30 വയസ് പിന്നിട്ട സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍...
സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്.
സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിന്‍റെ ലക്ഷണങ്ങളാവാം.
സ്തനങ്ങളിൽ മുഴ, വലുപ്പം വ്യത്യാസപ്പെടുക, ആകൃതിയിൽ മാറ്റം വരുക, സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പ് നിറം വരുക, മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ ചെറിയ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
ഒരു പരിധി വരെ സ്തനാര്‍ബുദ സൂചനകള്‍ സ്വയം കണ്ടെത്താവുന്നതേയുള്ളൂ. കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. ആദ്യം ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക. മാറിടത്തിന്‍റെ ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്. ഒപ്പം തന്നെ സ്തനങ്ങളില്‍ പാടുകള്‍, മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കുക. സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്.
എന്നാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം കണക്കാക്കേണ്ടതില്ല. ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ആണ് ചെയ്യേണ്ടത്.
അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി പറയുന്നത് മുപ്പതുകളില്‍ എത്തിയാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എല്ലാ സ്ത്രീകളും മാമോഗ്രാം പരിശോധന നടത്തണം എന്നാണ്. സ്തനാർബുദം മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധന ആണിത്.
Also Read: ഏറെ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...