സ്തനാർബുദ ചികിത്സയ്ക്കിടെ ഹിന ഖാനെ ബാധിച്ച മറ്റൊരു രോഗാവസ്ഥ ; എന്താണ് മ്യൂക്കോസിറ്റിസ്?
സ്തനാർബുദ ചികിത്സയ്ക്കിടെ 'മ്യൂക്കോസിറ്റിസ്' എന്ന രോഗം തന്നെ ബാധിച്ചതായി ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.
ക്യാൻസറിനോട് പൊരുതിക്കൊണ്ടിരിക്കുന്ന ബോളിവുഡ് നടിയാണ് ഹിനാ ഖാൻ. വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പങ്കുവച്ച പോസ്റ്റ് വെെറലായിരുന്നു. അഞ്ചാമത് കീമോ ഇൻഫ്യൂഷനിലൂടെ കടന്നുപോവുകയാണെന്നും താരം പറഞ്ഞു. സ്തനാർബുദ ചികിത്സയ്ക്കിടെ മ്യൂക്കോസിറ്റിസ് എന്ന രോഗം തന്നെ ബാധിച്ചതായി ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.
'കീമോതെറാപ്പിയുടെ മറ്റൊരു പാർശ്വഫലമാണ് മ്യൂക്കോസിറ്റിസ്. ഇപ്പോൾ അതിന്റെ ചികിത്സയിലാണ്. നിങ്ങളിൽ ആരെങ്കിലും ഈ രോഗാവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടോ. അല്ലെങ്കിൽ എന്തെങ്കിലും ഉപയോഗപ്രദമായ പ്രതിവിധികൾ അറിയാമോ. ദയവായി പറഞ്ഞ് തരിക...' - താരം കുറിച്ചു.
എന്താണ് മ്യൂക്കോസിറ്റിസ്?
കീമോ തെറപ്പിയുടെ അനന്തരഫലമായി വായിലും അന്നനാളത്തിലും പഴുപ്പോടു കൂടി വീക്കമുണ്ടാകുന്ന അവസ്ഥയാണ് മ്യൂക്കോസിറ്റിസ്. റേഡിയേഷൻ അല്ലെങ്കിൽ കീമോതെറാപ്പി പോലുള്ള കാൻസർ ചികിത്സകളുടെ ഒരു സാധാരണ പാർശ്വഫലമാണിത്. മ്യൂക്കോസിറ്റിസ് താത്കാലികവും സുഖപ്പെടുത്തുന്നതുമാണെങ്കിലും ഇത് വേദനാജനകവും ചില അപകടസാധ്യതകൾ ഉള്ളതുമാണ്.
ചികിത്സയുടെ പുതിയ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. മാസങ്ങൾക്ക് മുൻപാണ് സ്റ്റേജ് 3 സ്തനാർബുദം തന്നെ ബാധിച്ചതായി ഹിന വെളിപ്പെടുത്തിയത്. മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ ചികിൽസയിലാണ് ഹിന ഇപ്പോൾ.
ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം പ്രധാനമാണ് എന്നാണ ഹിന പറയുന്നത്. വ്യായാമം ചെയ്യാതിരിക്കാൻ ഒഴിവുകഴിവുകൾ പറയരുത് എന്നും രോഗങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കിൽ വ്യായാമം കൂടുതൽ ഫലപ്രദവും അനിവാര്യവുമാണ് എന്നും ഹിന ഓർമ്മിപ്പിക്കുന്നു. ദിവസവും വർക്കൗട്ട് ചെയ്യുന്നത് ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും ഗുണം ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. തനിയേ മുടികൊഴിയുന്നതിന് മുമ്പായി മുടി സ്വന്തമായി വെട്ടിയതിനേക്കുറിച്ചുമൊക്കെ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
Health Tips : പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ഗുണങ്ങളറിയാം