ഇവ കഴിച്ചോളൂ, രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാം
വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013 ൽ ദ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ നിയന്ത്രിക്കാവുന്ന ഒരു രോഗാവസ്ഥയാണ് ടെെപ്പ് 2 പ്രമേഹം. ശരീരഭാരം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, പോഷകാഹാരം കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഭക്ഷണം കഴിക്കുക, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക എന്നിവ രക്തത്തിലെ പഞ്ചസാര ക്രമപ്പെടുത്തുന്നതിനും ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ശരീരഭാരം കുറയ്ക്കാനും ഡയറ്റിൽ ഉൾപ്പെടുത്താം 5 ഭക്ഷണങ്ങൾ...
ഒന്ന്...
പ്രോട്ടീൻ സമ്പുഷ്ടമായ നട്സുകളും വിത്തുകളും ടൈപ്പ് 2 പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിലും ഇവ ഉൾപ്പെടുത്താം. നാരുകൾ, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്, പിസ്ത, ഫ്ളാക്സ് സീഡുകൾ എന്നിവ. ഇവ കൊളസ്ട്രോൾ കുറയ്ക്കുന്നതിനാൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൽഫ-ലിനോലെനിക് ആസിഡും വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്.
വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013 ൽ ദ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
രണ്ട്...
ടെെപ്പ് 2 പ്രമേഹത്തെ തടയാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഇലക്കറികൾ. ചീര, ബ്രൊക്കോളി എന്നിവയിൽ ഗുണം ചെയ്യുന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഭക്ഷണത്തിൽ കൂടുതൽ പച്ച നിറത്തിലുള്ള ഇലക്കറികൾ ഉൾപ്പെടുത്തിയ ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് ലെസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം കണ്ടെത്തി. ദിവസവും ഒന്നര സെർവിംഗ് പച്ച ഇലക്കറികൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 14% കുറയ്ക്കുമെന്ന് പഠനം വെളിപ്പെടുത്തി.
മൂന്ന്...
നാരുകളാൽ സമ്പുഷ്ടമായ ധാന്യങ്ങളിൽ ആന്റി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുണ്ടെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ധാന്യങ്ങളാണ് ബാർലി, പയർ, തിന, റാഗി എന്നിവ. നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളും ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നാല്...
ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് സിട്രസ് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഒരിക്കലും പഴങ്ങൽ ജ്യൂസായി കഴിക്കരുത്. ജ്യൂസ് കുടിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.
അഞ്ച്...
അന്നജം ഇല്ലാത്ത പച്ചക്കറികൾ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ബ്രോക്കോളി, വഴുതന, വെള്ളരി, കാരറ്റ്, കോളിഫ്ലവർ, സെലറി, കൂൺ, തക്കാളി എന്നിവ അന്നജം ഇല്ലാത്ത പച്ചക്കറികളാണ്. അവയിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. കൂടാതെ ജിഐ 55ൽ താഴെയുമാണ്.
Read more വായിലെ ക്യാൻസർ ; ആറ് ലക്ഷണങ്ങൾ അവഗണിക്കരുത്
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.