ഫോണിലൂടെ രോഗലക്ഷണങ്ങൾ ടൈപ്പ് ചെയ്തു കൊടുത്താൽ മതി, ആരോഗ്യ സംരക്ഷണം എത്ര എളുപ്പം; ഡോക്ടര്‍ എഴുതുന്നു...

ഇന്ന് ഈ ലോകാരോഗ്യ ദിനത്തിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ  പ്രതീക്ഷകളെ കുറിച്ചും ഡോ. കീർത്തി പ്രഭ എഴുതുന്നു...

World health day special article by dr keerthi prabha

അമ്പത് വർഷങ്ങൾക്ക് ശേഷം മനുഷ്യന് മരണമുണ്ടാവില്ല എന്ന് യുവാൽ നോവ ഹരാരി പ്രവചിക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നിയേക്കാം. പ്രായമാവാതെ എപ്പോഴും യൗവനം കാത്തുസൂക്ഷിച്ച് മനുഷ്യശരീരം നിലനിർത്താൻ സാധിക്കും എന്ന പ്രവചനവും ഇന്ന് അസാധ്യമെന്ന് തോന്നിയേക്കാം.ആരോഗ്യപരിപാലനത്തിലും നേരത്തെയുള്ള രോഗനിർണയത്തിലും നിർമ്മിത ബുദ്ധി കടന്നുവരുമ്പോൾ ഇതിനപ്പുറവും പ്രതീക്ഷിക്കാം എന്ന് ഒരല്പം അതിശയോക്തി കലർത്തി ഇന്ന് നമുക്ക് പറയാം.എന്നാൽ അതൊന്നും അസാധ്യമല്ല എന്ന പ്രതീക്ഷകൾ മുന്നോട്ടുവച്ചുകൊണ്ടാണ് നിർമ്മിതബുദ്ധി അതിവേഗം ആരോഗ്യ മേഖലയെ ചുറ്റിവരിയുന്നത്.

എപ്പോഴാണ് മനുഷ്യന് പ്രായമാകുന്നത്? കോശങ്ങൾ പുതുക്കിയില്ലെങ്കിൽ അല്ലെങ്കിൽ അവ മരിക്കുകയാണെങ്കിൽ, ബാധിച്ച അവയവങ്ങൾക്ക് പഴയതുപോലെ പ്രവർത്തിക്കാൻ കഴിയില്ല. പല അവയവങ്ങൾക്കും വർഷങ്ങൾ കഴിയുമ്പോൾ അതിന്റെ പിണ്ഡം നഷ്ടപ്പെടുന്നു. എന്നാൽ നമ്മുടെ അവയവങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ആയാസങ്ങളെ നേരിടാൻ വലിയ കരുതൽ ശേഖരമുണ്ട്. ആ കരുതൽ ശേഖരം ചുരുങ്ങുന്നത് നമ്മൾ ചിലപ്പോൾ ശ്രദ്ധിക്കുകയുമില്ല. കരുതൽ ശേഖരം വളരെയധികം ചുരുങ്ങുമ്പോൾ ആണ് പ്രായമാകുന്നതിൻ്റെ സാധാരണ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വാർദ്ധക്യത്തിൻ്റെ ഈ അടയാളങ്ങൾ രോഗങ്ങൾ എന്ന് പറയാൻ സാധിക്കില്ല, എന്നിരുന്നാലും, ദീർഘകാലത്തേക്ക് ഇത്തരം പ്രായമാകൽ പ്രക്രിയകളെ പ്രതിരോധിക്കാൻ പലപ്പോഴും സാധ്യമാണ്: ഉദാഹരണത്തിന്, വ്യായാമത്തിലൂടെ ദുർബലമായ പേശികളെ ശക്തിപ്പെടുത്താൻ സാധിക്കും. എന്നാൽ വ്യായാമങ്ങളിലൂടെയും മനുഷ്യന്റെ ശാരീരികമായ പരിശ്രമങ്ങളിലൂടെയും അല്ലാതെ പ്രായമാകുന്ന പ്രക്രിയയെ നിയന്ത്രിക്കാൻ സാധിക്കും എന്നൊക്കെയുള്ള പ്രവചനങ്ങളാണ് നിർമ്മിത ബുദ്ധിയോട് ചേർത്ത് ആരോഗ്യ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പ്രായമാകുമ്പോൾ ചുരുങ്ങുന്ന മനുഷ്യ ശരീരത്തിന്റെ കരുതൽ ശേഖരങ്ങളെ റിപ്പയർ ചെയ്യാനും മനുഷ്യ കോശങ്ങളെ പുനർ നിർമിക്കാനും കഴിയുന്ന സാങ്കേതിക സംവിധാനങ്ങൾ നിലവിൽ വരുമെന്നാണ് സൂചനകൾ. ഹൃദയവും കിഡ്നിയും തലച്ചോറും ഒക്കെ പ്രായമാകൽ പ്രക്രിയയിലൂടെ കരുതൽ ശേഖരം നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്താതെ മാറ്റിവെക്കാൻ സാധിക്കുന്ന പ്രക്രിയകൾ വരെ മനുഷ്യരുടെ ഇടയിൽ ഏറ്റവും സാധാരണമായ സംഗതി ആയേക്കാം. മനുഷ്യ ശരീരത്തിന്റെ ശൈശവഘട്ടത്തിൽ നിന്ന് മുതിർന്ന ഒരു മനുഷ്യനിലേക്ക് വളരുക എന്ന പ്രക്രിയ സ്വാഭാവികമായി നടക്കുമ്പോൾ തന്നെ ഒരു ഘട്ടമെത്തി കഴിയുമ്പോൾ ഉണ്ടാകുന്ന പ്രായമാക്കൽ എന്ന പ്രക്രിയയെ പ്രതിരോധിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഉണ്ടായി വരുന്നു എന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയാവില്ല. മനുഷ്യന് അവന്റെ സ്വാഭാവിക മരണത്തെ വെല്ലുവിളിക്കാൻ കഴിയുന്ന തരത്തിൽ സാങ്കേതികവിദ്യ വികാസം പ്രാപിക്കും എന്ന് പറയാം.

ഇന്ന് ഏപ്രിൽ 7 ലോകആരോഗ്യ ദിനമാണ്. ഈ ലോകാരോഗ്യ ദിനത്തിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് പറയാതെ വിദൂര സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് സത്യത്തിൽ ഒരു കൗതുകം തന്നെയാണ്.ഇതൊക്കെ സാധ്യമാകുന്ന അവസ്ഥയിലേക്ക് നമുക്ക് എത്തിച്ചേരാം എങ്കിൽ നിലവിലുള്ള സാമൂഹിക ആരോഗ്യ മേഖലയിൽ മനുഷ്യന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നുള്ള ആത്മവിശ്വാസം നൽകുക കൂടിയാണ് ഇത്തരം പ്രതീക്ഷകൾ.

"എന്റെ ആരോഗ്യം എന്റെ അവകാശമാണ് " ഇതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം.വ്യത്യാസങ്ങളില്ലാതെ ഓരോ മനുഷ്യരുടെയും ആരോഗ്യ അവകാശങ്ങളെ ഉറപ്പാക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് എളുപ്പമാണോ? മെഷീൻ ലേണിംഗ്,ഡീപ് ലേണിംഗ് തുടങ്ങിയ വിവിധ ടെക്‌നിക്കുകളാൽ നയിക്കപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരോഗ്യ സംരക്ഷണത്തിന്റെ നിലവിലുള്ള നിരന്തരമായ വെല്ലുവിളികൾക്ക് പരിഹാരമായി ഇതിനോടകം മുന്നോട്ടുവന്നു കഴിഞ്ഞു. മാനുഷിക ഇടപെടലുകൾ കൊണ്ട് മാത്രം പരിഹരിക്കാൻ സാധിക്കുന്ന ആരോഗ്യ പരിപാലന പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട് എങ്കിലും നേരത്തെയുള്ള രോഗ നിർണയത്തിനും പകർച്ചവ്യാധികളുടെ കാര്യക്ഷമമായ നിരീക്ഷണങ്ങൾക്കും നിർമ്മിത ബുദ്ധിക്ക് മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയും എന്നതാണ് നിലവിലെ നിരീക്ഷണം. ആരോഗ്യ സംരക്ഷണത്തിൽ നിർമ്മിത ബുദ്ധി പ്രയോഗിക്കുന്നതിലെ ധാർമികതയും ഇതിനോടൊപ്പം തന്നെ ചർച്ചയാവുന്നുണ്ട്.പക്ഷേ ലോകാരോഗ്യ സംഘടന പറയുന്നത് ആരോഗ്യ സംരക്ഷണത്തിലെ തുല്യതയും നവീകരണവും ധാർമിക സമഗ്രതയും ലക്ഷ്യമിടുന്ന ഒരു ഭാവി വിഭാവനം ചെയ്യുക എന്നത് നിർമ്മിത ബുദ്ധിയുടെ പ്രയോഗത്തിലൂടെ സാധ്യമാകും എന്നാണ്.അതിലൂടെ മെച്ചപ്പെട്ടതും സുസ്ഥിരവും മികച്ചതുമായ ഒരു ആരോഗ്യ പരിരക്ഷ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും എന്നും അവർ വിശ്വസിക്കുന്നു.

ക്യാൻസർ സ്ക്രീനിങ്ങുകൾക്കും രോഗങ്ങളും രോഗലക്ഷണങ്ങളും നിർണയിക്കുന്നതിലും മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുമുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾക്ക് നിർമ്മിത ബുദ്ധി നൽകുന്ന പിന്തുണയെ ഏറെ പ്രതീക്ഷയോടെ തന്നെ നമുക്ക് വീക്ഷിക്കാം.നൂതന സാങ്കേതികവിദ്യകളുടെ ഇത്തരം പ്രയോജനങ്ങൾ യാതൊരുവിധ വിവേചനങ്ങളും ഇല്ലാതെ സകല മനുഷ്യരിലേക്കും എത്തിക്കുന്നതിന് സാധ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ആരോഗ്യം മേഖലയ്ക്ക് സാധിക്കണം.

സത്യത്തിൽ ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശത്തിൽ പറയുന്നതുപോലെ ആരോഗ്യം എന്റെ അവകാശമാണ് എന്നതിനോടൊപ്പം അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് എന്നുകൂടി ഓർക്കേണ്ടതുണ്ട്.കൃത്യമായ ഇടവേളകളിൽ നമ്മുടെ ശരീരം പരിശോധനകൾക്ക് വിധേയമാക്കി  രോഗം വരാതെ തടയുക എന്നാ ഉത്തരവാദിത്വം നമ്മൾ പലപ്പോഴും മറന്നു പോകാറുണ്ട്.ഒരുപക്ഷേ സമയമില്ലെന്ന കാരണത്താൽ. അത്തരം സമയക്കുറവുകളെ പരിഹരിച്ചുകൊണ്ട് ഏറ്റവും എളുപ്പത്തിൽ ഇത്തരം പരിശോധനകൾ ലഭ്യമാക്കുകയും പെട്ടെന്ന് തന്നെ ചെയ്യാൻ സാധിക്കുകയും രോഗനിർണയം വളരെ വേഗം സാധ്യമാക്കുകയും ആരോഗ്യ വിദഗ്ധന്റെ ലഭ്യത പ്രയാസമില്ലാതെ ഉറപ്പാക്കുകയും ചെയ്യാൻ നിർമ്മിത ബുദ്ധിക്ക് സാധിക്കുമെന്ന് തന്നെ കരുതുന്നു.

മൊബൈൽ ഫോണുകളിലെ ആപ്ലിക്കേഷനിൽ നമുക്കുള്ള രോഗലക്ഷണങ്ങൾ ടൈപ്പ് ചെയ്തു കൊടുത്താൽ അതിന് എന്തൊക്കെ  പരിശോധനകൾ,ഏത് ഭക്ഷണക്രമം, ഏതൊക്കെ വ്യായാമങ്ങൾ,എന്തൊക്കെ മരുന്നുകൾ, വിദഗ്ധ ചികിത്സ ആവശ്യമാണെങ്കിൽ ഏത് ആശുപത്രിയിൽ ഏത് വിദഗ്ധ ഡോക്ടറെ സമീപിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നമുക്ക് ലഭ്യമാകുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ രോഗപ്രതിരോധം വളരെ കാര്യക്ഷമം ആകും എന്നാണ് പ്രതീക്ഷ.മരുന്നുകൾ ആവശ്യമെങ്കിൽ ആപ്ലിക്കേഷൻ വഴി തന്നെ ആ വിവരങ്ങൾ ഒരു മെഡിക്കൽ സ്റ്റോറിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും നിങ്ങളുടെ വീട്ടിൽ മരുന്നുകൾ എത്തിക്കാനും സാധിക്കും.നമ്മുടെ ഹൃദയസ്പന്ദനവും ഓക്സിജന്റെ അളവും രക്തസമ്മർദ്ദവുമൊക്കെ രേഖപ്പെടുത്താൻ സാധിക്കുന്ന സ്മാർട്ട് വാച്ചുകൾ ഇന്ന് ഉപയോഗത്തിലുണ്ട്.അത്തരം വാച്ചുകളുടെ ഇന്നുള്ളതിനേക്കാളും നവീകരിച്ച പതിപ്പുകൾ ലഭ്യമാകാൻ തുടങ്ങിയാൽ നമ്മുടെ ആരോഗ്യസ്ഥിതിയെ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന രീതിയിലുള്ള നൂതന സാങ്കേതിക ആശയങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും സാധ്യതകൾ തുറക്കപ്പെടും.

അനാരോഗ്യകരമായ ഹൃദയ സ്പന്ദനങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്ന സ്മാർട്ട്‌ വാച്ചുകൾ നിലവിൽ വരാം. ഇത്തരമൊരു സാമൂഹിക അവസ്ഥയിലേക്ക് എത്തുമ്പോൾ നമ്മുടെ ആരോഗ്യാവസ്ഥ നിരന്തരം ഡിജിറ്റൽ സംവിധാനങ്ങൾ വഴി നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ പ്രതിരോധം എന്നത് വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒന്നായി മാറും.ഓരോ സാധാരണ മനുഷ്യനിലേക്കും എത്തപ്പെടുന്ന രീതിയിൽ നമ്മുടെ ആരോഗ്യ സാങ്കേതികവിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറം വികസിക്കുകയും കാര്യക്ഷമമാവുകയും ആരോഗ്യസംരക്ഷണം എളുപ്പത്തിൽ സാധ്യമാകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യണം എന്നതാണ് വെല്ലുവിളി. ഓരോ ദിനങ്ങളും പല പ്രതീക്ഷകളാണ്. പ്രതീക്ഷകൾ മനുഷ്യരെ ഒരിക്കലും പുറകോട്ട് വലിക്കുകയുമില്ല.ഈ ആരോഗ്യ ദിനവും പ്രതീക്ഷകളുടേതാകട്ടെ.

എഴുതിയത്: 

ഡോ. കീർത്തി പ്രഭ,
BDS,ചീഫ് ഡെന്റൽ സർജൻ, 
മട്ടന്നൂർ മൾട്ടിസ്‌പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്

Latest Videos
Follow Us:
Download App:
  • android
  • ios