'വാക്സിനുകൾ സ്വീകരിച്ച് 10 മിനിറ്റിന് ശേഷം ഈ ഗതിയിലായി'; വീഡിയോ പങ്കുവെച്ച് യുവതി, ആശുപത്രിക്കെതിരെ ആരോപണം
ജനുവരിയിൽ പാരോക്സിസ്മൽ നോക്‌ടേണൽ ഹീമോഗ്ലോബിനൂറിയ (പിഎൻഎച്ച്) രോഗം ബാധിച്ച അലക്‌സിസ് ലോറൻസ് ഇപ്പോൾ ജീവനുവേണ്ടി പോരാടുകയാണ്.
ന്യൂയോർക്ക്: വാക്സിനെടുത്തതിന് പിന്നാലെയുണ്ടായ പാർശ്വഫലത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായെന്ന് യുവതി. യുഎസിലെ ഫ്ലോറിഡയിലെ 23കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. കാലിഫോർണിയയിലെ യുസിഐ മെഡിക്കൽ സെൻ്ററിൽ നൽകിയ വാക്സിൻ സ്വീകരിച്ച ശേഷമാണ് ഈ അവസ്ഥയിലായതെന്നും ഇവർ പറഞ്ഞു.
ജനുവരിയിൽ പാരോക്സിസ്മൽ നോക്‌ടേണൽ ഹീമോഗ്ലോബിനൂറിയ (പിഎൻഎച്ച്) രോഗം ബാധിച്ച അലക്‌സിസ് ലോറൻസ് ഇപ്പോൾ ജീവനുവേണ്ടി പോരാടുകയാണ്. വാക്സിൻ സേഫ്റ്റി റിസർച്ച് ഫൗണ്ടേഷൻ്റെ (വിഎസ്ആർഎഫ്) റിപ്പോർട്ടുകൾ പ്രകാരം, യുസിഐ മെഡിക്കൽ സെൻ്ററിൽ നിന്ന് ടെറ്റനസ്, ന്യൂമോകോക്കൽ, മെനിഞ്ചൈറ്റിസ് വാക്സിനുകൾ എന്നിവ ലോറൻസ് ചികിത്സയുടെ ഭാഗമായി സ്വീകരിച്ചു. വാക്സിനുകൾ സ്വീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ യുവതിയുടെ അവസ്ഥ വഷളായി.
ഭാഗികമായ അന്ധത, താടിയെല്ലിലെ പ്രശ്നം, ഛർദ്ദി എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിച്ചത്. അലക്സിസ് ലോറൻസിക്ക് കാലിഫോർണിയയിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ലോസ് ഏഞ്ചൽസിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ചികിത്സയ്ക്കായി പണം സ്വരൂപിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ പറഞ്ഞു.
പരിചരണത്തിൽ സഹായിക്കാൻ വിഎസ്ആർഎഫ് രജിസ്റ്റർ ചെയ്ത നഴ്‌സ് ഏഞ്ചല വുൾബ്രെക്റ്റിനെയും ഡോക്ടർമാരുടെ ഒരു ടീമിനെയും അയച്ചു. അലക്‌സിസ് ലോറൻസ് തൻ്റെ അവസ്ഥ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. രക്തത്തിലെ തകരാറിന് ആദ്യം ചികിത്സ തേടി. രക്തം മാറ്റിയ ശേഷം കുറച്ച് ആശ്വാസം നൽകിയെങ്കിലും രോഗം പൂർണമായി ഭേദമായില്ല.
ചികിത്സ പൂർണമായി ഫലപ്രദമാകുന്നതിന് വാക്‌സിനേഷനുകൾ സ്വീകരിക്കാൻ ഡോക്ടർമാർ ഉപദേശിച്ചെന്നും ഇവർ പറയുന്നു. വാക്സിനുകൾ സ്വീകരിച്ച ശേഷം, തനിക്ക് കടുത്ത പാർശ്വ ഫലം ഉണ്ടായതായി അവർ പറഞ്ഞു. ലോറൻസിൻ്റെ ആരോഗ്യനില പെട്ടെന്ന് വഷളാകാൻ ആശുപത്രിയുടെ നടപടി കാരണമായെന്ന് കുടുംബവും ആരോപിച്ചു.