'കൊവിഡിനെതിരെ വാക്‌സിന്‍ വന്നേക്കില്ല'; നിര്‍ണ്ണായക വിവരങ്ങള്‍ പങ്കിട്ട് ലോകാരോഗ്യ സംഘടന പ്രതിനിധി
'''ഒരുപക്ഷേ എല്ലാവര്‍ഷവും കൃത്യമായ സീസണില്‍ കൊറോണ വൈറസ് എത്തിയേക്കാം. ഇതുമൂലം ആളുകള്‍ മരിക്കുകയും ചെയ്‌തേക്കാം. നമ്മളിപ്പോള്‍ കടന്നുപോകുന്ന തരത്തിലുള്ള ലോക്ഡൗണുകള്‍ പതിവുകളുടെ ഭാഗവുമായി മാറിയേക്കാം. ഇത്തരത്തില്‍ ഏറെക്കാലം നിലനിന്നേക്കാവുന്ന ഒരു പ്രശ്‌നമായി കൊറോണയെ കാണുകയും അതിനെ കൈകാര്യം ചെയ്യാന്‍ നമ്മള്‍ പ്രാപ്തരാവുകയും ആണ് വേണ്ടത്...''
ലോകത്തെയൊട്ടാതെ മരവിപ്പിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് എന്ന രോഗകാരി വ്യാപനം തുടരുമ്പോള്‍ നമ്മളില്‍ ആകെ അവശേഷിക്കുന്ന ആശ്വാസം ഇതിനെതിരെ വാക്‌സിന്‍ നിര്‍മ്മിക്കപ്പെടും എന്നതാണ്. ഇതിന് വേണ്ടിയുള്ള പ്രയത്‌നത്തിലാണ് ഓരോ രാജ്യങ്ങളിലേയും ഗവേഷകര്‍. എന്നാല്‍ ഈ ശുഭാപ്തിവിശ്വാസത്തിന് മേല്‍ കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനാപ്രതിനിധിയായ ഡോ. ഡേവിഡ് നബാരോ.
കൊവിഡ് 19നെതിരെ ഒരുപക്ഷേ വാക്‌സിന്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കില്ലെന്നാണ് ഇദ്ദേഹം സൂചിപ്പിക്കുന്നത്. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന പല വൈറസുകള്‍ക്കുമെതിരെ വാക്‌സിന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ അവസ്ഥ കൊറോണയുടെ കാര്യത്തിലും സംഭവിച്ചേക്കുമെന്നുമാണ് അദ്ദേഹം വിശദമാക്കുന്നത്.
'കൊവിഡിനെതിരെ വാക്‌സിന്‍ നിര്‍മ്മിക്കപ്പെടും എന്ന പരിപൂര്‍ണ്ണ വിശ്വാസം നമ്മള്‍ വച്ചുപുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. അഥവാ അത്തരത്തിലൊരു വാക്‌സിന്‍ കണ്ടെത്തപ്പെട്ടാലും അത്, ഫലപ്രദമാണെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടി നടത്തുന്ന തുടര്‍ പരിശോധനകളിലെല്ലാം വിജയിക്കണമെന്നില്ല...'- ഡോ.ഡോവിഡ് നബാരോ പറയുന്നു.
അതേസമയം കൊവിഡിനെ പിടിച്ചുനിര്‍ത്തുന്നതിനോ ചെറുക്കുന്നതിനോ പല ചികിത്സാരീതികള്‍ ഉരുത്തിരിഞ്ഞുവന്നേക്കാമെന്നും എന്നാല്‍ അതൊന്നും വാക്‌സിന് സമം ആകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
(ഡോ. ഡേവിഡ് നബാരോ...)
'ഒരുപക്ഷേ എല്ലാവര്‍ഷവും കൃത്യമായ സീസണില്‍ കൊറോണ വൈറസ് എത്തിയേക്കാം. ഇതുമൂലം ആളുകള്‍ മരിക്കുകയും ചെയ്‌തേക്കാം. നമ്മളിപ്പോള്‍ കടന്നുപോകുന്ന തരത്തിലുള്ള ലോക്ഡൗണുകള്‍ പതിവുകളുടെ ഭാഗവുമായി മാറിയേക്കാം. ഇത്തരത്തില്‍ ഏറെക്കാലം നിലനിന്നേക്കാവുന്ന ഒരു പ്രശ്‌നമായി കൊറോണയെ കാണുകയും അതിനെ കൈകാര്യം ചെയ്യാന്‍ നമ്മള്‍ പ്രാപ്തരാവുകയും ആണ് വേണ്ടത്. നമ്മുടെ സാമൂഹികജീവിതം- സാമ്പത്തികാവസ്ഥ എന്നിവയെല്ലാം ഈ ഭീഷണിക്കിടെയും സുരക്ഷിതമാക്കിനിര്‍ത്താന്‍ നമുക്ക് കഴിയണം...'- ഡോ. ഡേവിഡ് നബാരോ പറയുന്നു.
കൊറോണ വൈറസുമായി ഏറെ സാമ്യതയുള്ള ചില വൈറസുകള്‍ക്ക് ഇതുവരേയും വാക്‌സിന്‍ കണ്ടെത്താനായിട്ടില്ലെന്ന വസ്തുത അദ്ദേഹം എടുത്തുകാണിക്കുന്നുണ്ട്.
'ഗവേഷകരെല്ലാം തീര്‍ച്ചയായും ശുഭാപ്തിവിശ്വാസത്തില്‍ തന്നെയാണ്. 18 മാസത്തിനുള്ളിലോ അത് കഴിഞ്ഞ് വൈകാതെയോ വാക്‌സിന്‍ കണ്ടെത്തപ്പെടും എന്നാണ് ഗവേഷകലോകം അറിയിക്കുന്നത്. നല്ലത് തന്നെ. എന്നാല്‍ പൂര്‍ണ്ണമായി ഇതില്‍ വിശ്വാസമര്‍പ്പിച്ച് തുടരുന്നതിന് പകരം നമ്മള്‍ ചില പ്ലാനുകള്‍ ആവിഷ്‌കരിക്കുന്നതാണ് ഏറ്റവും ഉത്തമം. പ്ലാന്‍-എ, പ്ലാന്‍-ബി എന്ന തരത്തില്‍ രണ്ട് തരം പദ്ധതികള്‍ ഇപ്പോള്‍ നമുക്ക് മുന്നില്‍ക്കാണാം...'- ഡോ.ഡേവിഡ് നബാരോയുടെ വാക്കുകള്‍.
പ്ലാന്‍-എയും പ്ലാന്‍ ബിയും...
വാക്‌സിന്‍ കണ്ടെത്തപ്പെടും എന്ന വിശ്വാസത്തിലൂന്നിയാണ് പ്ലാന്‍-എ രൂപീകരിക്കേണ്ടത്. തീര്‍ത്തും ശുഭകരമായ കാര്യമായിരിക്കും വാക്‌സിന്‍ കണ്ടെത്തപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ നില വച്ച് പ്ലാന്‍-ബിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് ഡോ.ഡേവിഡ് നബാരോ ഉള്‍പ്പെടെ ചില പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.
എച്ച്‌ഐവി എന്ന വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടുക്കുമെന്ന് പറഞ്ഞ് ഗവേഷകലോകം ചിലവഴിച്ചത് പതിറ്റാണ്ടുകളാണ്. ഡെങ്കുവിന്റെ കാര്യം നോക്കൂ, ഇപ്പോഴും അതിന് മരുന്ന് നിശ്ചയിക്കാനായിട്ടില്ല. ഇത്തരം വസ്തുതകളെല്ലാം മുന്നില്‍ നില്‍ക്കെ നമ്മുടെ സാഹചര്യങ്ങളെ കൊവിഡുമായി പൊരുത്തപ്പെടുത്തിയെടുക്കലാണ് പ്രധാനം. അതായിരിക്കണം പ്ലാന്‍-ബിയുടെ സത്തയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ കൊവിഡിനെതിരെ നമ്മള്‍ പ്രയോഗിക്കുന്ന മരുന്നുകള്‍, സമൂഹികമായ പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെല്ലാം വിപുലപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാകണം പ്ലാന്‍-ബി. അതില്‍ തീര്‍ച്ചയായും നമ്മുടെ ജീവിതസാഹചര്യങ്ങളും ചര്യകളുമെല്ലാം പാടെ മാറുന്ന അവസ്ഥയുണ്ടായേക്കാം. എന്നാല്‍ അതിനോട് നമ്മള്‍ സഹകരിക്കേണ്ടതായി വരും. ആരോഗ്യമേഖലയും മറ്റ് സംവിധാനങ്ങളുമെല്ലാം ഇതിന് സജ്ജമാകേണ്ടതുണ്ടാകും.
'കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ കണ്ടെത്തപ്പെടില്ല എന്നല്ല വാദം. മറിച്ച് അതിനുള്ള സാധ്യതകള്‍ കൂടി വ്യക്തമാക്കുകയാണ്. വാക്‌സിന്‍ കണ്ടെത്താനായാല്‍ അത് അത്ഭുതം. ഭാഗ്യം- എന്ന് കരുതാം. അല്ലാത്ത അവസ്ഥയുണ്ടായാല്‍ അതിനെയും മറികടക്കാന്‍ നമുക്കാകണമല്ലോ...'- ഡോ. ഡേവിഡ് നബാരോ കൂട്ടിച്ചേര്‍ക്കുന്നു.
ലോകാരോഗ്യ സംഘടനാ സ്ഥാനപതി മാത്രമല്ല, ലണ്ടനിലെ 'ഇംപീരിയല്‍ കോളേജി'ല്‍ ഗ്ലോബല്‍ ഹെല്‍ത്ത് പ്രൊഫസര്‍ കൂടിയാണ് ഡോ. ഡേവിഡ് നബാരോ. നിരവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.