World Asthma Day 2024: ആസ്ത്മയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും
രോഗത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുക, തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം.
ഇന്ന് ലോക ആസ്ത്മ ദിനം ആണ്. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (Global Initiative for Asthma, GINA ) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുക, തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം.
ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു.
ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് ആസ്‍ത്മ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം. അതേസമയം, എല്ലാ ശ്വാസതടസ്സ പ്രശ്‌നങ്ങളും ആസ്ത്മയുടേതല്ല. ആസ്ത്മ രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഗുളികകളോ സിറപ്പുകളോ ഇന്‍ഹേലറുകളോ ഉപയോഗിക്കുക.
എങ്ങനെ പ്രതിരോധിക്കാം ?
- അടിസ്ഥാനപരമായ കാര്യമായ കൈകളുടെ ശുചിത്വം ഉറപ്പാക്കുക.
- ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക.
- ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
- മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക.
- ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.
- ആസ്ത്മ രോഗികള്‍ പുകവലി ഉപേക്ഷിക്കുക. അതുപോലെ തന്നെ പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക.
- കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം.
- തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
ആസ്‍ത്മ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഇലക്കറികള്‍, സാല്‍മണ്‍ ഫിഷ്, നെല്ലിക്ക, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, കുരുമുളക്, ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ ആസ്ത്മ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Also read: ഈ നാല് ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? പിന്നിലെ കാരണം ഇതാകാം