കൊവിഡ് 19; 'ഡെല്‍റ്റ' വകഭേദത്തിനെതിരെ ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സിനുകള്‍ ഫലപ്രദമെന്ന് പഠനം
ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സിനുകള്‍ സ്വീകരിച്ച വ്യക്തികളിലെ രക്തത്തിലടങ്ങിയിരിക്കുന്ന ആന്റിബോഡികളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. പരിപൂര്‍ണ്ണമായ ഉറപ്പ് നല്‍കാനാവില്ലെങ്കില്‍ കൂടി നിലവിലുള്ള ആശങ്കകള്‍ക്ക് വലിയ ആശ്വാസമാവുകയാണ് പഠനം
കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി വൈറസിന് സംഭവിച്ച ജനിതകവ്യതിയാനങ്ങള്‍ വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനും മരണനിരക്ക് ഉയരുന്നതിനും ആരോഗ്യമേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനും കാരണമായിട്ടുണ്ട്.
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ 'ഡെല്‍റ്റ'യാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചത്. രാജ്യത്ത് അതിശക്തമായ രണ്ടാം തരംഗത്തിന് മൂലകാരണമായത് പോലും രോഗവ്യാപനം അതിവേഗത്തിലാക്കുന്ന 'ഡെല്‍റ്റ'യാണെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ മാത്രമല്ല യുഎസ്, യുകെ പോലുള്ള രാജ്യങ്ങളില്‍ പോലും 'ഡെല്‍റ്റ' വകഭേദം വലിയ തോതിലുള്ള ആശങ്ക പടര്‍ത്തുന്നത് നാം കണ്ടു.
ഇതിനിടെ നിലവില്‍ ലഭ്യമായ കൊവിഡ് വാക്‌സിനുകള്‍ക്ക് 'ഡെല്‍റ്റ'യെ ഫലപ്രദമായി തടയാനാകില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഒന്നിലധികം തവണ ജനിതകവ്യതിയാനം സംഭവിച്ച വൈറസ് നിലനില്‍ക്കാന്‍ കുറെക്കൂടി പാകപ്പെടുകയാണെന്നും വാക്‌സിന് ഇതിനെ ചെറുത്തുനില്‍ക്കാന്‍ കഴിയണമെന്നില്ലെന്നുമായിരുന്നു പഠനങ്ങള്‍ നല്‍കിയ സൂചന.
എന്നാലിപ്പോള്‍ ആശ്വാസകരമായ വാര്‍ത്തയാണ് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സിനുകള്‍ക്ക് 'ഡെല്‍റ്റ', 'കാപ്പ' എന്നീ വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ പഠനം വ്യക്തമാക്കുന്നത്. 'സെല്‍' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സിനുകള്‍ സ്വീകരിച്ച വ്യക്തികളിലെ രക്തത്തിലടങ്ങിയിരിക്കുന്ന ആന്റിബോഡികളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. പരിപൂര്‍ണ്ണമായ ഉറപ്പ് നല്‍കാനാവില്ലെങ്കില്‍ കൂടി നിലവിലുള്ള ആശങ്കകള്‍ക്ക് വലിയ ആശ്വാസമാവുകയാണ് പഠനം.
'നേരത്തേ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും സമാനമായ വിവരം പങ്കുവച്ചിരുന്നു. അതുതന്നെയാണ് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകരുടെ പഠനവും നല്‍കുന്ന സൂചന. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ ഫലപ്രദമാണെന്ന വിവരം പങ്കുവയ്ക്കുന്നതിലും ഏറെ സന്തോഷമുണ്ട്...'- ആസ്ട്രാസെനേക്ക പ്രതിനിധി മെനെ പാംഗലോസ് പറഞ്ഞു.
ആഗോളതലത്തില്‍ തന്നെ ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 'ഡെല്‍റ്റ' വകഭേദത്തില്‍ നിന്നാണെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. കൊവിഡ് ആദ്യതരംഗത്തില്‍ ഉണ്ടായിരുന്ന 'ആല്‍ഫ' വൈറസില്‍ നിന്ന് തീര്‍ത്തും വിരുദ്ധമായി കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുകയാണ് 'ഡെല്‍റ്റ' വകഭേദം ചെയ്യുന്നത്.
ഇനി മൂന്നാം തരംഗമെന്ന ഭീഷണിയിലേക്ക് കടക്കുമ്പോള്‍ വീണ്ടും വൈറസില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ജനിതകവ്യതിയാനത്തെ കുറിച്ചാണ് ഏറ്റവുമധികം ആശങ്കകള്‍ ഉയരുന്നത്. സമയോചിതമായി വാക്‌സിനുകളും പുതുക്കേണ്ടി വരുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വരികയും ചെയ്തിരുന്നു.
Also Read:- വീണ്ടും 'ഗ്രീന്‍ ഫംഗസ്' കേസ്; എങ്ങനെയാണിത് ബ്ലാക്ക് ഫംഗസില്‍ നിന്ന് വ്യത്യസ്തമാകുന്നത്?