ഐഎഫ്എഫ്‌കെ വേദിയില്‍ സംഘര്‍ഷം; ഡെലിഗേറ്റിനെ അറസ്റ്റ് ചെയ്തു
ജൂറി ചെയര്‍മാന്‍ കൂടിയായ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ 'മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രമാണ് നിശാഗന്ധിയില്‍ രാത്രി 10.30ന് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കിയിരുന്നു.
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയില്‍ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് ഒരു ഡെലിഗേറ്റിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് ശേഷമായിരുന്നു സംഭവം.
ജൂറി ചെയര്‍മാന്‍ കൂടിയായ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ 'മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രമാണ് നിശാഗന്ധിയില്‍ രാത്രി 10.30ന് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡെലിഗേറ്റുകള്‍ക്കിടയിലുണ്ടായ അസ്വാരസ്യം സംഘര്‍ഷത്തിനിടയാക്കുകയായിരുന്നെന്നും സംഭവത്തില്‍ ഒരു പൊലീസുകാരന് മര്‍ദ്ദമമേറ്റെന്നും മ്യൂസിയം പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. പൊലീസുകാരനെ മര്‍ദ്ദിച്ച നിലമ്പൂര്‍ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായതെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
"
എന്നാല്‍ പ്രദര്‍ശനം റദ്ദാക്കിയതിന് ശേഷം നിശാഗന്ധിയില്‍ തുടര്‍ന്ന ഡെലിഗേറ്റുകളോട് ഉടന്‍ വേദി വിടണമെന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നതാണ് സംഘര്‍ഷത്തിന് തുടക്കമായതെന്ന് ഡെലിഗേറ്റുകളില്‍ ചിലര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. ആവശ്യമുന്നയിച്ചതിനൊപ്പം സെക്യൂരിറ്റി ജീവനക്കാരന്‍ ചില ഡെലിഗേറ്റുകളുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചെന്നും ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നെന്നും അവര്‍ പറയുന്നു.