തിരശ്ശീലയ്ക്ക് തീ കൊളുത്തുന്ന ഗൊദാർദ്!
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഴാങ് ലുക് ഗൊദാർദിന്റെ ഏറ്റവും പുതിയ ചിത്രം ദി ഇമേജ് ബുക്കിന്റെ റിവ്യു. നിര്‍മ്മല്‍ സുധാകരൻ എഴുതുന്നു.
ഒരു നിമിഷത്തിന്റെ കഥ പറയാൻ എനിക്കൊരു ദിവസം വേണം, ഒരു ദിവസത്തിന്റെ കഥ പറയാനോ ഒരു വർഷം വേണം, അനന്തത വേണം..' ഫ്രഞ്ച് ആചാര്യൻ ഴാങ് ലുക് ഗൊദാർദിന്റെ ഏറ്റവും പുതിയ ചിത്രം ദി ഇമേജ് ബുക്കിന്റെ (2018) തുടക്കത്തിൽ കടന്നുവരുന്ന ഒരു വോയ്സ് ഓവറാണ് ഇത്. എണ്ണമില്ലാത്ത ഇമേജുകൾ, സ്റ്റിൽ ഫോട്ടോഗ്രഫിയുടെയും വീഡിയോഗ്രഫിയുടെയും ആരംഭകാലം മുതൽ ഏറ്റവും ആധുനികമായ ഛായാഗ്രഹണ സങ്കേതങ്ങളിൽ വരെ ചിത്രീകരിച്ച ദൃശ്യങ്ങളിൽ തനിക്ക് മാത്രം പകരാനാവുന്ന ചലച്ചിത്രാനുഭവം നിർമ്മിച്ചെടുക്കുകയാണ് ഗൊദാർദ്. അങ്ങേയറ്റം ഗഹനമാണ് അത്. എല്ലാ ഗൊദാർദ് ചിത്രങ്ങളെയുംപോലെതന്നെ അനായാസമായ കാഴ്ചയ്ക്ക് കാണിയെ ക്ഷണിച്ചിരുത്തുന്ന ഒന്നല്ല. കൃത്യമായി പറയാൻ കഥയുടേതായ ചട്ടക്കൂടുകളൊന്നുമില്ലാതെ, തന്റേതായ സിനിമാറ്റിക് സങ്കേതങ്ങളിൽ ഗൊദാർദ് കോർത്തെടുക്കുന്ന 84 മിനിറ്റ് ദൃശ്യപ്പെരുമഴ പ്രേക്ഷകരോട് പൊതുവായും വൈയക്തികമായും സംവദിക്കുന്ന കാര്യങ്ങളുണ്ട്.
സുഖകരമല്ലാത്ത ഒരു രാത്രിയിൽ കാണുന്ന (ദു:)സ്വപ്നത്തിന്റെ രൂപത്തിലാണ് നരേഷൻ. അതിൽ ലോകമുണ്ടായ കാലം മുതൽ നൂറ്റാണ്ടുകളിലൂടെ ഇപ്പോഴും തുടരുന്ന മനുഷ്യകുലത്തിന്റെ സംഘർഷങ്ങളുടെ ചരിത്രമുണ്ട്. ചവിട്ടിമെതിച്ച് കടന്നുപോയ ഫാസിസത്തെക്കുറിച്ചുള്ള മറവിയുണ്ട്. 'എല്ലാവരും സ്വയം രാജാവാകുന്നതിനെക്കുറിച്ചാണ് സ്വപ്നം കാണുന്നത്' എന്നാണ് ഒരു വോയ്സ് ഓവർ. ഒപ്പം കടന്നുവരുന്ന ദൃശ്യത്തിൽ എത്ര ആട്ടിപ്പായിച്ചാലും വാലാട്ടി നിൽക്കുന്ന ഒരു തെരുവുപട്ടിയെ കല്ലെടുത്തെറിയുന്ന ബാലനും. ഒരിടത്ത് ക്രൂശിതനായ യേശുവിന്റേതെന്ന് തോന്നിക്കുന്ന ചിത്രവും തോക്കേന്തി നിൽക്കുന്ന വനിതയുടെ ചിത്രവും തുടരൻ കട്ടുകളിലൂടെ സൂപ്പർ ഇംപോസ് ചെയ്തെടുത്തിരിക്കുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ഗൊദാർദിയൻ കുസൃതികളിലൂടെ അവതരിപ്പിക്കപ്പെടുന്ന കറുത്ത ഹാസ്യമാണ് ദി ഇമേജ് ബുക്കിന്റെ എല്ലാ താളുകളിലും. ഭീകരവാദം ഒരു ദിവ്യപ്രവൃത്തിയായാണ് പരിഗണിക്കപ്പെടുന്നത് എന്ന മട്ടിൽ ഒരു വാചകമുണ്ട് ഇടയ്ക്ക്. ലോകത്തെ പുനരാവിഷ്കരിക്കാൻ തക്കവണ്ണമുള്ള ദു:ഖമൊന്നും നമ്മളാരും ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നിരീക്ഷിക്കുന്നു അദ്ദേഹം.
ദി ഇമേജ് ബുക്കിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ രണ്ട് വർഷമെടുത്തു. പ്രധാനമായും അറബ് നാടുകളിലായിരുന്നു ചിത്രീകരണം. പാശ്ചാത്യമായ കണ്ണിലൂടെ എന്നാണ് ഒരു അധ്യായത്തിന്റെ പേര്. ഭീകരവാദമെന്നത് എപ്പോഴും ഇസ്ലാം മതവുമായി ചേർത്തുവെക്കുന്ന പാശ്ചാത്യ കാഴ്ചപ്പാടിനെ പരിഹസിക്കുന്നു അദ്ദേഹം. ബോംബ് നിർമ്മിക്കപ്പെടുന്നതിന്റെ സ്വാഭാവികതയെ നിരീക്ഷിക്കുകയും ചെയ്യുന്നു ഗൊദാർദ്.
മാധ്യമമെന്ന നിലയിൽ ഒരു ചലച്ചിത്ര വിദ്യാർഥിക്ക് അവഗണിക്കാനാവാത്ത സാന്നിധ്യമായി ഈ 87-ാം വയസ്സിലും തുടരുകയാണ് ഗൊദാർദ് എന്ന മാസ്റ്റർ ഫിലിംമേക്കർ. പറയാനുള്ള കാര്യം പറയുന്നതിനൊപ്പം സിനിമ എന്ന മാധ്യമത്തെ പുനർ നിർവചിക്കാനുള്ള, നവതരംഗകാലം മുതലുള്ള ശ്രമം കഴിഞ്ഞ രണ്ട് ചിത്രങ്ങളിൽ കൂടുതൽ പ്രകടമായിരുന്നു (ഗുഡ്ബൈ ടു ലാംഗ്വേജ്, ഫിലിം സോഷ്യലിസം). ഇമേജുകളുടെ പുതിയൊരുതരം ഉപയോഗത്തിലൂടെ നവീനമായൊരു ചലച്ചിത്രഭാഷ സ്വരൂപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിന്റെ തുടർച്ച തന്നെയാണ് ദി ഇമേജ് ബുക്കും.
ഇക്കഴിഞ്ഞ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ദി ഇമേജ് ബുക്ക്. പക്ഷേ പാം ഡി ഓർ ലഭിച്ചില്ല. എന്നാൽ ഗൊദാർദിന്റെ ഈ ശ്രമത്തെ അവഗണിക്കാനാവില്ലായിരുന്നു ജൂറിക്ക്. അതിനാൽ കാനിന്റെ ചരിത്രത്തിൽ ഒരു പുതിയ പുരസ്കാരം അവതരിപ്പിക്കപ്പെട്ടു. സ്പെഷ്യൽ പാം ഡി ഓർ എന്ന പേരിൽ. 'സിനിമയെന്ന കലയെ മുന്നോട്ട് നയിക്കുന്ന കലാകാരന്..' എന്നാണ് ആ പുതിയ പുരസ്കാരത്തെ ജൂറി നിർവ്വചിച്ചത്. ആ നിർവചനത്തിൽ ഒട്ടുമേ അതിശയോക്തിയില്ലെന്ന് ദി ഇമേജ് ബുക്കിന്റെ താളുകൾ തുറന്നാൽ മനസിലാവും. ഒരുപക്ഷേ മീഡിയത്തിൽ നവഭാവുകത്വം കണ്ടെത്താനുള്ള ആർജ്ജവമുള്ള പരീക്ഷണങ്ങൾ നടത്തുന്ന ഒരേയൊരു 'ചെറുപ്പക്കാരൻ' ഇപ്പോൾ ഗൊദാർദ് ആണ്!