Erectile Dysfunction : കൊവിഡിന് ശേഷം ഉദ്ധാരണപ്രശ്നം; പഠനം പറയുന്നത് കേള്‍ക്കൂ

2020 -21 കാലത്ത് പതിനായിരക്കണക്കിന് രോഗികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ശ്വാസകോശവുമായി ബന്ധപ്പെട്ട വിഷമതകള്‍,

study says that long covid also causes erectile dysfunction

കൊവിഡ് 19ന് ശേഷം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും രോഗികളെ അലട്ടുന്നുണ്ട്. ലോംഗ് കൊവിഡ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഒരുപക്ഷെ കൊവിഡിനോളമോ അതിനെക്കാളോ രോഗികളെ വലയ്ക്കുന്നത് ലോംഗ് കൊവിഡ് തന്നെയാണെന്ന് പറയാം. കാരണം ദീര്‍ഘനാളത്തേക്ക് പലവിധത്തിലുള്ള വിഷമതകള്‍ നീണ്ടുനില്‍ക്കുന്നു എന്നതിനാലാണിത്. 

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കൊവിഡിന് ശേഷം ലോംഗ് കൊവിഡിന്‍റെ ഭാഗമായി പരുഷന്മാരില്‍ ഉദ്ധാരണക്കുറവ് കണ്ടുവരുന്നതായാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. 'നേച്ചര്‍ മെഡിസിൻ' എന്ന പ്രസിദ്ധീകരണത്തിലാണ് യുകെയിലെ ബ്രിമിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

2020 -21 കാലത്ത് പതിനായിരക്കണക്കിന് രോഗികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ശ്വാസകോശവുമായി ബന്ധപ്പെട്ട വിഷമതകള്‍, മാനസികപ്രശ്നങ്ങള്‍ അല്ലെങ്കില്‍ തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മറ്റ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ലോംഗ് കൊവിഡ് പ്രശ്നങ്ങളെ ഈ ഗവേഷകര്‍ പട്ടികപ്പെടുത്തിയത്. 

ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, മറവി, മുടി കൊഴിച്ചില്‍, ദഹനപ്രശ്നങ്ങള്‍, ചിന്താപരമായ പ്രശ്നങ്ങള്‍, ഓര്‍മ്മക്കുറവ്, ക്ഷീണം തുടങ്ങി പല ബുദ്ധിമുട്ടുകള്‍ക്കുമൊപ്പം ഉദ്ധാരണക്കുറവ്- ലൈംഗികതയോട് താല്‍പര്യക്കുറവ് എന്നിവയും രോഗികളില്‍ ലോംഗ് കൊവിഡിന്‍റെ ഭാഗമായി വരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

കൊവിഡിന്  ശേഷം ഉറക്കമില്ലായ്മ, ആഴത്തില്‍ ഉറക്കം ലഭിക്കാത്ത സാഹചര്യം എന്നിവയും പലരും നേരിടുന്നുണ്ട്. ഇതും ക്രമേണ ലൈംഗികതയോട് താല്‍പര്യമില്ലായ്മ വര്‍ധിപ്പിക്കും. അതുപോലെ തന്നെ, തലച്ചോറുമായി ബന്ധപ്പെട്ട വിഷമതകള്‍, ഉത്കണ്ഠ, വിഷാദം പോലുള്ള ലോംഗ് കൊവിഡ് പ്രശ്നങ്ങളും ലൈംഗികതയെ ബാധിക്കാം. സ്ത്രീകള്‍- പുരുഷന്മാര്‍, ജീവിതരീതി, സംസ്കാരം, ജനിതകവ്യത്യാസങ്ങള്‍ എല്ലാം ലോംഗ് കൊവിഡിനെ സ്വാധീനിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. 

Also Read:- 'സൈക്ലിംഗ്'ഉദ്ധാരണപ്രശ്നം സൃഷ്ടിക്കുമോ? പുരുഷന്മാര്‍ അറിയേണ്ടത്...

Latest Videos
Follow Us:
Download App:
  • android
  • ios