മേളയുടെ ചിത്രം കഫര്‍നിയം; മറ്റ് നാല് ചിത്രങ്ങളും
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും ഇഷ്‍ടപ്പെട്ട അഞ്ച് ചിത്രങ്ങള്‍. തിരക്കഥാകൃത്ത് പി വി ഷാജികുമാര്‍ പറയുന്നു
ഡെബ്റ്റ്
സരേഷാഗു സംവിധാനം ചെയ്ത ടര്‍ക്കിഷ് ചിത്രം. മനുഷ്യത്വത്തിന്റെ ഉദാത്തത ആവിഷ്‌കരിക്കുന്ന ദൃശ്യാനുഭവം. സ്‌നേഹമാണ് സിനിമയുടെ ഭാഷ. ജീവിതത്തെ അത്രമേല്‍ ചേര്‍ത്തുപിടിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രം.
സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും
മൂന്ന് കാലങ്ങളിലെ മൂന്ന് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമ. സരസ്വതി, ദേവകി, സിവരഞ്ജിനി എന്നവരിലൂടെ വീടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരന്തത്തെ തീവ്രമായി പകര്‍ത്തിവെച്ച് മൂന്ന് ഷോര്‍ട്ട് ഫിലിമുകളുടെ സമാഹാരം. ആണിനെ, തന്റെയുള്ളിലെ സ്ത്രീവിരുദ്ധതയെ സ്വയംവിമര്‍ശനാത്മകമായി നോക്കാന്‍ നിര്‍ബന്ധിക്കും ഈ പെണ്ണുങ്ങള്‍. അശോകമിത്രന്‍, ജയമോഹന്‍, ആദവന്‍ എന്നിവരുടെ ചെറുകഥകളെ ആസ്പദമാക്കി വസന്താണ് സിനിമയൊരുക്കിയിരിക്കുന്നത്.
കഫര്‍നിയം
കാരമേല്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായക നദീന ലബാക്കിയുടെ പുതിയ ചിത്രം സങ്കടത്തിന്റെ ദൃശ്യാനുഭവം തരുന്നു. മേളയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചിത്രമായിരിക്കും കഫര്‍നിയം.
മാന്‍സ് ലെയര്‍, വിര്‍ജിന്‍, ഷാഡോ, മെഹ്തപ്ജ, സൂട്ടു, വാരി
സൂലേവ് കീഡസ് സംവിധാനം ചെയ്ത സിനിമകളുടെ കൂട്ടം. ഭ്രമാത്മകമായ ജീവിതം അതിലേറെ ഭ്രമാത്മകമായ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
സെര്‍ച്ചിങ് ഫോര്‍ ഇഗ്‍മര്‍ ബര്‍ഗ്‍മാൻ
വിഖ്യാത സംവിധായകന്‍ ബര്‍ഗ്മാന്റെ ജീവിതത്തിലേക്കും സിനിമകളിലേക്കും ആഴത്തിലുള്ള യാത്ര.