Health Tips: ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം; ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ടത്...

ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദം 120/80 മി.മീറ്റർ മെർക്കുറി ആയിരിക്കും. രക്തസമ്മർദം 140/ 90 നുമുകളിലായാൽ അത് രക്താതിമർദം എന്നറിയപ്പെടുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. 

World Hypertension Day 2023 things to lower blood pressure azn

തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധ പലപ്പോഴും കുറയുന്നുണ്ട്.  ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം അഥവാ രക്തസമ്മര്‍ദ്ദ ദിനമാണ്. ഉയർന്ന രക്തസമ്മർദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഹൈപ്പർടെൻഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദിവസമായാണ് മെയ് 17-ന് ലോക രക്താതിമർദ്ദ ദിനം ആചരിക്കുന്നത്.

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ. ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദം 120/80 മി.മീറ്റർ മെർക്കുറി ആയിരിക്കും. രക്തസമ്മർദം 140/ 90 നുമുകളിലായാൽ അത് രക്താതിമർദം (Hypertension) എന്നറിയപ്പെടുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. അതുപോലെ വൃക്ക തകരാറിലാകാനും കണ്ണുകളിലേക്കുള്ള രക്തധമനികള്‍ കേടുവരാനും സാധ്യതയുണ്ട്. 

മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. അപകടകരമായ അളവില്‍ രക്തസമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ വൈദ്യസഹായവും മരുന്നും അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം  തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം. കാൽപത്തിക്ക് ചുവപ്പോ നീലയോ നിറം, കാലുകളിൽ മരവിപ്പ്, കാലുകളിലെ രോമം കൊഴിഞ്ഞ് പോകൽ തുടങ്ങിയവയും ഉണ്ടാകാം. 

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ള ഭൂരിഭാഗം ആളുകൾക്കും തലവേദന വരാനുള്ള സാധ്യത കൂടുതലാണ്. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്  ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദ​ഗ്ധർ പറയുന്നത്. ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും  ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് ഇതിനെ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്പോൾ ഒരാൾക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകാം. ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണിത്.  കാഴ്ച മങ്ങൽ, നെഞ്ചുവേദന, തലക്കറക്കം തുടങ്ങിയവയും  ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങളാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്തുപോകുന്ന സാധാരണ കാര്യങ്ങളൊക്കെ തന്നെയാകാം രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഉപ്പ് അമിതമായാൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ ശ്രദ്ധിക്കുക.

രണ്ട്...

ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതാണ് നല്ലത്. 

മൂന്ന്...

മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മദ്യപാനത്തിലും നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുക.

നാല്...

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

അഞ്ച്...

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായുള്ള പുകവലി ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകുന്നു.

ആറ്...

'സ്‌ട്രെസ്' ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു നിത്യ പ്രശ്‌നം. യോഗ, ധ്യാനം, പ്രാർത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ ടെൻഷൻ ഒഴിവാക്കുക.

ഏഴ്...

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. എണ്ണയിൽ വറുത്ത വസ്തുക്കൾ, റെഡ് മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള ആഹാരം ശീലമാക്കുക.

Also Read: തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെ തോന്നുക, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ...

Latest Videos
Follow Us:
Download App:
  • android
  • ios