'ചികിത്സാ സൗകര്യങ്ങൾ കൂടി, പക്ഷെ രോഗികളും കൂടി, ജീവിത ശൈലീ രോഗങ്ങൾ തടയാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക !'
ചികിത്സാ സൗകര്യങ്ങൾ കൂടി, പക്ഷെ രോഗികളും കൂടി, ജീവിത ശൈലീ രോഗങ്ങൾ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, നിർദേശങ്ങളുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഐക്യരാഷ്ട്ര സഭ 2023നെ ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് മില്ലറ്റ്‌സായി പ്രഖ്യാപിച്ചിരുക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം വളരെ മുമ്പിലാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ ഏറെ വെല്ലുവിളിയാണ്.
ഇതിനുള്ള ചെറുത്ത് നില്‍പ്പാണ് ചെറുധാന്യങ്ങള്‍. ചെറുധാന്യങ്ങള്‍ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്താന്‍ യുവതലമുറയെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം പാപ്പനംകോട് സി.എസ്.ഐ.ആര്‍.-എന്‍.ഐ.ഐ.എസ്.ടി.യില്‍ സംഘടിപ്പിച്ച എഫ്.എസ്.എസ്.എ.ഐ. ദക്ഷിണമേഖല ഈറ്റ് റൈറ്റ് മില്ലറ്റ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരുകാലത്ത് ചാമ, തിന, റാഗി, വരക്, ചോളം, കമ്പം തുടങ്ങിയ ചെറുധാന്യങ്ങള്‍ ദൈനംദിന ഭക്ഷണമായിരുന്നു. എന്നാല്‍ കാലാനുസൃതമായി ഭക്ഷണത്തിനും മാറ്റം വന്നു. കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും ഇത് അപരിചിതമായിരുന്നു. യുവതലമുറയെ ഇത് പരിചയപ്പെടുത്താനും ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസിലാക്കാനുമായി സംസ്ഥാനത്ത് പാചക മേള സംഘടിപ്പിക്കും.
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് എഫ്.എസ്.എസ്.എ.ഐയും കേരളവും ഒട്ടേറെ പരാപാടികള്‍ ആവിഷ്‌ക്കരിച്ച് നടത്തിയിരുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മുഴുവന്‍ ജില്ലകളിലും മില്ലറ്റ് മേളകളും സംഘടിപ്പിച്ചു. രാജ്യത്ത് തന്നെ ഇത്രയും മേളകള്‍ സംഘടിപ്പിച്ച ഏക സംസ്ഥാനമാണ് കേരളം. ഇതിന് എഫ്.എസ്.എസ്.എ.ഐ.യുടെ പ്രശംസയും സംസ്ഥാനത്തിന് ലഭിക്കുകയുണ്ടായി. രാജ്യത്താകമാനം നടത്തിയ ഈറ്റ് റൈറ്റ് ഫേസ് ത്രീ ചലഞ്ചില്‍ കൊല്ലം ജില്ല ഒന്നാമതായി തുടരുകയാണ്. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി കേരളത്തില്‍ ചെറു ധാന്യങ്ങളുടെ സ്വീകാര്യത വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
Read more: വെറുംവയറ്റില്‍ ചെറുചൂടുള്ള മഞ്ഞള്‍ വെള്ളം കുടിച്ചാല്‍...
കേരളത്തില്‍ ചികിത്സാ സൗകര്യങ്ങളും പുതിയ ആശുപത്രികളും ഐസിയുകളും വളരെയധികം കൂടിയെങ്കിലും രോഗികളുടെ എണ്ണം കൂടുകയാണ് ചെയ്തിട്ടുള്ളത്. ചികിത്സയേക്കാള്‍ പ്രധാനമാണ് രോഗം വരാതെ നോക്കുന്നത് എന്നാണ് ഇത് നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. ഇപ്പോള്‍ ഇടപെടേണ്ട സമയമാണെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഫ്.എസ്.എസ്.എ.ഐ. കൊച്ചി ജോ. ഡയറക്ടര്‍ ഡോ. ശീതള്‍ ഗുപ്ത, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍. ധന്യ, സി.എസ്.ഐ.ആര്‍.-എന്‍.ഐ.ഐ.എസ്.ടി. ഡോ. സി. അനന്ദരാമകൃഷ്ണന്‍, വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. റോയ് സ്റ്റീഫന്‍, വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ, മില്ലറ്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ലാല്‍ എന്നിവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം