എല്ലുകളും പേശികളും 'സ്ട്രോംഗ്' ആക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി...
എല്ലുകളും പേശികളും ദുര്‍ബലമാകാതിരിക്കാനും അവയെ 'സ്ട്രോംഗ്' ആയി സൂക്ഷിക്കാനും, മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ ഒഴിവാക്കാനുമെല്ലാം ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
എല്ലുകളും പേശികളും ദുര്‍ബലമാകുന്നതിന് പിന്നില്‍ പലവിധത്തലുള്ള കാരണങ്ങളും വരാം. നമ്മുടെ ശരീരത്തില്‍ അവശ്യം എത്തേണ്ടുന്ന പോഷകങ്ങള്‍ എത്താതിരിക്കുന്നത് തൊട്ട് പ്രതികൂല കാലാവസ്ഥ വരെ ഇതില്‍ എതിരാളിയായി വരാം.
ഇത്തരത്തില്‍ മഞ്ഞുകാലത്ത്- കാലാവസ്ഥ എല്ലിന്‍റെയും പേശികളുടെയുമെല്ലാം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് ശരീരവേദന കലശലാക്കുകയും ചെയ്യാം. താപനില കുറയുമ്പോള്‍ പേശികള്‍ ഇറുകുകയും സന്ധികള്‍ ഉറച്ചിരിക്കുകയും എല്ലാം ചെയ്യുകയാണ്.
എന്തായാലും എല്ലുകളും പേശികളും ദുര്‍ബലമാകാതിരിക്കാനും അവയെ 'സ്ട്രോംഗ്' ആയി സൂക്ഷിക്കാനും, മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ ഒഴിവാക്കാനുമെല്ലാം ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
പോഷകങ്ങള്‍ വിട്ടുപോകേണ്ട...
നേരത്തേ സൂചിപ്പിച്ചത് പോലെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ വേണം പ്രധാനമായും നാം കണ്ടെത്താൻ. അതിനാല്‍ ഈ പോഷകങ്ങള്‍ വിട്ടുപോകാതിരിക്കാൻ കരുതല്‍ വേണം.
കാത്സ്യമാണ് ഏറ്റവുമധികം ഉറപ്പുവരുത്തേണ്ട ഘടകം. ഇതിനൊപ്പം തന്നെ വൈറ്റമിൻ ഡിയും ഉറപ്പുവരുത്തണം. വൈറ്റമിൻ ഡി പക്ഷേ കാര്യമായും നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. അതിനാല്‍ ദിവസവും അരമണിക്കൂര്‍ നേരമെങ്കിലും നേരിട്ട് സൂര്യപ്രകാശമേല്‍ക്കാൻ ശ്രദ്ധിക്കുക. വൈറ്റമിൻ ഡി ഇല്ലാതെ കാത്സ്യം ലഭിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ഇതില്‍ കുറവുണ്ടെങ്കില്‍ സപ്ലിമെന്‍റ്സ് എടുക്കല്‍ നിര്‍ബന്ധമാണ്.
കാത്സ്യം അടങ്ങിയ പാല്‍, പാലുത്പന്നങ്ങള്‍, ഇലക്കറികള്‍, മത്തി- സാല്‍മണ്‍ മത്സ്യങ്ങള്‍ എല്ലാം നല്ലതുപോലെ കഴിക്കുക. കാത്സ്യത്തിനൊപ്പം മഗ്നീഷ്യം, വൈറ്റമിൻ-കെ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം ഭക്ഷണത്തിനൊപ്പം ഉറപ്പുവരുത്തുക. ധാരാളം പഴങ്ങളും പച്ചക്കറികളും (സീസണലായി ലഭിക്കുന്നത്) ഡയറ്റിലുള്‍പ്പെടുത്താൻ എപ്പോഴും ശ്രദ്ധിക്കുക.
'ആക്ടീവ്' ആകാം...
കായികാധ്വാനമോ വ്യായാമമോ ഇല്ലാതെ അലസമായി ഇരിക്കുന്നതും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ ദിവസവും 30 മിനുറ്റ് നേരമെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക.
പ്രത്യേകിച്ച് നടത്തം, ഓട്ടം, നൃത്തം പോലുള്ള വ്യായാമങ്ങളാണ് നല്ലത്. ഇതില്‍ നൃത്തം വ്യായാമമല്ല- എന്നാല്‍കൂടിയും ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ നൃത്തത്തെ വ്യായാമം ആയി കണക്കാക്കാം. കായികവിനോദങ്ങളിലേര്‍പ്പെടുന്നതും നല്ലതാണ്.
ചൂട് വേണം...
തണുപ്പുകാലത്ത്- അന്തരീക്ഷം തണുക്കുമ്പോള്‍ നാം തീര്‍ച്ചയായും ചൂട് പകര്‍ന്നുകിട്ടുന്ന അന്തരീക്ഷത്തിലായിരിക്കണം കൂടുതല്‍ സമയം ചിലവിടേണ്ടത്. കാരണം തണുപ്പ് ഏറെ ഏല്‍ക്കുന്നത് നേരത്തേ സൂചിപ്പിച്ചത് പോലെ എല്ലിനും പേശികള്‍ക്കുമെല്ലാം ദോഷമാണ്. വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കാം, ചൂടുവെള്ളം കുടിക്കാം, ഹെര്‍ബല്‍ ചായകള്‍ കഴിക്കാം, ചൂടുള്ള ഭക്ഷണം, റൂം ഹീറ്ററിന്‍റെ ഉപയോഗം എല്ലാം ഇത്തരത്തില്‍ നമ്മെ സഹായിക്കും.
ശ്രദ്ധയാകാം...
ആരോഗ്യകാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധ വേണം. അസാാരണമാംവിധത്തില്‍ വേദനകളോ അസ്വസ്ഥതകളോ തോന്നിയാല്‍ അപ്പോള്‍ തന്നെ അത് നിരീക്ഷിക്കുക. ഇത്തരം പ്രയാസങ്ങള്‍ പതിവാകുന്നപക്ഷം ആശുപത്രിയിലെത്തി വേണ്ട പരിശോധന നടത്തി ചികിത്സ ആവശ്യമെങ്കില്‍ അത് തേടുക. ആരോഗ്യപ്രശ്നങ്ങള്‍ വച്ചുകൊണ്ടിരിക്കുന്നത് എപ്പോഴും പിന്നീട് സങ്കീര്‍ണതകള്‍ തീര്‍ക്കും.
Also Read:- ഡ്രൈ സ്കിൻ, കൂടെ ചൊറിച്ചിലും; വീട്ടില്‍ ചെയ്യാവുന്ന പരിഹാരങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-