്നത് ഇന്ത്യക്ക് ശേഷിക്കുന്ന കാലമത്രയും നേരിടാനുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കാണ്.
അതുപോലെ, കശ്മീരിന്റെ മൂന്നില്‍ ഒരു ഭാഗം ഇന്ത്യക്ക് നഷ്ടപ്പെടാന്‍ കാരണം നെഹ്രുവാണ് എന്നാണ് 2019 ജൂലൈയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. 1947 -ല്‍ വലിയ ഒരു പ്രതിസന്ധിയാണ് കശ്മീരിന്റെ കാര്യത്തില്‍ ഉണ്ടായത്. ഇന്ത്യയില്‍ ചേരണോ പാകിസ്ഥാനില്‍ ചേരണോ എന്ന് തീരുമാനിക്കാന്‍ വൈകുന്ന ഹരി സിംഗ് എന്ന രാജാവ്. അതിനിടെ കിട്ടിയ അവസരം മുതലെടുത്ത് കശ്മീരിലേക്ക് അധിനിവേശം നടത്തുന്ന പാക്കിസ്ഥാന്‍ എന്ന ശത്രു രാജ്യം. ഗവണ്മെന്റ് ഉടനടി ഇടപെട്ടില്ലെങ്കില്‍ കശ്മീരിലെ ന്യൂന പക്ഷമായ ഹിന്ദുക്കള്‍ വംശഹത്യക്ക് ഇരയാവും എന്ന അവസ്ഥ. ആ അവസ്ഥയില്‍ ഇന്ത്യക്ക്, കശ്മീരിലെ താന്‍ കൂടി അംഗമായ പണ്ഡിറ്റുകളുടെ സമൂഹത്തിന് ഹിതകരമാവും എന്ന് ധരിച്ച ഒരു പരിഹാരത്തിനുവേണ്ടിയാണ് അന്നദ്ദേഹം തയ്യാറാവുന്നത്. വിഭജനകാലത്ത് കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയെ ഇടപെടീച്ചതാണ് നെഹ്രുവിന്റെ ഭാഗത്തുനിന്ന് മറ്റൊരു പാളിച്ചയായി ഇന്ന് പലരും പറയുന്നത്. എന്നാല്‍ അന്ന് അദ്ദേഹമെങ്ങനെ ചെയ്തതത് ഇന്ത്യയുടെ നയതന്ത്ര താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിക്കൂടിയാണ്.
നെഹ്രുവിന്റെ രണ്ടാമത്തെ പിഴ ചൈനയുമായുള്ള തര്‍ക്കത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതില്‍ കാണിച്ച അനവധാനതയാണ്. ചൈന നെഹ്രുവിനു പിണഞ്ഞ തെറ്റുകളില്‍ ഒന്നാണ്. Nehru Tibet and China, എന്ന തന്റെ പുസ്തകത്തില്‍ അവതാര്‍ സിംഗ് ഭാസിന്‍ നെഹ്റുവിന് ചൈനയുടെ കാര്യത്തില്‍ പറ്റിയ പിഴവുകള്‍ വിസ്തരിച്ചു വിമര്‍ശന വിധേയമാക്കുന്നുണ്ട്. സോവിയറ്റ് യൂണിയനെ ഏറ്റവും അടുത്ത നയതന്ത്ര ബന്ധങ്ങളുള്ള മിത്രമായി കണക്കാക്കുമ്പോള്‍ തന്നെ ചൈനയോട് നെഹ്റുവിന് ഒരു ഈയാംപാറ്റക്ക് തീനാളത്തോട് എന്നപ്പോലുള്ള മാരകമായ ആകര്‍ഷണം ഉണ്ടായിരുന്നു. 'ഇന്തി ചീനി ഭായി ഭായി' എന്ന മുദ്രാവാക്യമൊക്കെ നെഹ്രുവിന്റെ കാലത്ത് പ്രചരിച്ചു എങ്കിലും, അത്തരത്തില്‍ ഒരു ഭായി ബന്ധവും ചൈനക്കാര്‍ക്ക് ഭാരതീയരോട് ഒരിക്കലും ഉണ്ടായിരുന്നില്ല. തിബത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് രഹസ്യ അജണ്ടകളുണ്ട് എന്ന സംശയമാണ് ആദ്യമുതലേ നമ്മളെ ശത്രുക്കളായി കാണാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
തിബത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ വേണ്ടി 1914 -ല്‍ ഒപ്പുവെക്കപ്പെട്ട ഷിംല കണ്‍വെന്‍ഷനോട് ചൈനയ്ക്കുണ്ടായിരുന്ന നീരസം മനസ്സിലാക്കാന്‍ പണ്ഡിറ്റ്ജിക്ക് ഒരിക്കലും കഴിയുന്നില്ല. 1954 -ല്‍ പഞ്ച ശീല തത്വങ്ങളില്‍ ഒപ്പുവെച്ചതോടെ ചൈന ചെയ്യുന്നത് ഇന്ത്യയെ തിബത്തില്‍ നിന്ന് തുരത്തുക തന്നെയാണ്. ഇന്തോ പാക് തര്‍ക്കങ്ങളില്‍ എന്നും പാകിസ്താന്റെ പക്ഷത്തുമാത്രം ചൈന നിലയുറപ്പിക്കാന്‍ തുടങ്ങിയിട്ടും നെഹ്റു അതിനെ അവഗണിച്ചു കൊണ്ട് ചൈനയോടുള്ള സൗഹൃദം തുടരുന്നു. ചൈനയുമായുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനം മാക് മോഹന്‍ രേഖ പ്രകാരം ഇന്ത്യയുടെത് എന്ന് നെഹ്റു കരുതിയിരുന്ന തവാങ് ആണ്. 1951 -ല്‍ ഇന്ത്യ തവാങ് ഏറ്റെടുത്തതോടെ ആണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അതുപോലെ അക്‌സൈ ചിന്‍ പ്രദേശത്തിന്റെ കാര്യത്തിലും അവ്യക്തതകള്‍ തുടര്‍ന്ന് പോവുന്നു. സത്യത്തില്‍ ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തികളുടെ കാര്യത്തില്‍ നെഹ്രുവിനു തന്നെ അവ്യക്തത ഉണ്ടായിരുന്നു എന്നാണ് പാര്‍ലമെന്റില്‍ 1959 ഡിസംബറില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്.
1959 -ല്‍ ദലൈലാമ തിബത് വിട്ടോടിയപ്പോള്‍, നെഹ്റു അദ്ദേഹത്തെ രണ്ടുകയ്യും വിരിച്ചു സ്വാഗതം ചെയ്തത്, ഇന്ത്യയില്‍ അഭയം നല്‍കിയത്, മാവോയെ കാര്യമായി ചൊടിപ്പിക്കുന്നുണ്ട്. തിബറ്റുമായി ബന്ധപ്പെട്ടുണ്ടായ അതിര്‍ത്തിയിലെ അല്ലറ ചില്ലറ സംഘര്‍്ഷങ്ങളാണ് ഒടുവില്‍ 1962 ചൈനയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാവുന്നതിലേക്ക് നയിക്കുന്നത്. മാവോയുടെ സൈന്യം ഇന്ത്യയെ കടന്നാക്രമിക്കും എന്നു നെഹ്റു സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതിനുവേണ്ടി തയ്യാറല്ലായിരുന്നു എന്നതുകൊണ്ടുതന്നെ, ആ യുദ്ധത്തിലേറ്റ തോല്‍വി അദ്ദേഹത്തെ മാനസികമായി വല്ലാതെ തളര്‍ത്തുന്നുണ്ട്. അത്രയും കാലം അദ്ദേഹം അടിയുറച്ചു വിശ്വസിച്ചിരുന്ന ഇന്തോ ചൈന സൗഹൃദം എന്ന മരീചിക മാവോ തച്ചു തകര്‍ത്ത ശേഷം, യുദ്ധത്തില്‍ നമ്മുടെ നാലിരട്ടി സന്നാഹങ്ങള്‍ ഉണ്ടായിരുന്ന ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ നിഷ്പ്രയാസം തോല്പിച്ചപ്പോള്‍, അതിന്റെ മാനക്കേട് അദ്ദേഹത്തിന്റെ ആരോഗ്യത്തെ പെട്ടെന്ന് ക്ഷയിപ്പിക്കുന്നു. പിന്നീട് അധികകാലം നെഹ്റു ജീവനോടെ ഇരിക്കുന്നു പോലുമില്ല.
നെഹ്രുവിന്റെ കേരള ബന്ധം
നെഹ്രുവിന്റെ ജീവിതം കേരളം എന്ന പ്രദേശവുമായി സന്ധിക്കുന്ന ഒരു പ്രധാന അവസരം ഒരു വിവാദവേള കൂടിയാണ്. വര്‍ഷം 1931. തിരുവിതാം കൂര്‍ രാജ്യം റീജന്റ് മഹാറാണിയുടെ ഭരണത്തിന് കീഴില്‍, ദിവാന്‍ വിഎസ് സുബ്രഹ്മണ്യ അയ്യര്‍ ഭരണത്തിലുള്ള കാലം. കമലാ നെഹ്രുവിന്റെ ചികിത്സാര്‍ത്ഥമുള്ള ഏതോ ഒരു വിദേശ യാത്രക്ക് ശേഷം, 1931 മെയ് 25 -നാണ് നെഹ്രുവും കമലയും ഇന്ദിരയും അടങ്ങുന്ന ഒരു സംഘം കൊളംബോ വഴി തിരുവനന്തപുരത്തടുക്കുന്നത്. കപ്പലില്‍ കടലുകടന്നുള്ള യാത്രക്ക് ശേഷമാണ് നെഹ്റു വന്നിട്ടുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം. കാര്യം വലിയ ആജ്ഞേയവാദി ഒക്കെയാണ് എങ്കിലും കൊത്തുപണികളില്‍ വലിയ താത്പര്യമുള്ള നെഹ്റു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കയറാന്‍ സാധ്യതയുണ്ട് എന്നൊരു അഭ്യൂഹം അന്ന് അനന്തപുരിയില്‍ പരക്കുന്നു. അന്നാണെങ്കില്‍, കടല് കടന്നവരെ കയറ്റി അമ്പലം അശുദ്ധമാക്കാത്ത കടുത്ത യാഥാസ്ഥിതിക കാലവുമാണ്. സാക്ഷാല്‍ ഉള്ളൂര്‍ പരമേശ്വരയ്യര്‍ എന്ന നമ്മുടെ മഹാകവിയാണ് അന്ന് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്.
അന്ന് നെഹ്റുവിനെ അമ്പലത്തില്‍ പോയിട്ട് കോട്ടയ്ക്കകത്ത് പോലും കയറ്റില്ല എന്ന നിലപാടാണ് മഹാറാണി സ്വീകരിക്കുന്നത്. അതിനുവേണ്ടി അന്നത്തെ പോലീസ് സൂപ്രണ്ട് കോട്ടയുടെ സകല വാതിലുകളും നെഹ്രുവിനു മുന്നില്‍ കൊട്ടിയടക്കുന്നു. അങ്ങനെ അന്ന് നെഹ്റുവിന് കോട്ടയ്ക്കകത്ത് കയറാന്‍ പറ്റാതെ കറങ്ങി തിരിച്ചു പോവേണ്ടിവന്നു എന്നും, പിന്നീട് കരമനയില്‍ നിന്ന് പുറപ്പെട്ടുവന്ന ഒരു ജാഥയില്‍ നെഹ്റു മുഖം കാണിച്ചു എന്നുമൊക്കെ ആണ് തിരുവനന്തപുരത്തിന്റെ ചരിത്രകാരനായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നത്. നെഹ്രുവിനോട് കാണിച്ച ഈ അനാദരവിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് കേസരി ബാലകൃഷ്ണപിള്ള മെയ് 27 -ന് ഒരു മുഖപ്രസംഗം എഴുതുകയുണ്ടായി. കോട്ടകൊത്തളങ്ങള്‍ കൊട്ടിയടച്ച്, പട്ടാളക്കാരെ പാറാവുനിര്‍ത്തി ജവഹര്‍ലാല്‍ നെഹ്റു എന്ന ജനനായകന് പ്രവേശനം നിഷേധിച്ച അയ്യര്‍ ദിവാന്റെ നടപടി 'തിരുവിതാംകൂറുകാര്‍ക്ക് കല്പാന്തകാലത്തോളം ഒരു തീരാക്കളങ്കമായിതത്തീരുന്നതാണ്' എന്ന് അപലപിച്ചുകൊണ്ടുള്ള ആ എഡിറ്റോറിയല്‍ ലേഖനം 'കേസരിയുടെ മുഖപ്രസംഗങ്ങള്‍' എന്ന പുസ്തകത്തിന്റെ ഭാഗമാണ്.
നെഹ്രുവിന്റെ മറ്റൊരു കേരള ബന്ധം നെഹ്രുവിലുള്ള ഒരു വൈരുധ്യമാണ്. നെഹ്രുവിയന്‍ തത്വചിന്തകള്‍ക്ക് കടക വിരുദ്ധമായി നെഹ്റു പ്രവര്‍ത്തിച്ച ഒരു സംഭവം. അതായിരുന്നു കേരളത്തില്‍ നടന്ന വിമോചന സമരത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം. കേരളം എന്ന പുതിയ സംസ്ഥാനത്ത് ആദ്യമായി വോട്ടെടുപ്പിലൂടെ ജനങ്ങള്‍ തിരഞ്ഞെടുത്ത് അധികാരത്തിലിരുന്ന ആദ്യ മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭാ അധികാരത്തില്‍ വരുന്നത് 1957 -ലാണ്. അന്ന് അതിനെ വലിച്ചു താഴയിടാന്‍ കേരളത്തിലെ കോണ്‍ഗ്രസ്, നാട്ടിലെ സകല വര്‍ഗീയ സംഘടനകളോടും കൂട്ടുകൂടിയപ്പോള്‍, അന്ന് എഐസിസി പ്രസിഡന്റ് ആയിരുന്ന മകള്‍ ഇന്ദിരയുടെയും കോണ്‍ഗ്രസ് ഹൈക്കമാണ്ടിലെ അന്നത്തെ പവര്‍ കോക്കസ് ആയിരുന്ന സിണ്ടിക്കേറ്റിന്റെ മറ്റു താപ്പാനകളുടെയും ഉപദേശം നിരസിക്കാനാവാതെ അതിനു വഴങ്ങികൊണ്ട്, ആ മന്ത്രിസഭയെ പിരിച്ചു വിടുന്നത് നെഹ്റുവാണ്. നെഹ്റു അതുവരെ പറഞ്ഞ കാര്യങ്ങളുടേയുമെല്ലാം ശോഭ കെടുത്തുന്ന ഒരു വൈരുദ്ധ്യമാണ് ഒരു ഭരണാധികാരി എന്ന നിലക്ക് നെഹ്രുവിനോടുള്ള വിമര്‍ശനങ്ങളില്‍ ഒന്ന്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ സ്വജന പക്ഷപാതം വളരുന്നത് തടയാന്‍ അദ്ദേഹം ഒന്നും തന്നെ ചെയ്തില്ല എന്നാണ്. മകള്‍ ഇന്ദിരയ്ക്ക് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുളള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക വഴി അദ്ദേഹം കുടുംബ ഭരണത്തിന് വഴിമരുന്നിടുകതന്നെ ആണ് ചെയ്തത് എന്നാണ്. നെഹ്രുവിനു ശേഷം ഭരണത്തില്‍ വന്ന ഇന്ദിര ഗാന്ധിയില്‍ നിന്നുണ്ടായ പല നടപടികളും നെഹ്റു അടിയുറച്ചു വിശ്വസിച്ചിരുന്ന രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക് കടക വിരുദ്ധമായിരുന്നു എന്നതും ഇടയ്ക്കിടെ ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്നാണ്. അതേസമയം, നെഹ്റു ഒരിക്കലും ഇന്ദിരയെ പ്രൊമോട്ട് ചെയ്തിരുന്നില്ല എന്നും, നെഹ്റുവിന്റെ കാലശേഷം, തങ്ങള്‍ക്ക് ഇഷ്ടത്തിന് മാനിപ്പുലേറ്റ് ചെയ്യാവുന്ന ഒരു മിണ്ടാപ്പൂച്ചയെ കിട്ടി എന്ന് കരുതിയ സിണ്ടിക്കേറ്റിന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് ഇന്ദിര വളര്‍ന്നതാണ് പിന്നീട്കുടുംബ ഭരണത്തിന് വഴിവെച്ചത് എന്നും, അതില്‍ നെഹ്റുവിനെ പഴിചാരുന്നത് ശരിയല്ല എന്നും കരുതുന്നവരും ഉണ്ട്.
കേരളവുമായി നെഹ്‌റുവിനുള്ള അടുത്ത ബന്ധം നടക്കുന്നത്, 1962 -ല്‍ തിരുവനന്തപുരത്തെ തുമ്പയിലാണ്. നെഹ്രുവിന്റെ കാലത്താണ് തുമ്പയില്‍ ഇന്ത്യയുടെ ആദ്യത്തെ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച് (ഇന്‍കോസ്പാര്‍) തീരുമാനിക്കുന്നത്. ഭൂമിയുടെ കാന്തിക രേഖയോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന തുമ്പയിലെ കടല്‍ തീരത്തിനും റെയില്‍വേ ലൈനിനും ഇടയ്ക്കു കിടക്കുന്ന ഒരു ഭാഗം അതിനു വളരെ അനുയോജ്യമാണെന്ന് കണ്ടെത്തുന്നത് അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച് ലബോറട്ടറിയിലെ ഡോ. ചിറ്റ്‌നിസ് ആയിരുന്നു. സ്ഥലം ഏറ്റെടുക്കാന്‍ വലിയൊരു തടസ്സം ഉണ്ടായിരുന്നു. അവിടെയായിരുന്നു സെന്റ് മേരി മഗ്ദലന്‍ പള്ളി സ്ഥിതിചെയ്തിരുന്നത്. അന്ന് വിക്രം സാരാഭായ് നേരിട്ട് ചെന്ന് റവ. പീറ്റര്‍ ബെര്‍ണാഡ് പെരേരയെ കണ്ടു സംസാരിച്ചപ്പോള്‍ ചര്‍ച്ച് അടക്കമുള്ള പ്രദേശം ഈ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് വിട്ടുകൊടുക്കാന്‍ തുമ്പ ഗ്രാമം തയ്യാറാവുന്നു. അന്ന് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ജോലി കൊടുക്കാന്‍ സര്‍ക്കാരും തയ്യാറാവുന്നുണ്ട്. ഗ്രാമവാസികളുടെ അപേക്ഷ പ്രകാരം പൊളിക്കാതെ തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്റെ ഓഫിസാക്കി നിലനിര്‍ത്തിയ ആ പള്ളിയുടെ അള്‍ത്താരയടങ്ങുന്ന കെട്ടിടം ഇന്നൊരു മ്യൂസിയമാണ്. ആ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ സാരാഭായിയുടെ മരണ ശേഷം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ അഥവാ VSSC എന്നാണ് അറിയപ്പെടുന്നത്. ചുരുക്കത്തില്‍, ക്രാന്ത ദര്‍ശിയായ നെഹ്രുവിന്റെ കാര്‍മികത്വത്തില്‍ മതം ശാസ്ത്രത്തിനു വഴിമാറിയ അപൂര്‍വ്വാവസരങ്ങളില്‍ ഒന്നാണ് അന്ന് തുമ്പയില്‍ അരങ്ങേറിയത്.
ആത്മവിമര്‍ശകനായ നെഹ്റു
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. പ്രധാനമന്ത്രിപദത്തിലേറുന്നതിന് ഏറെ മുമ്പുതന്നെ ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനിഷേധ്യസ്വരങ്ങളില്‍ ഒന്നായി നെഹ്റു മാറിക്കഴിഞ്ഞിരുന്നു. 1937-ല്‍ മൂന്നാം വട്ടം എഐസിസി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോടെ നെഹ്റുവിനെ ഒരു ഭയം ആവേശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ തന്റെ അഗ്രഗണ്യതയെ പൊതുജനം ഏകാധിപത്യവാഞ്ഛയായി കണക്കാക്കുമോ എന്നതായിരുന്നു അത്.
ഏറെ സ്വാധീനശക്തിയുള്ള, ആജ്ഞാശക്തിയുള്ള ആ നേതാവിന് തന്റെ തന്നെ വ്യക്തിപ്രഭാവം ഒരു ബാധ്യതയായി അനുഭവപ്പെടാന്‍ തുടങ്ങി. നെഹ്റുവിനെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കും തന്നെ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട്, ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട് നെഹ്‌റു 'ചാണക്യ' എന്ന തൂലികാനാമത്തില്‍, 'രാഷ്ട്രപതി' എന്ന തലക്കെട്ടില്‍ ഒരു നെഹ്റുവിമര്‍ശനം എഴുതി. അത് 1937-ല്‍ ബംഗാളി ചിന്തകനായിരുന്ന രാമാനന്ദ ചാറ്റര്‍ജിയുടെ 'ദ മോഡേണ്‍ റിവ്യൂ' എന്ന മാസികയില്‍ അച്ചടിച്ചു വരികയും ചെയ്തു.
പ്രസ്തുത ലേഖനത്തില്‍ ചാണക്യ എന്ന ലേഖകന്‍, നെഹ്റു എന്ന നേതാവിനെ സീസറിനോടാണ് ഉപമിക്കുന്നത്. ഏത് നിമിഷവും സ്വേച്ഛാധിപത്യത്വര പ്രകടിപ്പിക്കാവുന്ന ഒരു സാധാരണ രാഷ്ട്രീയ നേതാവ് മാത്രമാണ് കൊട്ടിഘോഷിച്ചുകൊണ്ട് കോണ്‍ഗ്രസ് കൊണ്ടുനടക്കുന്ന നെഹ്റു എന്ന് ചാണക്യ വിമര്‍ശിച്ചു. ഈ ലേഖനം പിന്നീട് നെഹ്റുവിന്റെ പേട്രിയറ്റ്‌സ്, പോയറ്റ്‌സ് ആന്‍ഡ് പ്രിസണേഴ്സ് എന്ന ലേഖനസമാഹാരത്തിന്റെ ഭാഗമാകുന്നുണ്ട്. ആത്മവിമര്‍ശനം നിറഞ്ഞ ആ ലേഖനം അദ്ദേഹം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്, ''അനവസരത്തിലുള്ള പ്രശംസയും, അമിതമായ മുഖസ്തുതിയും കൊണ്ട് നെഹ്റുവിനെ നമ്മള്‍ നശിപ്പിക്കാന്‍ പാടില്ല. ജവഹറിന്റെ അഹംഭാവം ഇപ്പോള്‍ തന്നെ മാനംമുട്ടുവോളമാണ്. അത് നിയന്ത്രണാധീനമാക്കി നിര്‍ത്തേണ്ടതുണ്ട്. ഇനിയുമൊരു സീസറിനെ, നമുക്കാവശ്യമില്ല.'' എന്നാണ്. അതുപോലെ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നെഹ്റുവിനെ കളിയാക്കിക്കൊണ്ട് വരച്ചിട്ടുള്ളത് ഏതാണ്ട് നാലായിരം കാര്‍ട്ടൂണുകളാണ്. തന്നെക്കുറിച്ച് ശങ്കര്‍ വരച്ച കാര്‍ട്ടൂണുകള്‍ നെഹ്റു ഇന്ദിരക്ക് അയച്ചു കൊടുക്കുമായിരുന്നു പലപ്പോഴും. അതുപോലെ, 'Don't spare me Shankar' എന്ന നെഹ്രുവിന്റെ അഭ്യര്‍ത്ഥനയും ഏറെ പ്രസിദ്ധമാണ്.
നെഹ്‌റുവിനെക്കുറിച്ചുള്ള നുണകള്‍
എന്നാല്‍, ഇത്രയൊക്കെ സത്യസന്ധത പുലര്‍ത്തിയിട്ടും അദ്ദേഹത്തിന്റെ ഈ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ പലപ്പോഴുമായി പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവുന്നുണ്ട്. നെഹ്റു ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്, അദ്ദേഹം സുഭാഷ് ചന്ദ്ര ബോസിനെ വാര്‍ ക്രിമിനല്‍ അഥവാ യുദ്ധ കുറ്റവാളി എന്ന് വിളിച്ചിട്ടുണ്ട്, സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം അച്ചടിച്ച നോട്ടുകള്‍ നെഹ്റു നിരോധിച്ചിട്ടുണ്ട്, ഏതോ റാലിയില്‍ വെച്ച് അക്രമാസക്തമായ ഒരു ജനക്കൂട്ടം ഒരിക്കല്‍ നെഹ്റുവിനെ മര്‍ദ്ദിച്ച് അവശനാക്കിയിട്ടുണ്ട് എന്നിങ്ങനെ പല വ്യാജ വാര്‍ത്തകളും നെഹ്‌റുവിനെക്കുറിച്ച് വലതുപക്ഷ നുണനിര്‍മാണ ഫാക്ടറികള്‍ പ്രചരിപ്പിക്കുന്നുണ്ട്.
നെഹ്റുവിനെ സ്വഭാവഹത്യ ചെയ്യാന്‍ വേണ്ടിയുള്ള ആക്രമണങ്ങളില്‍ ഏറ്റവും വലുത് നടക്കുന്നത് 2015-ലാണ്. അത്തവണ അദ്ദേഹത്തിന്റെ വിക്കിപീഡിയ പേജ് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ ഐപി അഡ്രസില്‍ നിന്നുള്ള ഒരു അക്കൗണ്ട് ഉപയോഗിച്ച് വളരെ അപകീര്‍ത്തികരമാം വിധം തിരുത്തപ്പെട്ടു. നെഹ്രുവിന്റെ മുത്തച്ഛന്‍ ഗംഗാധര്‍ നെഹ്റു ഒരു മുസ്ലിം ആണെന്നും അലഹബാദിലെ ചുവന്ന തെരുവിലാണ് നെഹ്റു ജനിച്ചതെന്നും ആയിരുന്നു ആ എഡിറ്റുകള്‍. നിമിഷങ്ങള്‍ക്കകം അവ തിരുത്തപ്പെട്ടെങ്കിലും, എഡിറ്റ് ഹിസ്റ്ററിയില്‍ അവ ഇന്നുമുണ്ട്. ആ എഡിറ്റുകള്‍ക്ക് ആധാരമായി ഒരു തെളിവും തന്നെ നല്കപ്പെട്ടിരുന്നില്ല. ആ 'തിരുത്ത്' നെഹ്റുവിനെപ്പറ്റി 'നിങ്ങള്‍ക്കിനിയും അറിയാത്ത സത്യങ്ങള്‍' എന്ന പേരില്‍ ഇന്റര്‍നെറ്റ് എന്ന മഹാ സമുദ്രത്തില്‍ പ്രചരിക്കുന്ന പലവിധം നുണകളില്‍ ഒന്നുമാത്രമാണ്.
നെഹ്റു ഒരു സ്ത്രീലമ്പടന്‍ ആയിരുന്നു എന്ന് കാണിക്കാന്‍ വേണ്ടി രണ്ടു ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഒന്ന്, അദ്ദേഹം ഒരു സ്ത്രീയെ കെട്ടിപ്പിടിക്കുന ചിത്രമാണ്. രണ്ടാമത്തേത് അദ്ദേഹത്തെ പിന്നില്‍ നിന്ന് ഒരു സ്ത്രീ ഉമ്മ വെക്കുന്ന ചിത്രം. ആദ്യചിത്രത്തില്‍ ഏതോ എയര്‍പോര്ട്ട് ടാര്‍മാക്കില്‍ വെച്ച് കെട്ടിപ്പിടിക്കുന സ്ത്രീയുടെ പേര് വിജയലക്ഷ്മി പണ്ഡിറ്റ് എന്നാണ്. അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകയും ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറലും ആയിരുന്ന അവര്‍ അദ്ദേഹത്തിന്റെ അനുജത്തിയാണ്. ഉമ്മവെക്കുന്ന സ്ത്രീയുടെ പേര് നയന്‍ താര സൈഗാള്‍ എന്നാണ്. അവര്‍ അദ്ദേഹത്തിന്റെ അനന്തരവളാണ്. മകളുടെ സ്ഥാനം.
യൂട്യൂബില്‍ 'ഹിന്ദുസ്ഥാന്‍ കെ സബ് സെ അയ്യാഷ് ആദ്മി' എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിങ്. അതില്‍ രാജീവ് ദീക്ഷിത് എന്നുപേരായ ഒരു വ്യക്തി നെഹ്രുവിനെപ്പറ്റിയുള്ള ആരോപണങ്ങളുടെ ഒരു കെട്ടു തന്നെ അഴിച്ചുവിടുന്നുണ്ട്. ആ വീഡിയോ ഇതിനകം കണ്ടത് 36 ലക്ഷം പേരാണ്. അതില്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പകുതിയും അപ്രസക്തവും വാസ്തവ വിരുദ്ധവുമാണ്, എന്നാല്‍ നെഹ്റുവിനെ കരിവാരിത്തേക്കാന്‍ തെറ്റിദ്ധാരണാജനകമായ ഇത്തരം പ്രസംഗങ്ങള്‍ ധാരാളമാണ്.
ബിജെപിയുടെ ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ അടക്കമുള്ളവര്‍ റീട്വീറ്റ് ചെയ്ത ഒരു ഉദ്ധരണിയും നെഹ്രുവിന്റേതെന്ന മട്ടില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടിന്നും . അത് ഇപ്രകാരമാണ് , 'ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഒരു ഇംഗ്ലീഷുകാരനും, സംസ്‌കാരം കൊണ്ട് ഒരു മുസ്ലീമും, യാദൃച്ഛികത ഒന്ന് കൊണ്ടുമാത്രം ഹിന്ദുവുമാണ്..'. ഇങ്ങനെ ഒരിക്കലും നെഹ്റു പറഞ്ഞിട്ടില്ല. ഇങ്ങനെ ഒരു വാക്യം, എഴുതുന്നതും അതിനു പ്രചാരം നല്‍കുന്നതും 1930 -കളിലും നാല്പതുകളിലും ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് ആയിരുന്ന എന്‍ബി ഖരെ ആണ്. പക്ഷെ ഏറെക്കാലമായി ഈ ഉദ്ധരണിയുടെ പിതൃത്വം വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ ജവഹര്‍ലാലിനു തന്നെയാണ്.
നെഹ്രുവിനെതിരെയുള്ള വിദ്വേഷപ്രചാരകര്‍ മരണത്തിലും അദ്ദേഹത്തെ വെറുതെ വിട്ടില്ല. വിഷയാസക്തനായ നെഹ്റു ഒടുവില്‍ മരണപ്പെട്ടത് സിഫിലിസ് ബാധിച്ചിട്ടാണെന്ന് അവര്‍ പറഞ്ഞു പ്രചരിപ്പിച്ചു. ഇന്നും ആ നുണകള്‍ ഇന്റര്‍്‌നെറ്റിലുണ്ട്. ഇന്നും അതൊക്കെ പലരും പലര്‍ക്കും ഫോര്‍വേഡും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
സ്ത്രീജിതനായ നെഹ്റു
നെഹ്രുവിനെക്കുറിച്ചുള്ള അപവാദങ്ങളില്‍, അദ്ദേഹത്തിന്റെ പരസ്ത്രീ ബന്ധങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വരാതിരിക്കാന്‍ വഴിയില്ല. അതില്‍ ഏറ്റവും പ്രധാനം, എഡ്വിന മൗണ്ട് ബാറ്റണ്‍ എന്ന വനിതയുമായി ആരോപിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പ്രേമബന്ധമാണ്. അങ്ങനെ ഒരാക്ഷേപത്തിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നു.
1947 ഓഗസ്റ്റ് 14 -ന് അര്‍ദ്ധരാത്രി. ദില്ലിയിലെ പാര്‍ലമെന്റ് ഹൗസിന്റെ നടുത്തളത്തില്‍ ഒരു ഘനഗംഭീര ശബ്ദം മുഴങ്ങുന്നു, 'Long years ago now we made a tryst with destiny...' എന്ന് തുടങ്ങിയ ആ പാതിരാപ്രസംഗത്തിനു പിന്നാലെ ഇന്ത്യ, ബ്രിട്ടന്റെ നൂറ്റാണ്ടുകള്‍ നീണ്ട കോളനിഭരണത്തില്‍ നിന്ന് മോചിതമാകുന്നു. ഒരു സ്വതന്ത്രരാജ്യമായി മാറുന്നു. ആ പ്രസംഗം നടത്തിയ ആള്‍, ജവഹര്‍ലാല്‍ നെഹ്‌റു, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ആയിത്തീരുന്നു. അന്ന്, കൊളോണിയല്‍ ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന ലോര്‍ഡ് മൗണ്ട് ബാറ്റനോട്, സ്വതന്ത്ര ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒരു അഭ്യര്‍ത്ഥന നടത്തുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ എന്ന പദവി ഏറ്റെടുത്ത് കുറച്ചുകാലം കൂടി രാജ്യത്ത് തുടരണം. സ്വാതന്ത്ര്യത്തിന്റെ വഴിയില്‍ പിച്ചവെച്ചുതുടങ്ങിയ ഇന്ത്യ എന്ന പുതിയ രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിക്കണം.
നെഹ്റു എന്ന സുഹൃത്തിന്റെ അപേക്ഷ മൗണ്ട് ബാറ്റന് തള്ളിക്കളയാന്‍ സാധിക്കുന്നില്ല. അദ്ദേഹം ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സന്നദ്ധനാവുന്നു. 1947 ഫെബ്രുവരിയില്‍ മൗണ്ട് ബാറ്റണ്‍ പ്രഭു ഇന്ത്യയുടെ അവസാന വൈസ്രോയിയായി ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവന്നപ്പോള്‍ അദ്ദേഹം തനിച്ചായിരുന്നില്ല. കൂടെ പത്‌നി എഡ്വിനയുമുണ്ടായിരുന്നു. 1947 മാര്‍ച്ചിലാണ് എഡ്വിന ഇന്ത്യയിലേക്ക് എത്തുന്നത്. അതീവ സുന്ദരിയും, തികഞ്ഞ ബുദ്ധിമതിയുമായിരുന്നു എഡ്വിനാ മൗണ്ട് ബാറ്റണ്‍.
മൗണ്ട് ബാറ്റണും എഡ്വിനെയും അങ്ങനെ ഇന്ത്യയില്‍ ഉണ്ടായിരുന്ന 1947-48 കാലത്ത് ബ്രിട്ടീഷ് ടാബ്ലോയിഡുകള്‍ ഉത്പാദിപ്പിച്ച, പിന്നീടങ്ങോട്ട് ഇന്ത്യയില്‍ പലരും ഏറ്റുപാടി ഒന്നാണ് ജവഹര്‍ലാല്‍ നെഹ്റു എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയും, എഡ്വിന മൗണ്ട്ബാറ്റണ്‍ എന്ന പ്രഭുപത്‌നിയും തമ്മിലുള്ള അവിശുദ്ധപ്രണയം. ഈ ആരോപണങ്ങള്‍ ഉണ്ടാവുമ്പോള്‍, പതിനെട്ടുവയസ്സായ ഒരു മകളുണ്ട് എഡ്വിനയ്ക്ക്. പേര് പമേല. തന്റെ അമ്മയ്ക്കും നെഹ്റുവിനും ഇടക്ക്, ഒരു പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ ജനറലിന്റെ ഭാര്യക്കും ഇടയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സ്വകാര്യമായ ഒരു അടുപ്പമുണ്ടായിരുന്നു എന്ന് പമേല തന്റെ 'Daughter of an empire: My Life as a Mountbatten' എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. പണ്ഡിറ്റ് നെഹ്റുവിനും തന്റെ അമ്മയ്ക്കുമിടയില്‍ പ്രണയമുണ്ടായിരുന്നു എന്നുതന്നെയാണ് ആ മകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇംഗ്ലീഷില്‍ 'സോള്‍ മേറ്റ്‌സ്' എന്നൊക്കെ പറയുന്നത് ഈ ലോകത്തില്‍ ആരുടെ കാര്യത്തിലെങ്കിലും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സത്യമാണെന്നുണ്ടെങ്കില്‍ അത് തന്റെ അമ്മയുടെയും നെഹ്റുവിന്റെയും കാര്യത്തിലാവും എന്ന് ആ പുസ്തകത്തില്‍ പമേല പറയുന്നു.
പമേലയുടെ അച്ഛനും അമ്മയും നേര്‍വിപരീത പ്രകൃതക്കാരായിരുന്നു. ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ ആരോടും എളുപ്പത്തില്‍ സൗഹൃദം സ്ഥാപിച്ചെടുക്കും, എഡ്വിനയാണെങ്കില്‍ ആകെ ഉള്‍വലിഞ്ഞ പ്രകൃതക്കാരിയും. തന്റെ നാല്പതുകളുടെ മധ്യത്തില്‍, വൈകാരികമായി ആകെയൊരു ഏകാകിത്വം അനുഭവിച്ചുകൊണ്ടിരുന്ന എഡ്വിനയ്ക്ക് മുന്നിലേക്കാണ് സൗമ്യസ്വഭാവിയും, അത്യാകര്‍ഷകമായ വ്യക്തിത്വത്തിനുടമയുമായ ജവഹര്‍ലാല്‍ നെഹ്റുവിനെ വിധി കൊണ്ടുചെന്നു നിര്‍ത്തുന്നത്. ആ മാസ്മരികവ്യക്തിപ്രഭാവത്തിനു മുന്നില്‍ മൂക്കുംകുത്തി വീണുപോകുന്നുണ്ട് എഡ്വിന. ബ്രിട്ടനിലെ ഹാരോയിലും, കേംബ്രിഡ്ജിലും ലണ്ടനിലെ ഇന്നര്‍ ടെംപിളിലും ഒക്കെ പഠിച്ചിറങ്ങിയ ഒരു പച്ചപ്പരിഷ്‌കാരിയായിരുന്നു ജവഹര്‍ലാല്‍. അറിവിന്റെ നിറകുടം എന്നൊക്കെ വിളിക്കാവുന്ന ഒരു പ്രതിഭാശാലി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ആദ്യ പകല്‍ പിന്നിടുമ്പോഴേക്കും, മൗണ്ട്ബാറ്റണും, എഡ്വിനയുമായി നെഹ്റു അടുത്ത സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരുന്നു.
ജീവിതത്തിന്റെ സായാഹ്നത്തില്‍, തീര്‍ത്തും ഏകാന്തമായ ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവും.ഭാര്യ മരിച്ചിട്ട് ഒരു പതിറ്റാണ്ടിലധികം കാലമായിരുന്നു. മകള്‍ ഇന്ദിരയും അവളുടെ കുടുംബജീവിതത്തിന്‍േറതായ തിരക്കുകളില്‍ മുഴുകിക്കഴിഞ്ഞിരുന്നു. ഏറെനാളായി പോരാടി ഒടുവില്‍ രാജ്യവും സ്വതന്ത്രമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. ജവഹര്‍ലാലിന്റെ ജീവിതത്തില്‍ വിശേഷിച്ച് കൗതുകങ്ങളൊന്നും തന്നെ അവശേഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. ഏകാന്തത ജവഹര്‍ലാലിനെ വന്നു പുല്‍കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. പ്രധാനമന്ത്രി പദമെന്നു മാത്രമല്ല, അത്രക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്ന, അത്രമേല്‍ ഉന്നതമായ ഏതൊരു സ്ഥാനത്തുമുള്ള ജീവിതം ഏറെ ഏകാന്തമായ ഒന്നായിരിക്കും. പ്രധാനമന്ത്രി എന്ന പദവിയുടെ ഉത്തരവാദിത്തങ്ങള്‍ തന്നെ ആ വ്യക്തിയെ ഏറെ പരിക്ഷീണിതനാക്കും. അവശേഷിക്കുന്ന പഴയ സ്‌നേഹിതരൊക്കെ പ്രധാനമന്ത്രിയാണ് എന്ന ബോധം ഉള്ളില്‍ ഉള്ളതുകൊണ്ട് ഏറെ ഔപചാരികതയോടെ മാത്രം ഇടപെട്ടുതുടങ്ങും. അങ്ങനെ ഏറെ വിരസമായ ഒരു ജീവിതത്തിനിടയ്ക്കാണ്, വിടര്‍ന്ന കണ്ണുകളോടെ താന്‍ പറയുന്ന വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന, അവയെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്ന അതിസുന്ദരിയായ ഒരു കേള്‍വിക്കാരിയെ അദ്ദേഹത്തിന് വീണുകിട്ടുന്നത്. നെഹ്റുവിന് പറയാനുണ്ടായിരുന്നതെല്ലാം എഡ്വിനയ്ക്ക് കേള്‍ക്കാന്‍ താത്പര്യമുള്ള വിഷയങ്ങളായിരുന്നു. സുദീര്‍ഘമായ സംഭാഷണങ്ങളില്‍ മുഴുകാനുള്ള അവസരങ്ങള്‍ അവര്‍ക്ക് അക്കാലത്ത് ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരുന്നു.
യാദൃച്ഛികമായി പരസ്പരം കണ്ടുമുട്ടിയ വളരെ ഏകാകികളായ രണ്ടുപേരായിരുന്നു എഡ്വിനയും ജവഹര്‍ലാലും. ഇരുവര്‍ക്കുമിടയില്‍ ആത്മബന്ധത്തിന്റെ തീപ്പൊരികള്‍ വീഴുന്നതിന് പതിനെട്ടുകാരിയായ മകള്‍ പമേല അക്കാലത്ത് സാക്ഷിയാവുന്നുണ്ട്.. അതിന്റെ വിശദാംശങ്ങള്‍ അവര്‍ തന്റെ ഡയറിയില്‍ പകര്‍ത്തുന്നുണ്ട്. പില്‍ക്കാലത്ത് ആ ഓര്‍മ്മകള്‍ അവരുടെ ആത്മകഥയുടെ ഭാഗമായി നമ്മളിലേക്ക് എത്തിച്ചേരുന്നു. ഏറെക്കുറെ നിരര്‍ത്ഥകമായി തുടര്‍ന്നുപോന്നിരുന്ന സ്വന്തം ജീവിതങ്ങളിലെ ശൂന്യതകളിലേക്ക് നെഹ്രുവും എഡ്വിനയും പരസ്പരം ആവാഹിച്ചു എങ്കിലും, ആ ബന്ധം ഒരിക്കലും മാംസനിബദ്ധമായിരുന്നില്ല എന്ന് പമേല ഉറപ്പിച്ചു പറയുന്നുണ്ട് തന്റെ പുസ്തകത്തില്‍. അവര്‍ എഴുതുന്നത് ഇങ്ങനെയാണ് 'ഇന്നത്തെക്കാലത്ത് ഒരാണും പെണ്ണും തമ്മില്‍ ബന്ധം സ്ഥാപിച്ചു എന്ന് പറഞ്ഞാല്‍ ഉടനെത്തന്നെ ആളുകള്‍ അവര്‍ തമ്മില്‍ സെക്‌സിലേര്‍പ്പെട്ടു എന്നാവും ധരിക്കുക. എന്നാല്‍, അങ്ങനെ അല്ലാത്ത ബന്ധങ്ങളുണ്ടായിരുന്ന കാലവുമുണ്ടായിരുന്നു. ഇന്നത്തെ തലമുറക്ക് ചിലപ്പോള്‍ ഞാനീ പറയുന്നത് അവിശ്വസനീയമായി തോന്നാം. അങ്ങനെ സാധിക്കും. ശരീരങ്ങള്‍ പങ്കുവെക്കാതെ തന്നെ ഒരാണിനും പെണ്ണിനും തമ്മില്‍ വളരെ കടുത്ത പ്രണയത്തില്‍ ഏര്‍പ്പെടാന്‍ കഴിയും. അതിന്റെ ഏറ്റവും വലിയ മാതൃകകളായിരുന്നു എന്റെ അമ്മയും, നെഹ്‌റുവും. നെഹ്‌റുവും അമ്മയും ഇനി അങ്ങനെ ഒരു ബന്ധം വേണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുമാത്രം സ്വകാര്യത അവരുടെ ജീവിതത്തില്‍ കിട്ടാന്‍ വളരെ പ്രയാസമായിരുന്നു.' പമേല ഓര്‍ക്കുന്നു.
അത്യപൂര്‍വമായ ആ ആജന്മസൗഹൃദത്തിനും പ്രണയത്തിനും പക്ഷേ, വെറും പത്തുമാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1948 ജൂണ്‍ മാസത്തോടെ ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ ഗവര്‍ണര്‍ ജനറല്‍ പദവി ഉപേക്ഷിച്ച് ഇന്ത്യയില്‍ നിന്ന് തിരികെ ജന്മനാടായ ബ്രിട്ടനിലേക്ക് പോകാന്‍ തീരുമാനിക്കുന്നു. ഒപ്പം പോകാതെ എഡ്വിനയ്ക്കും വേറെ നിവൃത്തിയുണ്ടായിരുന്നില്ല. മനസ്സില്ലാമനസ്സോടെ, കടുത്ത ഹൃദയവേദനയോടെ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ നിന്ന് സ്വയം അടര്‍ത്തിമാറ്റി പോകേണ്ടി വന്നു എങ്കിലും അവര്‍ തമ്മില്‍ മുടങ്ങാതെ കത്തുകളിലൂടെ സംവദിച്ചുകൊണ്ടേയിരുന്നു. തന്റെ ജീവിതത്തിന്റെ ശിഷ്ടകാലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നീക്കി വെക്കുന്ന എഡ്വിന 1960 -ല്‍ മരിക്കും വരെയും നെഹ്‌റുവിനോടുള്ള ഈ എഴുത്തുകുത്തുകള്‍ തുടര്‍ന്നു പോവുന്നുണ്ട് എന്ന് മകള്‍ പമേല തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഇന്ന് നെഹ്റു എന്ന വ്യക്തിയെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ അവമതിക്കാന്‍ വേണ്ടി, ശത്രുപക്ഷത്തുള്ളവര്‍ പലപ്പോഴും ആയുധമാക്കുന്നത് എഡ്വിന മൗണ്ട്ബാറ്റനും ജവഹര്‍ലാല്‍ നെഹ്‌റുവിനുമിടയില്‍ നിലനിന്നിരുന്ന ഏറെ നിര്‍മ്മലമായ ഈ സ്‌നേഹത്തെക്കൂടിയാണ്.
അതേസമയം, എഡ്വിനയ്ക്കും ജവഹര്‍ലാല്‍ നെഹ്രുവിനും ഇടയില്‍ മാംസനിബദ്ധമായ ബന്ധങ്ങള്‍ ആരോപിക്കുന്ന പലരും കാണാതെ പോവുന്നത്, അല്ലെങ്കില്‍ അതെ ഗൗരവത്തോടെ ഇഴകീറി പരിശോധിക്കാതെ പോവുന്നത് നെഹ്റുവിന്,അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായിരുന്ന ഒരു പ്രണയ ബന്ധമാണ്. അതിലെ നായികയായിരുന്നു സരോജിനി നായിഡുവിന്റെ മകള്‍ പത്മജ നായിഡു. ഇന്ദിര ഗാന്ധിയുടെ ജീവചരിത്രകാരിയായ പുപ്പുല്‍ ജയ്കര്‍ തന്റെ പുസ്തകത്തില്‍ വിജയലക്ഷ്മി പണ്ഡിറ്റിനെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത് നെഹ്രുവും പദ്മജയും വര്‍ഷങ്ങളോളം തീന്‍ മൂര്‍ത്തി ഭവനില്‍ ലിവ് ഇന്‍ റിലേഷനില്‍ ആയിരുന്നു എന്നാണ്. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിനുള്ള മറുപടിയായി അന്ന് പണ്ഡിറ്റ് പറഞ്ഞത്, ഇന്ദു അമ്മ കമലയുടെ കാര്യത്തിലുള്ള നെഹ്രുവിന്റെ ഉദാസീനത കൊണ്ടുതന്നെ വളരെയധികം വിഷമിച്ചിട്ടുണ്ട്, അവളെ ഇനിയും വേദനിപ്പിക്കാന്‍ ജവഹറിന് ഉദ്ദേശ്യമില്ലായിരുന്നു എന്നാണ്.
1936 സ്വിറ്റ്സര്‍ലണ്ടിലെ ഒരു സാനിറ്റോറിയത്തില്‍ വെച്ച് ഭാര്യ കമല നെഹ്റു തന്റെ മുപ്പത്തേഴാം വയസ്സില്‍ മരിച്ചു പോവുമ്പോള്‍ ജവഹര്‍ലാലിനു പ്രായം വെറും നാല്പത്തേഴു മാത്രമാണ്. അതിനു ശേഷവും അദ്ദേഹം പതിറ്റാണ്ടുകള്‍ ജീവിച്ചിരുന്നിട്ടുണ്ട്. അക്കാലത്ത്, മറ്റേതൊരു സാധാരണ മനുഷ്യനെയും പോലെ, ഏതൊരു പുരുഷനെയും പോലെ നെഹ്രുവിനും സ്ത്രീകളുമായി അടുപ്പങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. ഇത്തരത്തിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള പല ആരോപണങ്ങളും ഖുശ്വന്ത് സിംഗ് മുതല്‍ നെഹ്രുവിന്റെ പിഎ ആയിരുന്ന മലയാളി എംഒ മത്തായി വരെയുള്ളവര്‍ തങ്ങളുടെ പുസ്തകങ്ങളിലൂടെ ഉന്നയിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ എഡ്വിനയ്ക്കും പദ്മജക്കും പുറമെ, ശ്രദ്ധമാതാ എന്ന ആള്‍ദൈവം, അമൃത ഷെര്‍ഗില്‍ എന്ന ചിത്രകാരി, മൃദുല സാരാഭായ് എന്ന ആക്ടിവിസ്റ്റ് തുടങ്ങി പലരുടെയും പേരുകളുണ്ട്.
നെഹ്രുവിന്റെ മരണം
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് നെഹ്റു എന്ന പ്രതിഭാസം വിടവാങ്ങുന്നത് അദ്ദേഹത്തിന്റെ അവിചാരിതമായ മരണത്തോടെയാണ്. 1964 മെയ് 27 -നാണ് ഒരു സ്ട്രോക്കിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തെ തേടി എത്തുന്നത്. തലേന്ന് രാത്രി മുസൂറിയില്‍ നിന്ന് പ്രത്യക്ഷത്തില്‍ ആരോഗ്യവാനായി, പുഞ്ചിരി തൂക്കിക്കൊണ്ടാണ് നെഹ്റു മടങ്ങി വന്നത് എങ്കിലും, മരണം അദ്ദേഹത്തെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടായിരുന്നു. ആ രാത്രി ഉറങ്ങാന്‍ കിടക്കുന്ന അദ്ദേഹം പിന്നീട് ഉണരുന്നില്ല. 6.25 മണിക്ക് സ്‌ട്രോക്ക് വരുന്നു. തല്‍ക്ഷണം ബോധം മറയുന്നു. മസ്തിഷ്‌കത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായ ജവഹറിന് പിന്നാലെ ഒരു പാരാലിറ്റിക് സ്ട്രോക്കും, ഹാര്‍ട്ട് അറ്റാക്കും വരുന്നു. അത് പാര്‍ലമെന്റ് സെഷനില്‍ ഇരിക്കുന്ന സമയമായിരുന്നു. രാജ്യം ആ അശുഭവര്‍ത്തമാനം അറിയുന്നത് ഉച്ചക്ക് ഏതാണ്ട് രണ്ടുമണിയോടെ ആണ്.
ഇങ്ങനെ ഒരു മരണം ഉണ്ടായപ്പോള്‍ അന്ന് ഇന്ത്യാ മഹാരാജ്യം വീണുപോവുന്നത് വലിയൊരു ചോദ്യത്തിലേക്കാണ്. നെഹറുവിനു ശേഷമാര്? എന്ന ശീര്‍ഷകത്തിലുള്ള തന്റെ പുസ്തകത്തില്‍ പ്രസിദ്ധനായ അമേരിക്കന്‍ ജേര്ണലിസ്‌റ് വെല്‍സ് ഹാങ്ങന്‍ (Welles Hangen) ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതും അതെ ചോദ്യത്തിന് തന്നെയാണ്. അന്ന് നെഹ്റു മരിച്ചു പോയതിനു പിന്നാലെ ഗുല്‍സാരിലാല്‍ നന്ദയെ താത്കാലിക പ്രധാനമന്ത്രി ആക്കി എങ്കിലും, അദ്ദേഹത്തെ ആരും തന്നെ നെഹ്രുവിന്റെ പിന്‍ഗാമി എന്ന ഗൗരവത്തില്‍ അന്ന് കാണുന്നില്ല. അന്ന് രാത്രിയോടെ, 'രാജ്യം സൈനിക ഭരണത്തിലേക്ക് പോവുമോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയോ, സിഐഎയോ വല്ല അട്ടിമറിയും നടത്തി ഭരണം പിടിച്ചെടുക്കുമോ?' എന്നൊക്കെയുള്ള ഭീതി പോലും ഉന്നതങ്ങളില്‍ ഉണ്ടായിരുന്നു എന്ന് ഡെക്കാന്‍ ക്രോണിക്കിളില്‍ പിന്നീട് എഴുതിയ ലേഖനത്തില്‍, സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നെറ്റിവേസിലെ മോഹന്‍ ഗുരുസ്വാമി ഓര്‍ത്തെടുക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒന്നും സംഭവിക്കുന്നില്ല. 1947 -ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യഭാരം ഏറ്റെടുത്ത് പ്രധാനമന്ത്രി എന്ന നിലയ്ക്ക്, രാഷ്ട്ര നിര്‍മാണം നടത്താന്‍ നിയുക്തനായ ജവഹര്‍ ലാല്‍, ഭരണത്തിലിരുന്ന പത്തുപതിനേഴു വര്‍ഷം കൊണ്ട് കെട്ടിപ്പടുത്ത ജനാധിപത്യ ഇന്ത്യ അത്ര എളുപ്പത്തില്‍ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുന്ന ഒന്നായിരുന്നില്ല. അവനവനെപ്പോലും അതിജീവിക്കാനാവുന്നത്ര കരുത്തിലാണ് അദ്ദേഹം അതിന്റെ അസ്തിവാരം തീര്‍ത്തിരുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ടുഴലുകയായിരുന്ന ഇന്ത്യ എന്ന പുതു റിപ്പബ്ലിക്കിനെ ഭാവിയിലേക്ക് ചുവടുവെപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള പണി ആയിരുന്നില്ല. ഇന്ത്യയെപ്പോലെ വിഭിന്നമായ ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളും തോളോട് തോള്‍ ചേര്‍ന്ന് പുലരുന്ന ഒരു ഭൂമികയില്‍, ജനാധിപത്യത്തില്‍ ഊന്നിയ, മതനിരപേക്ഷമായ, ഒരു സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുക്കുക; അതും മതത്തിന്റെ പേരില്‍ രണ്ടായി വെട്ടിമുറിക്കപ്പെട്ട, വിഭജനത്തിന്റെ പേരില്‍ നടന്ന സാമുദായിക ലഹളയുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ നെരിപ്പോടുപോലെ എരിഞ്ഞുകൊണ്ടിരുന്ന ഒരു രാജ്യത്ത്. അത് ഏറെ പ്രയാസമുള്ള ഒരു ദൗത്യമായിരുന്നു. അന്‍പതുകളിലും അറുപതുകളിലും അത് ഏറ്റെടുത്തു നടത്തിയത് അന്ന് ഇന്ത്യയുടെ അമരത്തിരുന്ന പണ്ഡിറ്റ്ജിയാണ്. ഒന്നരപതിറ്റാണ്ടു കാലം കൊണ്ട് അദ്ദേഹം തന്റെ വിഹഗവീക്ഷണവും, ദീര്‍ഘ ദൃഷ്ടിയും കൈമുതലാക്കി വിഭാവനം ചെയ്തു നടപ്പില്‍ വരുത്തിയ പദ്ധതികളുടെ ഗുണഫലങ്ങളില്‍ പലതും നമ്മളെ തേടിയെത്തിയത് അദ്ദേഹത്തിന്റെ ആയുഷ്‌കാലവും കഴിഞ്ഞാണ്.
നല്ലൊരു വായനക്കാരനായിരുന്ന നെഹ്രുവിന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റ് ആയിരുന്നു. അദ്ദേഹം എഴുതിയ നാലു വരികള്‍ ഇങ്ങനെയാണ്.
I shall be telling this with a sigh
Somewhere ages and ages hence:
Two roads diverged in a wood, and I-
I took the one less traveled by,
And that has made all the difference.
സ്വാതന്ത്ര്യലബ്ധി എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പലതായി പിരിഞ്ഞ ഒരു വഴിത്തിരിവായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ സഞ്ചരിച്ചത് നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ മറ്റു പല രാജ്യങ്ങളും തിരഞ്ഞെടുത്ത വഴിയേ അല്ലായിരുന്നു. അങ്ങനെ അധികം പേര്‍ സഞ്ചരിക്കാതിരുന്ന വഴികളിലൂടെ, ഇന്ത്യയെ അതിന്റെ അമരത്തിരുന്നു നയിച്ചത് നെഹ്റു അല്ലായിരുന്നെങ്കില്‍, നമ്മുടെ ഭാവി എങ്ങനെ ആയിരുന്നേനേ? ഇന്നുള്ളതിനേക്കാള്‍ മെച്ചമായിരുന്നേനെ എന്ന് പറയുന്നവര്‍ ഉണ്ടാവാം. ഇതിനേക്കാള്‍ മോശമായിരുന്നേനെ എന്നഭിപ്രായമുള്ളവരും ഉണ്ടാവാം. എന്തൊക്കെയായാലും, നമ്മള്‍ ഇന്നും ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണ്. ഇവിടെ ഇന്നും വ്യക്തി സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. നമുക്കൊപ്പം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു തുടങ്ങിയ മറ്റു പല രാജ്യങ്ങളും മതത്തിന്റെയും സൈന്യത്തിന്റെയും സ്വേച്ഛാധിപതികളുടെയും കൈകളാല്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ട അവസ്ഥയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞിട്ടും, നമ്മള്‍ ഇന്നും മാനുഷികമൂല്യങ്ങളെ ആശ്ലേഷിച്ചു കൊണ്ടു സൈ്വരമായിത്തന്നെയാണ് പുലരുന്നത്. അതിനു നമ്മള്‍ കടപ്പെട്ടിരിക്കുന്നത് നെഹ്രുവിനോടാണ്.
എഴുപത്തഞ്ചു വര്ഷങ്ങള്‍ക്കു മുമ്പ് ജവഹര്‍ലാല്‍ നെഹ്റു എന്ന യുഗപ്രഭാവന്‍ നട്ട ജനാധിപത്യത്തിന്റെ കുരുന്നു തൈ , ഇന്ന് ആസേതുഹിമാചലം ആഴത്തില്‍ വേരോടിക്കഴിഞ്ഞ, നമുക്കെല്ലാം തണലു നല്‍കുന്ന ഒരു വടവൃക്ഷമായി വളര്‍ന്നു കഴിഞ്ഞു. ഇന്ന് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് മാലോകര്‍ വിളിക്കുമ്പോള്‍ ആ യശസ്സിന്റെ നല്ലൊരു പങ്കും ജവഹര്‍ലാല്‍ നെഹ്റുവിനു മാത്രം അവകാശപ്പെട്ടതാണ്. 1947 തൊട്ടിങ്ങോട്ട് 15 പ്രധാനമന്ത്രിമാര്‍ മാറിമാറി ഇന്ത്യ ഭരിച്ചു എങ്കിലും, ഈ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍, അവ പരിഹരിക്കാന്‍ പോന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നെഹ്രുവിനോളം മിടുക്കുണ്ടായിരുന്ന മറ്റൊരാളും പിന്നീടൊരിക്കലും ദില്ലിയില്‍ അധികാരത്തിലേറിയിട്ടില്ല.
നെഹ്റു ഭരിച്ചിരുന്ന പതിനേഴു വര്ഷക്കാലവും അദ്ദേഹത്തിന്റെ ഓഫീസിലെ മേശപ്പുറത്ത്, ഉണ്ടായിരുന്നത് ഇഷ്ടകവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ നാലു വരികളാണ്. ആ വരികള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രമാണവും,
'The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep...'