പ്രമേഹമുള്ളവര്‍ ഉഴുന്ന് ഭക്ഷണം പതിവാക്കൂ; ഗുണമുണ്ട്...
പ്രമേഹരോഗികള്‍ക്ക് പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണപദാര്‍ത്ഥമാണ് ഉഴുന്ന് പരിപ്പ്. അതും കറുത്ത നിറത്തിലുള്ളതാണ് ഏറ്റവും ഉത്തമം. എന്തുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഉഴുന്ന് നല്ലതാണെന്ന് പറയുന്നത് എന്നറിയാമോ? വിശദമാക്കാം...
പ്രമേഹം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ ക്രമേണ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കുമെന്നതിനാല്‍ തന്നെ പ്രമേഹം നിര്‍ബന്ധമായും നിയന്ത്രിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
അധിക കേസുകളിലും ടൈപ്പ്-2 പ്രമേഹമാണ് ആളുകളെ ബാധിക്കുന്നത്. ഇതില്‍ നിന്ന് മുക്തി നേടുകയെന്നത് അപൂര്‍വമാണ്. ആദ്യമേ സൂചിപ്പിച്ചത് പോലെ നിയന്ത്രിച്ച് മുന്നോട്ട് പോവുകയെന്നതാണ് ഏക പരിഹാരമാര്‍ഗം.
ഇതിനായി ഭക്ഷണമടക്കമുള്ള ജീവിതരീതികളാണ് മെച്ചപ്പെടുത്തേണ്ടത്. ഏറ്റവും പ്രധാനം ഭക്ഷണം തന്നെ. ചില ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യേണ്ടി വരാം. അതുപോലെ ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും പ്രമേഹനിയന്ത്രണത്തിന് സഹായകമാണ്.
ഇത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണപദാര്‍ത്ഥമാണ് ഉഴുന്ന് പരിപ്പ്. അതും കറുത്ത നിറത്തിലുള്ളതാണ് ഏറ്റവും ഉത്തമം. എന്തുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഉഴുന്ന് നല്ലതാണെന്ന് പറയുന്നത് എന്നറിയാമോ? വിശദമാക്കാം...
ഉഴുന്ന് പരിപ്പില്‍ അടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കാനും ദീര്‍ഘസമയത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കാനും സഹായിക്കുന്നു. ഇതോടെ പ്രമേഹമുള്ളവര്‍ ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കുന്ന അനാരോഗ്യകരമായ ശീലത്തില്‍ നിന്ന് മാറുന്നു.
ഇതിന് പുറമെ ഉഴുന്നിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, അയേണ്‍ പോലുള്ള ധാതുക്കളെല്ലാം തന്നെ ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരമാണ്. ഗ്ലൈസമിക് സൂചിക (മധുരത്തിന്‍റെ അളവ്) വളരെ കുറവാണ് എന്നതും ഉഴുന്ന് പരിപ്പിനെ പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നു. രക്തത്തില്‍ പെട്ടെന്ന് ഷുഗര്‍ കൂട്ടാൻ ഇത് ഒരിക്കലും ഇടയാക്കില്ല.
ഉഴുന്ന് മാത്രമല്ല മിക്ക പരിപ്പ്- പയര്‍ വര്‍ഗങ്ങളും പ്രമേഹരോഗികള്‍ക്ക് നല്ലതുതന്നെയാണ്. കടല, പരിപ്പ്, ചെറുപയര്‍, വൻപയര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് സധൈര്യം കഴിക്കാവുന്നതാണ്. എന്നാല്‍ ഏത് ഭക്ഷണമായാലും അളവിന്‍റെ കാര്യത്തില്‍ കണിശത സൂക്ഷിക്കേണ്ടത് അനിവാര്യവുമാണ്, കെട്ടോ.
Also Read:- ഇഞ്ചി ചായ ഇഷ്ടമല്ലേ? എന്നാലീ ഗുണം കിട്ടാൻ പകരം കഴിക്കാവുന്നത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-