എപ്പോഴും കിടക്കണമെന്ന ചിന്ത, ക്ഷീണം, തളര്‍ച്ച, പേശീവലിവ്; പിന്നിലെ കാരണമിതാകാം...
കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയുന്നതായി കാണാറുണ്ട്.
എപ്പോഴും ക്ഷീണവും തളര്‍ച്ചയും കിടക്കണമെന്ന ചിന്തയുമുണ്ടോ? ഒപ്പം എല്ല് തേയ്മാനം, പല്ലുകൾ പൊട്ടുക തുടങ്ങിയ പ്രശ്നങ്ങളും? എങ്കില്‍, ചിലപ്പോള്‍ അത് കാത്സ്യം ശരീരത്തിൽ കുറഞ്ഞതിന്‍റെ സൂചനയാകാം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ധാതുവാണ് കാത്സ്യം. പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും രക്തം കട്ട പിടിക്കാനും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയുന്നതായി കാണാറുണ്ട്.
കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലവും, ചില മരുന്നുകളും ഉപയോഗം മൂലവും കാത്സ്യം ആഗിരണം ചെയ്യുന്നത് കുറയാം. അതുപോലെ സ്ത്രീകളില്‍ ഹോർമോൺ മാറ്റങ്ങൾ, ചില ജനിതക ഘടകങ്ങൾ എന്നിവയൊക്കെ ശരീരത്തില്‍ കാത്സ്യം കുറയാന്‍ കാരണമാകാം. പാല്‍, ചീസ്, യോഗര്‍ട്ട്, ഇലക്കറികള്‍, മുട്ട, ബദാം, എള്ള്, ചിയ വിത്തുകള്‍, ബീന്‍സ് തുടങ്ങിയവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
കാത്സ്യക്കുറവിനെ തിരിച്ചറിയാന്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1. പേശീവലിവ്, കൈ- കാലുകളിലെ മരവിപ്പ്, വിരലുകളില്‍ മരവിപ്പ്, പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതിന്‍റെ സൂചനയാകാം.
2. എല്ല് തേയ്മാനം, എല്ലിന്‍റെ ബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. ദന്തക്ഷയം, പൊട്ടുന്ന പല്ലുകൾ, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യം കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.
4. വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ, വരണ്ട ചർമ്മം, പരുക്കൻ തലമുടി, ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കാത്സ്യം കുറവ് മൂലം ഉണ്ടാകാം.
5. അമിത ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം. എങ്കിലും, എപ്പോഴും അമിതമായ ക്ഷീണം നേരിടുന്നതും തളര്‍ച്ചയുണ്ടാകണമെന്നും എപ്പോഴും കിടന്നാല്‍ മതിയെന്ന് തോന്നുന്നതും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
6. ഹൃദയപേശികളുടെ ശരിയായ പ്രവർത്തനത്തിന് കാത്സ്യം അത്യാവശ്യമാണ്. കാത്സ്യം കുറവുള്ളവരില്‍ ഹൃദയമിടിപ്പ് ഉണ്ടാകാം.
7. കാത്സ്യം കുറവ് മൂലം ചിലരില്‍ മാനസിക പ്രശ്നങ്ങളും ഉണ്ടാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: പാക്കറ്റില്‍ കിട്ടുന്ന ഈ അഞ്ച് ഭക്ഷണങ്ങൾ ക്യാൻസറിന് കാരണമായേക്കാം...