വാക്‌സിന്‍ എടുത്തതിന് ശേഷവും കൊവിഡ് 19; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

നിലവില്‍ വാക്‌സിന്‍ എടുക്കുക എന്നത് തന്നെയാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. വലിയൊരു പരിധി വരെ രോഗത്തെ ചെറുക്കാനും, രോഗം ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനുമെല്ലാം വാക്‌സിന്‍ സഹായിക്കും. എന്നാല്‍ വാക്‌സിന് ശേഷവും കൊവിഡ് പിടിപെടാം. അക്കാര്യം മറച്ചുവയ്‌ക്കേണ്ടതിന്റെ ആവശ്യകതയുമില്ല

things to care after covid vaccination

കൊവിഡ് 19 മഹാമാരിയുടെ അതിശക്തമായ രണ്ടാം തരംഗം രാജ്യത്ത് കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയരുന്നുണ്ട്. കൂടുതല്‍ പേരെ വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് ഇനിയും രൂക്ഷമായ പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം. 

എന്നാല്‍ വാക്‌സിന്‍ എടുത്ത ശേഷവും ആളുകളില്‍ കൊവിഡ് 19 പിടിപെടുന്നില്ലേ? അങ്ങനെയെങ്കില്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ ഫലം എന്താണെന്ന് തന്നെ ചിന്തിക്കുന്നവരുണ്ട്. 

നിലവില്‍ വാക്‌സിന്‍ എടുക്കുക എന്നത് തന്നെയാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. വലിയൊരു പരിധി വരെ രോഗത്തെ ചെറുക്കാനും, രോഗം ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനുമെല്ലാം വാക്‌സിന്‍ സഹായിക്കും. എന്നാല്‍ വാക്‌സിന് ശേഷവും കൊവിഡ് പിടിപെടാം. അക്കാര്യം മറച്ചുവയ്‌ക്കേണ്ടതിന്റെ ആവശ്യകതയുമില്ല. 

അത് പക്ഷേ, വാക്‌സിന്റെ പോരായ്മയല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. എന്ന് മാത്രമല്ല, വാക്‌സിനെടുത്തവരില്‍ തന്നെ ഒരു വിഭാഗത്തിന് മാത്രമേ വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയും ഉള്ളൂ. പ്രധാനമായും വൈറസുകളിലുണ്ടാകുന്ന ജനിതകവ്യതിയാനങ്ങളാണ് വാക്‌സിനെടുത്തവരിലും രോഗം പിടിപെടാന്‍ കാരണമാകുന്നത്. 

 

things to care after covid vaccination

 

തുടര്‍ച്ചയായി വൈറസില്‍ സംഭവിക്കുന്ന ഈ മാറ്റങ്ങളാണ് നിലവില്‍ വലിയ ഭീഷണിയാകുന്നത്. രണ്ടാം തരംഗത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. മൂന്നാം തരംഗഭീഷണി നിലനില്‍ക്കുന്നതും ഇതേ ആശങ്കയിലൂന്നിയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിനെടുത്തവരും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമുണ്ട്. അവയാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും കൊവിഡ് പ്രതിരോധത്തിനായി നമ്മള്‍ അവലംബിക്കുന്നത്. വാക്‌സനെടുത്ത ശേഷവും ഇക്കാര്യങ്ങള്‍ കൃത്യമായി പിന്തുടരുക. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് വാക്‌സിന്റെ കഴിവിനെ തുളച്ചും അകത്തെത്താന്‍ സാധിച്ചേക്കാം. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ തന്നെ ഒഴിവാക്കുക. 

പരമാവധി ഡബിള്‍ മാസ്‌കിംഗ് രീതി തന്നെ തെരഞ്ഞെടുക്കുക. അതായത് രണ്ട് മാസ്‌കുകള്‍ ഒരേസമയം ഉപയോഗിക്കുന്ന രീതി. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന തുണി കൊണ്ടുള്ള മാസ്‌കിന് പുറത്തായി ഒരു സര്‍ജിക്കല്‍ മാസ്‌ക് കൂടി അണിയുന്നതാണ് ഡബിള്‍ മാസ്‌കിംഗ് രീതി. ഇടവിട്ട് സോപ്പുപയോഗിച്ച് കൈകള്‍ കഴുകുന്ന ശീലവും മുടക്കമില്ലാതെ തുടരുക.

രണ്ട്...

വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നവരില്‍ വലിയൊരു വിഭാഗം പേരും രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നവരാകാം. ആകെ ആരോഗ്യം ദുര്‍ബലമായിരിക്കുന്നവര്‍, മറ്റെന്തെങ്കിലും അസുഖങ്ങള്‍ ബാധിച്ചവര്‍ (ഉദാ: ക്യാന്‍സര്‍) എന്നിവരിലെല്ലാം പ്രതിരോധശക്തി കുറവായിരിക്കും. ഇത്തരക്കാര്‍ ആണെങ്കില്‍ വാക്‌സിനെടുത്ത ശേഷവും രോഗം വരാന്‍ സാധ്യതകളേറെയാണ്. അതിനാല്‍ ഇവര്‍ കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാകൂ.

 

things to care after covid vaccination

 

പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും മറ്റ് അസുഖങ്ങള്‍ മൂലം പ്രതിരോധശക്തി ദുര്‍ബലമായവരിലുമെല്ലാം പ്രത്യേകമായി അധിക ഡോസ് വാക്‌സിന്‍ നല്‍കുന്നതിനെ കുറിച്ച് പഠനങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ എല്ലാവര്‍ക്കും ഒരേ രീതിയിലാണ് വാക്‌സിന്‍ നല്‍കിവരുന്നത്. 

മൂന്ന്...

വാക്‌സിന്‍ എടുത്തു എന്ന ആത്മവിശ്വാസത്തില്‍ ആള്‍ക്കൂട്ടങ്ങളില്‍ കാര്യമായി പങ്കെടുക്കുന്ന പ്രവണതയുണ്ട്. എന്നാല്‍ ഈ രിതി ഒട്ടും സുരക്ഷിതമല്ലെന്ന് തിരിച്ചറിയുക. വാക്‌സിനെടുത്താലും ആദ്യം സൂചിപ്പിച്ചത് പോലെ വീണ്ടും രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ അതിന് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങളാണ് ഒരുക്കുക. 

സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ കൂടുകയാണെങ്കില്‍ തന്നെ, അത് ചെറുതും തമ്മില്‍ അറിയാവുന്നവരുടെതുമായ കൂട്ടം ആണെന്ന് ഉറപ്പുവരുത്തുക വാക്‌സിന്‍ എടുത്തവര്‍ മാത്രം കൂടുകയാണെങ്കില്‍ അത് അത്രയും നല്ലത്. അതുപോലെ അകത്ത് കൂടുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് തുറസായ സ്ഥലങ്ങളില്‍ കൂടുന്നതാണ്. 

നാല്...

യാത്രകള്‍ പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് വാക്‌സിനേഷന് ശേഷവും നല്ലത്. പ്രത്യേകിച്ച് പുറംരാജ്യങ്ങളിലേക്കുള്ള യാത്രകള്‍. നമ്മുടെ നാട്ടില്‍ തന്നെ വ്യാപകമായിരുന്ന പല വൈറസ് വകഭേദങ്ങളും പുറംനാടുകളില്‍ വ്യാപകമാകുന്നത് ഇപ്പോഴായിരിക്കും. വീണ്ടും അവിടങ്ങളിലേക്ക് പോകുന്നത് രോഗസാധ്യത കൂട്ടാം. 

 

things to care after covid vaccination

 

രാജ്യത്തിനകത്തുള്ള യാത്രയും പരിമിതപ്പെടുത്തുന്നത് തന്നെയാണ് നല്ലത്. അത്രയും സുരക്ഷിതമാണെന്ന് ഉറപ്പ് തോന്നുന്ന അവസരങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക. 

അഞ്ച്...

നേരത്തേ ആകെ ആരോഗ്യാവസ്ഥയുടെ കാര്യം സൂചിപ്പിച്ചത് പോലെ തന്നെ പ്രായവും ലിംഗവ്യത്യാസവും വാക്‌സിന് ശേഷം കൊവിഡ് പിടിപെടുന്ന കാര്യത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്. നമുക്കറിയാം പ്രായമായവരിലും സ്ത്രീകളിലുമെല്ലാം പൊതുവില്‍ പ്രതിരോധശക്തി കുറഞ്ഞിരിക്കാം. അതിനാല്‍ ഈ വിഭാഗങ്ങളെല്ലാം തന്നെ വാക്‌സനേഷന് ശേഷവും കാര്യമായ ജാഗ്രതയോടെ തന്നെ മുന്നോട്ട് പോവുക.

Also Read:- ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ ആശങ്കയില്ല; ലോകാരോഗ്യ സംഘടന

Latest Videos
Follow Us:
Download App:
  • android
  • ios