World Stroke Day: സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്
തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക്. മോശം ജീവിതശൈലി ഉള്‍പ്പടെ വിവിധ കാരണങ്ങള്‍ കൊണ്ട് പക്ഷാഘാതം ഉണ്ടാകാം.
ഇന്ന് ലോക പക്ഷാഘാത ദിനം. തലച്ചോറിനെ ബാധിക്കുന്ന ഒരു ഗുരുതര ആരോഗ്യ പ്രശ്മാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക്. മോശം ജീവിതശൈലി ഉള്‍പ്പടെ വിവിധ കാരണങ്ങള്‍ കൊണ്ട് പക്ഷാഘാതം ഉണ്ടാകാം. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടുന്ന ഘടകങ്ങളാണ്.
സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ചികിത്സ വൈകാന്‍ കാരണമാകുന്നത്.
പെട്ടെന്നുണ്ടാകുന്ന തളർച്ച, മരവിപ്പ്, ശരീരത്തിന്‍റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, സംസാരശേഷി നഷ്ടമാവുക തുടങ്ങിയവ സ്ട്രോക്കിന്‍റെ സൂചനയാകാം.
നടക്കുമ്പോൾ ബാലൻസ് തെറ്റുന്നതും പക്ഷാഘാതത്തിന്‍റെ സൂചനയാണ്. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതിരിക്കുക, പെട്ടെന്ന് മറവി ഉണ്ടാകുക സ്ട്രോക്കിന്‍റെ സൂചനയായി ഉണ്ടാകാം. അതുപോലെ കഠിനമായ തലവേദന, കാഴ്ചയോ കേൾവിയോ നഷ്ടമാവുക തുടങ്ങിയവയും സ്ട്രോക്കിന്‍റെ ലക്ഷണമാകാം. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണേണ്ട. അതും ചിലപ്പോള്‍ രോഗത്തിന്‍റെ സൂചനയാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: മഞ്ഞളിനൊപ്പം തേൻ കഴിക്കൂ; അറിയാം ഗുണങ്ങൾ