'ഞങ്ങളാല്‍ കഴിയുന്നത്...'; ആപത്തുകാലത്ത് മാതൃകയായി ഇരട്ടകള്‍...
കൊറോണ വൈറസ് വ്യാപകമായതോടെ നമ്മള്‍ നേരിട്ട ഒരു പ്രധാന പ്രശ്‌നമായിരുന്നു ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ധരിക്കാനുള്ള 'പിപിഇ' (പേഴ്‌സണ്‍ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്) കിറ്റുകളുടെ ലഭ്യതക്കുറവ്. ഈ ഘട്ടത്തിലാണ് എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ വീര്‍ ഓജസ്, മന്യ ആനന്ദി എന്നീ ഇരട്ടസഹോദരങ്ങള്‍ സേവനമനസുമായി സജീവപ്രവര്‍ത്തനങ്ങളിലേക്കിറങ്ങിയത്
കൊറോണ വൈറസ് വ്യാപനം ശക്തിപ്പെടുമ്പോള്‍ ഏറെ പണിപ്പെട്ടാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ പ്രതിനിധികളുമെല്ലാം രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതും ചികിത്സാരംഗത്തെ പിടിച്ചുനിര്‍ത്തുന്നതുമെല്ലാം. തങ്ങളാല്‍ കഴിയാവുന്ന സഹായങ്ങളെല്ലാം ഓരോ വ്യക്തിയും സ്വയം അറിഞ്ഞ് ചെയ്യേണ്ട ഒരു പ്രതിസന്ധിക്കാലവും കൂടിയാണ് നമുക്കിത്.
സര്‍ക്കാരുകളെയും ആരോഗ്യരംഗത്തെ സ്ഥാപനങ്ങളേയും സംഘടനകളേയുമെല്ലാം സാമ്പത്തികമായി സഹായിച്ചും, ഉത്തരവാദിത്തപൂര്‍വ്വം സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ചുമെല്ലാം നമ്മളെല്ലാം യുദ്ധസമാനമായ ഈ സാഹചര്യത്തെ മറികടക്കാന്‍ കൈകോര്‍ത്തുപിടിക്കേണ്ടതുണ്ട്.
ദില്ലി സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍ ഇതിന് ഉത്തമ മാതൃക തീര്‍ക്കുകയാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തുകൊണ്ട് രാജ്യത്തെ ഓരോ പൗരനേയും പൗരധര്‍മ്മത്തെ ഓര്‍മ്മിപ്പിക്കുന്നു.
കൊറോണ വൈറസ് വ്യാപകമായതോടെ നമ്മള്‍ നേരിട്ട ഒരു പ്രധാന പ്രശ്‌നമായിരുന്നു ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ധരിക്കാനുള്ള 'പിപിഇ' (പേഴ്‌സണ്‍ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്) കിറ്റുകളുടെ ലഭ്യതക്കുറവ്. ഈ ഘട്ടത്തിലാണ് എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ വീര്‍ ഓജസ്, മന്യ ആനന്ദി എന്നീ ഇരട്ടസഹോദരങ്ങള്‍ സേവനമനസുമായി സജീവപ്രവര്‍ത്തനങ്ങളിലേക്കിറങ്ങിയത്.
തങ്ങളുടെ പക്കലുണ്ടായിരുന്ന ചെറിയ സമ്പാദ്യവും മാസം തോറും കിട്ടുന്ന പോക്കറ്റ് മണികളുമെല്ലാം സ്വരുക്കുകൂട്ടി അവര്‍ ആയിരം മാസ്‌കുകളും പതിനായിരത്തോളം ഗ്ലൗസുകളും വാങ്ങി ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് സംഭാവനയായി നല്‍കി. പിന്നീട് സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം പണം പിരിച്ച ഇരുവരും ചേര്‍ന്ന് 500 'പിപിഇ' കിറ്റുകള്‍ സംഘടിപ്പിച്ചു. ഇതും ആശുപത്രിയിലേക്ക് നല്‍കി.
'ആദ്യം ഞങ്ങള്‍ ചിന്തിച്ചത്, ഞങ്ങളെക്കൊണ്ട് കഴിയുന്നത് ചെയ്യാം എന്ന് മാത്രമായിരുന്നു. പിന്നീട് കൂടുതല്‍ പേര്‍ സഹായിക്കാന്‍ തയ്യാറായതോടെ ഞങ്ങള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചു. എന്തെല്ലാമാണ് ആവശ്യമുള്ളതെന്നും ലഭ്യമല്ലാത്തത് എന്തെല്ലാമെന്നും അന്വേഷിച്ചു. അതിന് അനുസരിച്ചായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍...'- വീര്‍ പറയുന്നു.
ഇതുവരെ നാല് ലക്ഷം രൂപയോളം ഇവര്‍ പിരിച്ചെടുത്തു. എല്ലാം ആരോഗ്യരംഗത്ത് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാന്‍ മാത്രമായിട്ടാണ് ചിലവിട്ടത്. രോഗം പകരുന്നത് തടയാന്‍ അണിയുന്ന 'ഹസ്മത് സ്യൂട്ട്', മാസ്‌കുകള്‍, ഗ്ലൗസുകള്‍, ഷൂ കവര്‍ എന്നുതുടങ്ങി കൊവിഡ് 19 പ്രതിസന്ധിക്കാലത്ത് ആശുപത്രികളില്‍ ആവശ്യമായതെല്ലാം അവര്‍ സംഘടിപ്പിച്ചു നല്‍കി.
'കൊവിഡിനെ പറ്റി കേട്ടപ്പോള്‍ ആദ്യം തന്നെ ഞങ്ങളിലുണ്ടായ ആശങ്ക, നമ്മുടെ രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് ഈ രോഗത്തെ പിടിച്ചുനിര്‍ത്താന്‍ കെല്‍പുണ്ടാകുമോയെന്നായിരുന്നു. നമ്മളോരോരുത്തരും നമ്മളാല്‍ കഴിയുന്നത് ചെയ്യണമെന്ന് പിന്നീട് തോന്നി...'- മന്യയുടെ വാക്കുകള്‍.
പ്രതിസന്ധികളെ അതിജീവിക്കാന്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഇത്രയും ചെയ്തുവെന്നത് ഓരോ വ്യക്തിക്കും ഊര്‍ജ്ജം പകരുന്നത് തന്നെയാണ്. അതിനാല്‍ത്തന്നെ ഈ ആപത്തുകാലത്ത് ഇവര്‍ പണിഞ്ഞുതന്ന ഈ മാതൃക രാജ്യം ഒരിക്കലും മറക്കുകയുമില്ല.
Also Read:- ഓണ്‍ലൈന്‍ വിപണിയില്‍ 'മാസ്ക്' വിഐപി ഐറ്റം; സുരക്ഷാ ഉപകരണങ്ങള്‍ വിറ്റുതീരുന്നു...