സ്ത്രീയുടെ വയറ്റിനകത്ത് നിന്ന് സർജറിയിലൂടെ നീക്കം ചെയ്തത് 55 ബാറ്ററികൾ!

സ്കാനിംഗിലൂടെ ബാറ്ററികൾ കണ്ടെത്തിയെങ്കിലും ഇത് സ്വാഭാവികമായി മലത്തിലൂടെ പുറത്തെത്തുമോ എന്നാണ് ആദ്യം ഡോക്ടർമാർ നോക്കിയത്. എന്നാൽ അഞ്ച് ബാറ്ററികൾ മാത്രമാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ രീതിയിൽ പുറത്തെത്തിയത്.

woman swallowed 55 batteries and doctors removed those through surgery

മനുഷ്യശരീരത്തിനകത്തേക്ക് അബദ്ധവശാൽ പുറമെ നിന്നുള്ള ചെറിയ വസ്തുക്കളോ, ഉപകരണങ്ങളോ എല്ലാം പെട്ടുപോകാറുണ്ട്. അധികവും ഇത് വായിൽ നിന്നാണ് സംഭവിക്കുന്നത്. സേഫ്റ്റി പിന്നോ നാണയമോ എല്ലാം ഇത്തരത്തിൽ കടിച്ചുപിടിക്കുന്നതിനിടെ വിഴുങ്ങിപ്പോകുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതല്ലെങ്കിൽ കുട്ടികളാണ് ചെറിയ സാധനങ്ങൾ അധികവും വിഴുങ്ങുന്നത്. 

എന്നാൽ ചിലർ ബോധപൂർവം തന്നെ എന്തെങ്കിലും സാധനങ്ങളോ ഉപകരണങ്ങളോ വിഴുങ്ങുകയോ അതല്ലെങ്കിൽ ജനനേന്ദ്രിയം വഴി കയറ്റുകയോ ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഒന്നുകിൽ മാനസികപ്രശ്നങ്ങളാകാം ഇതിന് കാരണമാകാറ്. അതല്ലെങ്കിൽ സ്വയം നശിപ്പിക്കുക- മരിക്കുക എന്ന ഉദ്ദേശപ്രകാരവും ചെയ്യാം. എന്തായാലും പുറമെ നിന്നുള്ള വസ്തുക്കൾ മനുഷ്യശരീരത്തിനകത്ത് കടക്കുന്നത് തീർച്ചയായും വലിയ രീതിയിലുള്ള സങ്കീർണതകൾക്ക് ഇടയാക്കുമെന്നതിൽ തർക്കമില്ല. ഇത് നിസാരമായ ഉദരസംബന്ധ പ്രശ്നങ്ങൾ തൊട്ട് മരണത്തിലേക്ക് വരെയെത്തിച്ചേക്കാം. 

എന്തായാലും സമാനമായൊരു സംഭവം, എന്നാൽ അപൂർവമായൊരു കേസ് ആണ് അയർലണ്ടിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു സ്ത്രീയുടെ വയറ്റിനകത്ത് നിന്ന് സർജറിയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തിരിക്കുന്നത് 55 ബാറ്ററികൾ! കേൾക്കുമ്പോൾ തന്നെ ഇതെങ്ങനെ സംഭവിക്കാനാണ് എന്ന അതിശയമായിരിക്കും ഏവരിലുമുണ്ടാവുക. അബദ്ധത്തിൽ സംഭവിച്ചതാണെന്ന ചിന്ത വേണ്ട. ബോധപൂർവ്വം തന്നെയാണത്രേ അറുപത്തിയാറുകാരിയായ സ്ത്രീ ബാറ്ററികൾ വിഴുങ്ങിയത്. 

ചെറിയ- ഉരുണ്ട ആകൃതിയിലുള്ള ബാറ്ററികളാണ് ഇവർ ഒന്നൊന്നായി വിഴുങ്ങിയത്. സ്വയം അപകടപ്പെടുത്തുക എന്നത് തന്നെയായിരുന്നുവത്രേ ഉദ്ദേശം. എന്നാൽ വൈകാതെ ദേഹാസ്വാസ്ഥ്യമായതോടെ ഇവരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

സ്കാനിംഗിലൂടെ ബാറ്ററികൾ കണ്ടെത്തിയെങ്കിലും ഇത് സ്വാഭാവികമായി മലത്തിലൂടെ പുറത്തെത്തുമോ എന്നാണ് ആദ്യം ഡോക്ടർമാർ നോക്കിയത്. എന്നാൽ അഞ്ച് ബാറ്ററികൾ മാത്രമാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ രീതിയിൽ പുറത്തെത്തിയത്. ഇതിനോടകം ബാറ്ററികളുടെ കനം താങ്ങാതെ ആമാശയം തൂങ്ങിവരുന്ന സാഹചര്യവുമുണ്ടായതോടെ സർജറി തീരുമാനിക്കുകയായിരുന്നു. സർജറിയിലൂടെ ആമാശയത്തിലുണ്ടായിരുന്ന ബാറ്ററികളെല്ലാം പുറത്തെടുത്തു. 

ഏതാനും ബാറ്ററികൾ മലാശയത്തിലെത്തിയിരുന്നു ഇവ മലാശയത്തിലൂടെയും പുറത്തെടുത്തു. ഇവരുടെ ആന്തരീകാവയവങ്ങൾക്കൊന്നും കാര്യമായ അപകടങ്ങളോ പരുക്കോ സംഭവിച്ചിട്ടില്ലെന്നാണ് 'ലൈവ് സയൻസി'ൽ വന്ന റിപ്പോർട്ടിൽ പറയുന്നത്. എന്തായാലും ഇത് റെക്കോർഡ് സംഭവമാണെന്നാണ് റിപ്പോർട്ടുകളെല്ലാം അവകാശപ്പെടുന്നത്. ഇത്രയധികം ബാറ്ററികൾ വിഴുങ്ങിയിട്ടുള്ള സംഭവങ്ങൾ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ഇവ ചൂണ്ടിക്കാട്ടുന്നത്. 

Also Read:- വയറുവേദന മൂലം ആശുപത്രിയിലെത്തി; എക്‌സ് റേയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...

Latest Videos
Follow Us:
Download App:
  • android
  • ios