ക്ഷീണവും കാഴ്ച മങ്ങലും നടക്കുമ്പോള്‍ ബാലൻസ് തെറ്റലും; കാരണം ഇതാകാം
നിത്യജീവിതത്തില്‍ ധാരാളം പേര്‍ നേരിടുന്ന പ്രശ്നമാണ് ക്ഷീണം. ഇതിന് പിന്നിലും കാരണങ്ങള്‍ വരാം. ക്ഷീണത്തിനൊപ്പം, കാഴ്ച മങ്ങല്‍, നടക്കുമ്പോള്‍ ബാലൻസ് തെറ്റിപ്പോകുന്നത് തുടങ്ങി പല പ്രശ്നങ്ങളും നേരിടുന്നുവെങ്കില്‍ കാരണമിതാകാം...
നിത്യജീവിതത്തില്‍ നാം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാം. മിക്കവരും ഇങ്ങനെ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ നിസാരവത്കരിക്കാറ് പതിവാണ്. എന്നാല്‍ എല്ലാ ആരോഗ്യപ്രശ്നങ്ങളെയും നിസാരവത്കരിക്കുന്നത് നല്ലതല്ല. കാരണം പല രോഗങ്ങളുടെയും ഗൗരവമുള്ള ആരോഗ്യാവസ്ഥകളുടെയുമെല്ലാം ലക്ഷണമായും ഇങ്ങനെയുള്ള പ്രയാസങ്ങള്‍ വരാം.
ഇതുപോലെ നിത്യജീവിതത്തില്‍ ധാരാളം പേര്‍ നേരിടുന്ന പ്രശ്നമാണ് ക്ഷീണം. ഇതിന് പിന്നിലും കാരണങ്ങള്‍ വരാം. ക്ഷീണത്തിനൊപ്പം, കാഴ്ച മങ്ങല്‍, നടക്കുമ്പോള്‍ ബാലൻസ് തെറ്റിപ്പോകുന്നത് തുടങ്ങി പല പ്രശ്നങ്ങളും നേരിടുന്നുവെങ്കില്‍ ഇത് വൈറ്റമിൻ ബി 12 കുറയുന്നതിന്‍റെ ലക്ഷണമാകാം.
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ഡിഎൻഎയുടെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിൻ ബി 12 ആവശ്യമാണ്. ഇത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നമ്മുടെ ശരീരത്തിലെത്തുന്നത്. വൈറ്റമിൻ ബി 12 കുറയുന്നത് പല പ്രയാസങ്ങളിലേക്കും നമ്മെ നയിക്കാം. അവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
തളര്‍ച്ച...
വൈറ്റമിൻ ബി 12 കുറയുന്നതോടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനവും കുറയുമെന്ന് പറഞ്ഞുവല്ലോ. ഇത് ശരീരത്തില്‍ ഓക്സിജൻ എല്ലായിടത്തും കൃത്യമായി എത്തുന്നത് ഇല്ലാതാക്കുന്നു. ഇതോടെയാണ് ക്ഷീണം നേരിടുന്നത്.
തലച്ചോറിന്‍റെ പ്രവര്‍ത്തനം...
നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമായതിനാല്‍ തന്നെ വൈറ്റമിൻ ബി 12 കുറയുമ്പോള്‍ അത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ അവ്യക്തത എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ - അതിനൊപ്പം ഗുരുതരമായ കേസുകളിലാണെങ്കില്‍ മൂഡ് പ്രശ്നങ്ങള്‍, വിഷാദം, അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നേരിടാം. ഇതെല്ലാം നിത്യജീവിതം പ്രയാസകരമാക്കിത്തീര്‍ക്കും.
മരവിപ്പ്...
കൈകാലുകളില്‍ മരവിപ്പ്, വിറയല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതും വൈറ്റമിൻ ബി 12 കുറയുന്നതിന്‍റെ ഒരു ലക്ഷണമാകാം. വൈറ്റമിൻ ബി 12 കുറയുന്നത് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോടെയാണ് ഈ പ്രശ്നമുണ്ടാകുന്നത്.
കാഴ്ച മങ്ങല്‍...
വൈറ്റമിൻ ബി 12 വല്ലാതെ കുറയുമ്പോള്‍ അത് നാഡികളെ ബാധിക്കുന്ന കൂട്ടത്തില്‍ കണ്ണുകളിലെ നാഡികളും ബാധിക്കപ്പെടുന്നതോടെ കാഴ്ച മങ്ങുന്ന പ്രശ്നം നേരിടാം. അതുപോലെ നിറങ്ങള്‍ തിരിച്ചറിയാൻ സാധിക്കാത്ത പ്രശ്നവും നേരിടാം.
വായ്‍പുണ്ണ്...
വൈറ്റമിൻ ബി 12 കുറയുന്നതിന്‍റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ് വായ്പുണ്ണ്. പ്രധാനമായും നാവിലാണ് ഇതിന്‍റെ ഭാഗമായി പുണ്ണ് വരിക. ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം ഇതുമൂലം പ്രയാസം നേരിടാം.
നടക്കുമ്പോള്‍ ബാലൻസ് പ്രശ്നം...
നടക്കുമ്പോള്‍ ബാലൻസ് തെറ്റുന്ന പ്രശ്നം പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നതാണ്. വൈറ്റമിൻ ബി 12 കുറവ് ഇതിലൊന്നാണ്. നാഡീവ്യവസ്ഥ ബാധിക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
Also Read:- രാത്രിയില്‍ ശരിക്ക് ഉറങ്ങിയില്ലെങ്കില്‍ ബിപി ഉയരുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-