Men's Health : 'സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയില്ല...'

പലപ്പോഴും 'എനിക്ക് വയ്യ' എന്ന് സ്ത്രീകള്‍ പറയുന്നതാണ് നാം കേള്‍ക്കാറ്. എന്നാല്‍ പുരുഷന്മാരില്‍ മിക്കവരും ഇത് പറയുന്നില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അത് ഏത് തരത്തിലുള്ളത് ആയാലും സ്ത്രീകളെ പോലെ പുരുഷന്മാര്‍ തുറന്നുപറയാറില്ല. 

survey report says that men are less open about health issues than women

സ്ത്രീക്കും പുരുഷനും ( Men and Women ) ജീവശാസ്ത്രപരമായുള്ള വ്യത്യാസങ്ങളോട് അനുബന്ധമായും അല്ലാതെയും വേറെയും ധാരാളം വ്യത്യാസങ്ങള്‍ കാണാറുണ്ട്. വൈകാരികത, സാമൂഹികത തുടങ്ങിയ കാര്യങ്ങളിലെല്ലാം പുരുഷന്‍ സ്ത്രീയില്‍ നിന്ന് വിഭിന്നമായി നില്‍ക്കാറുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ പുരുഷന്‍ തുറന്നുപറയാന്‍ മടിക്കുന്ന ചിലത്, പങ്കുവയ്ക്കാൻ ആഗ്രഹിക്കാത്ത ചിലതും ഉണ്ട്. 

പലപ്പോഴും 'എനിക്ക് വയ്യ' എന്ന് സ്ത്രീകള്‍ പറയുന്നതാണ് നാം കേള്‍ക്കാറ്. എന്നാല്‍ പുരുഷന്മാരില്‍ മിക്കവരും ഇത് പറയുന്നില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അത് ഏത് തരത്തിലുള്ളത് ആയാലും സ്ത്രീകളെ പോലെ പുരുഷന്മാര്‍ ( Men's Health )  തുറന്നുപറയാറില്ല. 

ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നൊരു സര്‍വേ റിപ്പോര്‍ട്ട് കൂടി നമുക്ക് പരിശോധിക്കാം. യുഎസിലെ ഒരു അക്കാഡമിക് മെഡിക്കല്‍ സെന്‍ററായ ക്ലെവ്ലാന്‍ഡ് ക്ലിനിക് 2019ല്‍ നടത്തിയ സര്‍വേ ആണിത്. യുഎസിലെ സാഹചര്യങ്ങളെ മുൻനിര്‍ത്തിയുള്ള കണ്ടെത്തലുകളാണ് ഇതിലുള്ളതെങ്കിലും ലോകമെമ്പാടുമുള്ള പുരുഷന്മാര്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഇതിനെ കണക്കാക്കാവുന്നതാണ്.

70 ശതമാനത്തിലധികം പുരുഷന്മാരും വീട്ടുജോലി ചെയ്യാന്‍ തയ്യാറായാല്‍ പോലും ഡോക്ടറെ കാണാന്‍ തയ്യാറാകില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ( Men and Women )  എന്തുകൊണ്ടാണ് ആയുര്‍ദൈര്‍ഘ്യം കുറയുന്നത് എന്നതിന്‍റെ ഉത്തരം കൂടിയാവുകയാണ് ഈ സര്‍വേ ഫലം.

'പുരുഷന്മാര്‍ പല കാര്യങ്ങളിലും വളരെയധികം പരുക്കന്മാരായി കാണപ്പെടാം. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിലും അങ്ങനെ തന്നെ...'- ക്ലെവ്ലാന്‍ഡ് ക്ലിനിക്കില്‍ നിന്നുള്ള ഡോ. എറിക് ക്ലെയിന്‍ പറയുന്നു. 

'പതിവായി ചെയ്യേണ്ട മെഡിക്കല്‍ ചെക്കപ്പുകളിലൊന്നും പുരുഷന്മാരെ അങ്ങനെ കാണാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ചെറുപ്പക്കാരെ. ഇതൊക്കെ അനാവശ്യമാണ് എന്ന ചിന്തയാണ് പലര്‍ക്കും. എന്നാല്‍ തനിക്കുള്ളൊരു പ്രശ്നം തിരിച്ചറിയാനും അത് തിരുത്താനുമുള്ള സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തുന്നത് എന്ന ബോധം വരുന്നില്ല...'- യുഎസില്‍ നിന്ന് തന്നെയുള്ള ഡോ. വില്‍ ക്ലെയിന്‍ പറയുന്നു.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹൃദ്രോഗം, ക്യാന്‍സര്‍, കൊവിഡ് 19, മറ്റ് പരുക്കുകള്‍ എന്നിവ മൂലം യുഎസില്‍ മരണപ്പെടുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് കൂടിക്കൊണ്ടേ ഇരിക്കുകയാണെന്ന് 'സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍' ചൂണ്ടിക്കാട്ടുന്നു. മിക്കപ്പോഴും പുരുഷന്മാരില്‍ ഇത്തരത്തില്‍ മരണനിരക്ക് കൂടാന്‍ കാരണമാകുന്നത് സമയത്തിന് രോഗനിര്‍ണയം, ചികിത്സ എന്നിവ നടക്കാത്തത് മൂലം ( Men's Health ) തന്നെയാണ്. 

ക്ലെവ്ലാന്‍ഡ് സര്‍വേ പ്രകാരം ഡോക്ടറുടെ അടുക്കലെത്തുന്ന പുരുഷന്മാരില്‍ തന്നെ 20 ശതമാനം പേരും ഡോക്ടറോടുള്ള സംഭാഷണത്തില്‍ സത്യസന്ധത പുലര്‍ത്തുന്നില്ല. നാണക്കേട്, തന്നെ മനസിലാക്കുമോ/ വിധിക്കുമോ എന്ന ഭയം, മടി, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിക്കുമോ എന്ന ആശങ്ക എന്നിവയെല്ലാം പുരുഷന്മാരെ ഡോക്ടറുമായുള്ള സത്യസന്ധമായ സംഭാഷണത്തില്‍ നിന്ന് പിന്‍വലിക്കുന്നു. 

ചിലര്‍, വൈദ്യസഹായം തേടുന്നത് തന്‍റെ കഴിവിനും വ്യക്തിത്വത്തിനും അപമാനമായും കരുതുന്നു. താന്‍ ദൗര്‍ബല്യങ്ങളുള്ള ആളാണെന്ന് താന്‍ തന്നെ സ്വയം പ്രഖ്യാപിക്കുകയാണോ എന്ന പ്രശ്നവും ഇവരെ അലട്ടുന്നു. പൗരുഷത്തെ കുറിച്ചുള്ള അബദ്ധധാരണകളും അത് പുരുഷനില്‍ ഏല്‍പിക്കുന്ന സമ്മര്‍ദ്ദങ്ങളും പുരുഷനെ ഈ രീതിയില്‍ വളരെയധികം അപകടപ്പെടുത്താമെന്ന് ഡോ. വില്‍ ക്ലെയിന്‍ പറയുന്നു. 

ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസിക പ്രശ്നങ്ങളുടെ കാര്യത്തിലും പുരുഷന്മാര്‍ സമാനമായ പ്രതിസന്ധി നേരിടുന്നതായും സര്‍വേ പറയുന്നു. വിഷാദരോഗം, സ്കീസോഫ്രീനിയ പോലുള്ള രോഗങ്ങളുള്ള പുരുഷന്മാര്‍ ചികിത്സ തേടുന്നത് വളരെ കുറവാണത്രേ. 'അമേരിക്കന്‍ സൊസൈറ്റി ഓഫ് സ്യൂയിസൈഡ് പ്രിവന്‍ഷന്‍' കാണിക്കുന്ന 2020ലെ കണക്ക് പ്രകാരം സ്ത്രീകളെക്കാള്‍ 3.88 ശതമാനം ആത്മഹത്യാസാധ്യത കൂടുതലുള്ളത് പുരുഷന്മാരിലാണ്. ഇക്കാര്യവും ഇതോടുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. 

മാനസികമോ ശാരീരികമോ ആയ പ്രയാസങ്ങളുടെ പേരില്‍ സഹായം ചോദിക്കാനുള്ള മടി പുരുഷനെ ഇത്തരത്തില്‍ വലിയ രീതിയില്‍ ബാധിക്കുന്നതായി കാണാം. പുരുഷന്മാരുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ എടുക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മ്മിപ്പിക്കാനും ഈ വിഷയത്തില്‍ ബോധവത്കരണങ്ങള്‍ നടത്താനും 'മെന്‍സ് ഹെല്‍ത്ത് മന്ത്' ആയി ജൂണ്‍ മാസം ആചരിക്കാറുണ്ട്. 1994 മുതല്‍ ജൂണ്‍ 13-19 'മെന്‍സ് ഹെല്‍ത്ത് വീക്ക്' ആയും ആചരിക്കുന്നു. ഈ സമയത്ത് ഇക്കാര്യങ്ങള്‍ കുറെക്കൂടി വ്യക്തതയോടെ ആളുകളില്‍ എത്തുകയും അവര്‍ സ്വയം തന്നെ തിരുത്തി മുന്നേറുകയും ചെയ്യട്ടെ.

Also Read:- ഉറക്കമില്ലായ്മയും സ്ട്രെസും മറ്റ് ചില ശീലങ്ങളും; മുപ്പതുകളിലുള്ള പുരുഷന്മാര്‍ ശ്രദ്ധിക്കുക

Latest Videos
Follow Us:
Download App:
  • android
  • ios