എന്താണ് 'വെര്‍ട്ടിഗോ'? ; ഇത് എന്തുകൊണ്ട് വരുന്നു?

ജനിതകഘടകങ്ങളാണ്  'വെര്‍ട്ടിഗോ'യിലേക്ക് നയിക്കുന്നത് എന്ന വാദം നിലനില്‍ക്കുന്നതാണ്. എന്നാല്‍ ജനിതകഘടകങ്ങള്‍ മാത്രമാണ് ഇതിലേക്ക് നയിക്കുന്നത് എന്ന് പറഞ്ഞാല്‍ ശരിയല്ല.

what is vertigo and why it happens

നിങ്ങള്‍ പലപ്പോഴും കേട്ടിരിക്കാൻ സാധ്യതയുള്ളൊരു പ്രയോഗമാണ് 'വെര്‍ട്ടിഗോ'. എന്നാല്‍ പലര്‍ക്കും ഇത് എന്താണെന്ന് കൃത്യമായി അറിയില്ല എന്നതാണ് സത്യം. 'വെര്‍ട്ടിഗോ' എന്നാല്‍ തലകറക്കം മാത്രമാണെന്ന് ധരിച്ചുവച്ചിട്ടുള്ളവരും ഏറെയാണ്. 

'വെര്‍ട്ടിഗോ' എന്നാല്‍ പല പ്രശ്നങ്ങളെയും ഒന്നിച്ച് വിശേഷിപ്പിക്കാനുപയോഗിക്കുന്നൊരു പ്രയോഗമാണ്. തലകറക്കം, ബോധക്ഷയം, സ്ഥിരത നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെ സമാനതകളുള്ള പല അവസ്ഥയെയും 'വെര്‍ട്ടിഗോ'യുടെ കീഴിലുള്‍പ്പെടുത്താം. 

ചിലര്‍ കരുതുന്നത് ഉയരത്തില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ അനുഭവപ്പെടുന്ന തലകറക്കം മാത്രമാണ്  'വെര്‍ട്ടിഗോ' എന്നാണ്. ഇതും തെറ്റിദ്ധാരണയാണ്. സമതലത്തിലാകുമ്പോഴും  'വെര്‍ട്ടിഗോ' അനുഭവപ്പെടാവുന്നതാണ്. ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതായും, ചലിക്കുന്നതായും തോന്നുക, നമ്മള്‍ 'സ്റ്റഡി'യായിരിക്കുമ്പോഴും വീഴാൻ പോകുന്നതായി അനുഭവപ്പെടുകയെല്ലാം ചെയ്യുന്നത്  'വെര്‍ട്ടിഗോ'യുടെ ഭാഗമായി കണക്കാക്കാം. 

പലര്‍ക്കും ഇടയ്ക്കിടെ  'വെര്‍ട്ടിഗോ' അനുഭവപ്പെടാം. ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ടാകാം. ജനിതകഘടകങ്ങളാണ്  'വെര്‍ട്ടിഗോ'യിലേക്ക് നയിക്കുന്നത് എന്ന വാദം നിലനില്‍ക്കുന്നതാണ്. എന്നാല്‍ ജനിതകഘടകങ്ങള്‍ മാത്രമാണ് ഇതിലേക്ക് നയിക്കുന്നത് എന്ന് പറഞ്ഞാല്‍ ശരിയല്ല. ജനിതകഘടകങ്ങള്‍ക്കൊപ്പം പാരിസ്ഥിതിക ഘടകങ്ങള്‍, ജീവിതരീതികള്‍ എല്ലാം  'വെര്‍ട്ടിഗോ'യില്‍ സ്വാധീനമായി വരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. 

പലരിലും തലച്ചോറിലെയോ ചെവിക്കകത്തെയോ പ്രശ്നങ്ങളോ അസുഖങ്ങളോ പരുക്കുകളോ മൂലം  'വെര്‍ട്ടിഗോ' വരാം. അതിനാല്‍  'വെര്‍ട്ടിഗോ' തീര്‍ച്ചയായും ഡോക്ടറെ കാണേണ്ട അവസ്ഥ തന്നെയാണ്. അതുപോലെ നിര്‍ജലീകരണം (ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ), അനീമിയ (വിളര്‍ച്ച) എന്നിങ്ങനെയുള്ള പ്രശ്നങ്ങളും  'വെര്‍ട്ടിഗോ'യിലേക്ക് നയിക്കാം. 

രാത്രിയിലെ ഉറക്കമില്ലായ്മ, കാപ്പിയോ ചായയോ മദ്യമോ അമിതമായി കഴിക്കുക, മോശം ഭക്ഷണരീതി, സോഡിയം (ഉപ്പ്) അധികമാകുക എന്നീ കാര്യങ്ങളെല്ലാം  'വെര്‍ട്ടിഗോ'സാധ്യതയെ കൂട്ടുന്നു. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചേ മതിയാകൂ. പ്രത്യേകിച്ച് മുമ്പേ 'വെര്‍ട്ടിഗോ' വന്ന ചരിത്രമുള്ളവര്‍.

Also Read:- ഇടയ്ക്കിടെ പാദങ്ങള്‍ തളര്‍ന്നുപോകുന്നതായി തോന്നാറുണ്ടോ? കാരണം ഇതാകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios