തൈറോയ്‌ഡിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ഏഴ് ലക്ഷണങ്ങള്‍...
തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം) പ്രധാന രോഗങ്ങള്‍. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്.
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം) പ്രധാന രോഗങ്ങള്‍. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. തൈറോയ്‌ഡ് രോഗങ്ങളെ നേരത്തെ കണ്ടെത്താനുളള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാകാം,
രണ്ട്...
ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാകാം. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും.
മൂന്ന്...
ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്ഡിന്‍റെ ലക്ഷണമാകാം. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും. അതിനാല്‍ ശരീരത്തിന്‍റെ ഭാരവ്യതിയാനങ്ങളും ശ്രദ്ധിക്കണം.
നാല്...
ഡിപ്രഷന്‍ അലെങ്കില്‍ വിഷാദം ഇന്ന് പലര്‍ക്കുമുള്ള ആരോഗ്യ പ്രശ്നമാണ്. ഇതിന്‍റെ പിന്നിലും ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്‍റിഡിപ്രസീവുകള്‍ കൊണ്ട് പ്രയോജനമുണ്ടാകില്ല.
അഞ്ച്...
ഹൈപ്പോതൈറോയിഡിസമുള്ളവരിൽ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതയ്ക്ക് കാരണമാകാം.
ആറ്...
ചിലരില്‍ കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്‍റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും.
ഏഴ്...
ദീര്‍ഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന (ഇ.ബി.എസ്) എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്ഡിന്റെ ക്രമം തെറ്റിയ സാന്നിദ്ധ്യമാകാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ തൈറോയ്ഡ് പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.