കണ്ണിലൊഴിക്കുന്ന മരുന്നാണെന്ന് തെറ്റിദ്ധരിച്ച് സൂപ്പര്‍ ഗ്ലൂ ഒഴിച്ചു; യുവതിയുടെ വീഡിയോ
വീഡിയോയില്‍ കാണുമ്പോഴറിയാം, ഒരു കണ്ണിന്‍റെ കണ്‍പോളകള്‍ പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുകയാണ്. കാണുമ്പോഴേ അല്‍പം പേടിപ്പെടുത്തുന്നതാണിത്.
മരുന്നുകള്‍ സൂക്ഷിക്കാൻ എപ്പോഴും പ്രത്യേകം സ്ഥലം തന്നെ വീട്ടിലുണ്ടായിരിക്കണം. മരുന്നുകള്‍ സൂക്ഷിക്കുന്നയിടത്ത് അവ മാത്രമേ വയ്ക്കാവൂ. അതുപോലെ തന്നെ, ഉപയോഗിച്ച ശേഷം പലയിടത്തുമായി മരുന്നുകള്‍ വയ്ക്കുന്ന ശീലവും നല്ലതല്ല.
ഇതെല്ലാം പല തരത്തിലുള്ള അപകടങ്ങളും ഒഴിവാക്കുന്നതിനാണ് നിര്‍ദേശിക്കുന്നത്. മരുന്നാണെന്ന് തെറ്റിദ്ധരിച്ച് മറ്റ് ദ്രാവകങ്ങള്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ ഇതിലൂടെ നമുക്ക് ഒഴിവാക്കാൻ സാധിക്കും.
ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കാലിഫോര്‍ണിയയിലെ സാന്‍റ റോസ സ്വദേശിയായ ജെന്നിഫര്‍ എവര്‍സോള്‍ എന്ന യുവതി, ഇവര്‍ തന്നെ പങ്കുവച്ച വീഡിയോയിലൂടെ തനിക്ക് സംഭവിച്ചൊരു അപകടകരമായ അബദ്ധത്തെ കുറിച്ച് തുറന്നുപറയുകയായിരുന്നു. ഇതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടം നേടിയത്.
മറ്റൊന്നുമല്ല, ഐ ഡ്രോപ്സ് - അഥവാ കണ്ണിലൊഴിക്കുന്ന മരുന്നാണെന്ന് കരുതി ജെന്നിഫര്‍ സൂപ്പര്‍ ഗ്ലൂ എടുത്ത് കണ്ണിലൊഴിക്കുകയായിരുന്നുവത്രേ. ഇതിന് ശേഷം സംഭവിച്ചതിനെ കുറിച്ചാണ് ജെന്നിഫര്‍ വീഡിയോയില്‍ വിശദീകരിക്കുന്നത്. വീഡിയോ ചിത്രീകരിക്കുമ്പോഴും ഇവരുടെ കണ്ണ് 'നോര്‍മല്‍' ആയിട്ടില്ല.
കണ്ണില്‍ പേപ്പര്‍ ടവല്‍ വച്ച് ഒപ്പിക്കൊണ്ടും വേദന സഹിച്ചുമാണ് ജെന്നിഫര്‍ സംസാരിക്കുന്നത്. ലോകത്തിലെ ഏറ്റവും മണ്ടൂസിനുള്ള അവാര്‍ഡ് എനിക്ക് തരണമെന്നാണ് ജെന്നിഫര്‍ തനിക്കുണ്ടായ അപകടം വിവരിച്ചുകൊണ്ട് പറയുന്നത്. പക്ഷേ സംഗതി ഒട്ടും തമാശയല്ല, ആശുപത്രിയില്‍ എമര്‍ജൻസി വിഭാഗത്തില്‍ ചികിത്സ തേടേണ്ട അവസ്ഥ വരെയെത്തിയെന്നാണ് ജെന്നിഫര്‍ അറിയിക്കുന്നത്.
വീഡിയോയില്‍ കാണുമ്പോഴറിയാം, ഒരു കണ്ണിന്‍റെ കണ്‍പോളകള്‍ പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുകയാണ്. കാണുമ്പോഴേ അല്‍പം പേടിപ്പെടുത്തുന്നതാണിത്.
സംഭവം മരുന്നും സൂപ്പര്‍ ഗ്ലൂവും അടുത്തടുത്താണത്രേ ഇരുന്നിരുന്നത്. കണ്ണില്‍ ഗ്ലൂ വീണതിന് ശേഷം അസഹനീയമായ എരിച്ചിലും പൊള്ളലും ആയിരുന്നുവത്രേ അനുഭവപ്പെട്ടത്.
'ഗ്ലൂ വീണതോടെ ആകെയൊരു എരിച്ചിലും പുകച്ചിലുമാണ് തോന്നിയത്. സഹിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് പെട്ടെന്ന് തന്നെ ഞാൻ കണ്ണടയ്ക്കുകയും ചെയ്തു. അങ്ങനെ ചെയ്തതുകൊണ്ട് കണ്ണിനുള്ളിലേക്ക് കാര്യമായി ആയില്ല. കണ്ണിനകത്ത് ഇതുപോലെ എന്തെങ്കിലും ആയാല്‍ കണ്ണടയ്ക്കുന്നത് നല്ലതാണോ ചീത്തതാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാനങ്ങനെയാണ് അപ്പോളഅ ചെയ്തത്....'- ജെന്നിഫര്‍ പറയുന്നു.
പിന്നീട് ആംബുലൻസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവത്രേ. അവിടെയെത്തി എമര്‍ജൻസി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കണ്ണ് തുറക്കാൻ സഹായിക്കുന്ന ഐ ഡ്രോപ്സ് ഉപയോഗിച്ച് കണ്ണ് തുറപ്പിച്ചു. കണ്ണിനകത്തും ചില പരുക്കുകളുണ്ടെന്ന് മനസിലായതോടെ പൂര്‍ണമായും ഭേദപ്പെടുന്നത് വരെ കണ്ണ് കെട്ടിവയ്ക്കാൻ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
എന്തായാലും ജെന്നിഫറിന്‍റെ വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാൻ കരുതലോടെ പെരുമാറേണ്ടതിന്‍റെ ആവശ്യകതയാണ് വീഡിയോ പ്രധാനമായും കൈമാറുന്നത്.
വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-